Friday, May 3, 2024
HomeUSAമനംകവർന്ന ' സർഗ്ഗം 2023' - ദിവ്യം സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്

മനംകവർന്ന ‘ സർഗ്ഗം 2023’ – ദിവ്യം സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്

ടെക്സസിലെ ഓസ്റ്റിൻ ആസ്ഥാനമായ ‘ദിവ്യം സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സി’ന്റെ കലോത്സവമായ ‘സർഗ്ഗം 2023’ ഇക്കഴിഞ്ഞ ഒക്ടോബർ 29 ന് ജോർജ് ടൗണിലെ ഈസ്റ്റ് വ്യൂ തിയേറ്ററിൽ വച്ച് അരങ്ങേറി.

‘സർഗ്ഗം’ കലോത്സവം എല്ലാ വർഷവും സംഘടിപ്പിക്കുന്ന കലാവിരുന്നാണ്. അന്നേ ദിവസം വൈകിട്ട് 4 മണിക്ക് സരസ്വതീ വന്ദനത്തോടെ കലോത്സവത്തിന് തുടക്കം കുറിച്ചു. ‘ദിവ്യം’ സ്‌കൂളിലെ 120-ഓളം വിദ്യാർഥികൾ ഭരതനാട്യം അരങ്ങിൽ അവതരിപ്പിച്ചു.

കുട്ടികളുടെ സരസ്വതീ വന്ദനത്തോടെയായിരുന്നു തുടക്കം. തുടർന്ന്, മുതിർന്ന വിദ്യാർത്ഥികളുടെയും അരങ്ങേറ്റത്തിനായി തയ്യാറാകുന്ന വിദ്യാർത്ഥികളുടെയും നടനങ്ങൾ രംഗത്തരങ്ങേറി. ഏകദേശം രണ്ടരമണിക്കൂറിലധികം നീണ്ടുനിന്ന തുടർച്ചയായ നൃത്തപരിപാടികൾ കാണികൾക്ക് ആനന്ദമേകുന്നവയായിരുന്നു. ഏറ്റവും കൗതുകമേറിയത് ‘ദിവ്യം’ സ്‌കൂളിലെ ആഫ്രിക്കൻ-അമേരിക്കൻ വിദ്യാർത്ഥിയായ അഡെമിഗ്‌വ വിറ്റ്സ്റ്റാക്ക് ആദ്യമായി അരങ്ങത്ത് അവതരിപ്പിച്ച ഭരതനാട്യമായിരുന്നു എന്നത് എടുത്തുപറയേണ്ടുന്ന ഒന്നുതന്നെയായിരുന്നു. ഭർത്താവും കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ ഒരു മകനുമടങ്ങിയ കുടുംബിനിയായ അഡെമിഗ്‌വ, ഭരതനാട്യം കലാരൂപത്തോടുള്ള അതിയായ ആസ്വാദനം തോന്നുകയും അത് പഠിക്കാനായി തീവ്രമായി ആഗ്രഹിക്കുകയും ചെയ്തിരുന്നു.

അവരുടെതന്നെ വാക്കുകൾ ഇങ്ങനെ: “ഞാൻ പല നൃത്ത സ്‌കൂളുകളെയും സമീപിച്ചു. ഭരതനാട്യം പഠിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു. പക്ഷെ, പ്രായവും മറ്റൊരു സംസ്കാരത്തിൽനിന്നും ഉള്ളവളായതും കാരണം എന്നിൽ അവർക്ക് ആത്മവിശ്വാസം ഇല്ല എന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ദിവ്യ ടീച്ചറിന്റെ അടുത്തെത്തിയപ്പോൾ, ശരീരത്ത് പച്ചകുത്തിയ ഈ ആഫ്രിക്കൻ-അമേരിക്കക്കാരിയെ മറ്റ് ടീച്ചർമാരെപോലെ തഴഞ്ഞേക്കുമോ എന്ന് മനസിൽ സന്ദേഹിച്ചു കൊണ്ടാണ് ആഗ്രഹം പറഞ്ഞത്. എന്നാൽ അവരപ്പോൾ എന്നോട് പറഞ്ഞത് ‘ഉം..നമസ്കരിച്ചോളൂ..’ എന്നാണ്. 2023 ജനുവരിയിൽ പഠനം ആരംഭിച്ച എനിക്ക് 2023 ഒക്ടോബറിൽ രണ്ട് ഭരതനാട്യം നൃത്ത ഇനങ്ങൾ ചെയ്യാൻ കഴിഞ്ഞു.” ശ്രീമതി ദിവ്യ വാര്യർക്ക് കൃതജ്ഞത അർപ്പിച്ചുള്ള അഡെമിഗ്‌വയുടെ അനുഭവം പങ്കുവച്ച പ്രസംഗം കാണികളുടെ ഹൃദയത്തിൽ സ്പർശിച്ചതായിരുന്നു എന്നതിൽ തർക്കമില്ല.

‘ദിവ്യം’ സ്‌കൂളിന്റെ പ്രത്യേകത അതിലെ വൈവിധ്യമാർന്ന വിദ്യാർത്ഥികൂട്ടായ്മ തന്നെയാണ്. മലയാളികളും വടക്കേ ഇന്ത്യക്കാരും തെക്കേ ഇന്ത്യക്കാരും മാത്രമല്ല നേപ്പാളിന്റെയും മറ്റ് വിദേശ സംസ്കാരത്തിന്റെയും പശ്ചാത്തലത്തിൽ നിന്നുള്ള ഒരു സാംസ്കാരിക കലായാത്രയാണ് അത്. ‘ദിവ്യം സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്’ ന്റെ ഡിറക്റ്റർ ആയ ശ്രീമതി ദിവ്യ വാര്യർ15-ലധികം വർഷത്തെ അധ്യാപന പരിചയമുള്ള നൃത്താധ്യാപികയാണ്. ഇന്ത്യയിലും സിംഗപ്പൂരിലും അമേരിക്കയിലും വിവിധ സ്റ്റേജുകളിൽ മോഹിനിയാട്ടവും ഭരതനാട്യവും അവതരിപ്പിക്കുന്ന കലാകാരികൂടിയാണ് ശ്രീമതി ദിവ്യ വാര്യർ.

എബി ആനന്ദ് & ഫോട്ടോ –  റോബിൻ ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular