Sunday, May 5, 2024
HomeUSAപിങ്ക് നിറമായി ഹവായ് റെഫ്യൂജ് കുളം

പിങ്ക് നിറമായി ഹവായ് റെഫ്യൂജ് കുളം

യു.എസിലെ ഹവായിലുള്ള റെഫ്യൂജ് കുളത്തിലെ വെള്ളം പിങ്ക് നിറമായി മാറിയിരിക്കുന്നു. പിങ്ക് വെള്ളത്താല്‍ നിറഞ്ഞുകിടക്കുന്ന കുളം കാണാൻ കൗതുകമാണെങ്കിലും ഈ മാറ്റം അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇളം പിങ്ക് നിറം ആല്‍ഗകള്‍ പൂക്കുന്നതിന്‍റെ ലക്ഷണമാകാം എന്നാണ് മൗയിയിലെ കീലിയ പോണ്ട് നാഷണല്‍ വൈല്‍ഡ് ലൈഫ് റെഫ്യൂജിലെ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്. ഇത് വരള്‍ച്ച കാരണമാകാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വെള്ളത്തിലിറങ്ങരുതെന്നും വെള്ളം കുടിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒക്‌ടോബര്‍ 30 മുതല്‍ ഇവിടെ വെള്ളത്തിന്‍റെ നിറം മാറി തുടങ്ങിയിരുന്നു. ലാബ് പരിശോധനയില്‍ വിഷാംശമുള്ള ആല്‍ഗകള്‍ നിറത്തിന് കാരണമാകുന്നില്ലെന്ന് കണ്ടെത്തി. ‘ഹാലോബാക്ടീരിയ’ എന്ന ജീവിയാണ് ഈ നിറംമാറ്റത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഉയര്‍ന്ന അളവില്‍ ഉപ്പുള്ള ജലാശയങ്ങളില്‍ തഴച്ചുവളരുന്ന ഒരുതരം ഏകകോശജീവിയാണ് ഹാലോബാക്ടീരിയ. കെലിയ പോണ്ട് ഔട്ട്‌ലെറ്റ് ഏരിയയ്ക്കുള്ളിലെ ലവണാംശം വളരെ കൂടുതലാണ്. ഇത് കടല്‍ജലത്തിന്‍റെ ഇരട്ടി ലവണാംശമുള്ളതാണ്. പിങ്ക് നിറം സൃഷ്ടിക്കുന്ന ജീവിയെ കൃത്യമായി തിരിച്ചറിയാൻ ഡി.എൻ.എ വിശകലനം നടത്തേണ്ടതുണ്ടെന്ന് പോണ്ട് നാഷണല്‍ വൈല്‍ഡ് ലൈഫ് റെഫ്യൂജിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മുമ്ബും ഉയര്‍ന്ന ലവണാംശവും കടുത്ത വരള്‍ച്ചയും ഇവിടെയുണ്ടായിരുന്നുവെങ്കിലും 70 വര്‍ഷമായി ചുറ്റുമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ പോലും ഈ നിറംമാറ്റം കണ്ടിട്ടില്ലെന്ന് പറയുന്നു. ‘പിങ്ക് കുളത്തിന്‍റെ’ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേരാണ് കുളം കാണാൻ എത്തുന്നത്.

തണ്ണീര്‍ത്തടം കൂടിയായ ഈ കുളത്തില്‍ വംശനാശഭീഷണി നേരിടുന്ന ഹവായിയൻ സ്റ്റില്‍റ്റ് എന്ന നീര്‍പക്ഷി കൂടുണ്ടാക്കുന്നുണ്ട്. മഞ്ഞുകാലത്ത് ദേശാടനപക്ഷികളും ഇവിടെ താമസിക്കാറുണ്ട്. ഇതുവരെയും ഈ കുളത്തിലെ വെള്ളം പക്ഷികള്‍ക്ക് ദോഷം ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത് സ്വാഭാവിക നിറംമാറ്റമാണെന്നും വിഷാംശമൊന്നും വെള്ളത്തില്‍ കലര്‍ന്നിട്ടില്ലെന്നുമാണ് നിഗമനം. എന്നാല്‍ നിറത്തിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്താനാകാത്തതിനാല്‍ വെള്ളത്തില്‍ ഇറങ്ങുകയോ മത്സ്യം കഴിക്കുകയോ ചെയ്യരുതെന്ന് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular