ദുബൈ: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയര്‍ മേളയായ ‘ഗള്‍ഫ് മാധ്യമം എജുകഫേ’യുടെ ഒമ്ബതാം സീസണ്‍ ബുധനാഴ്ച ദുബൈ മുഹൈസിന ഇത്തിസലാത്ത് അക്കാദമിയില്‍ ആരംഭിക്കും.
വിജ്ഞാനത്തിന്റെയും കരിയര്‍ സാധ്യതകളുടെയും പുതുവഴികള്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മാനിക്കുന്ന മേള ദുബൈയിലെ ഇന്ത്യൻ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവൻ രാവിലെ 11ന് ഉദ്ഘാടനം ചെയ്യും.
5000 വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുക്കുന്ന ‘എജുകഫേ’യില്‍ ഇത്തവണ രാജ്യത്തിനകത്തും പുറത്തുമുള്ള 50ഓളം വിദ്യാഭ്യാസ-കരിയര്‍ സ്ഥാപനങ്ങളുടെ പ്രദര്‍ശനങ്ങളൊരുക്കിയിട്ടുണ്ട്. അതോടൊപ്പം പ്രമുഖ എഴുത്തുകാരിയും മനഃശാസ്ത്ര വിദഗ്ധയുമായ ആരതി സി. രാജരത്നം, പ്രമുഖ ഡേറ്റ അനലിസ്റ്റ് മുഹമ്മദ് അല്‍ഫാൻ, പ്രമുഖ മജീഷ്യൻ മാജിക് ലിയോ, ഇക്വസ്ട്രിയൻ വേള്‍ഡ് എൻഡ്യുറൻസ് ചാമ്ബ്യൻഷിപ് ജേതാവ് നിദ അൻജും എന്നിവരടക്കം പ്രമുഖരുടെ സെഷനുകളും ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും വിദേശത്തെയും യൂനിവേഴ്സിറ്റികള്‍, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളജുകള്‍ എന്നിങ്ങനെ ഉന്നത വിദ്യാഭ്യാസരംഗത്തെ വിവിധ സ്ഥാപനങ്ങള്‍ ഇത്തവണ ‘എജുകഫേ’യില്‍ പ്രദര്‍ശനത്തിലുണ്ട്. ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങിയ മേഖലകളിലേക്കെല്ലാം പഠനത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ യൂനിവേഴ്സിറ്റി പ്രതിനിധികളില്‍നിന്ന് നേരിട്ട് മനസ്സിലാക്കാൻ സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നതിലൂടെ സാധിക്കും. ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരപ്പെടുന്നരീതിയിലാണ് മേളയുടെ ഡിസൈൻ. മേളയോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ മികച്ച ആശയങ്ങള്‍ക്ക് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം ഇന്നവേഷൻ അവാര്‍ഡും സമ്മാനിക്കും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും എജുകഫേ വെബ്സൈറ്റില്‍ (https://www.myeducafe.com/) രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. രജിസ്ട്രേഷനും പ്രവേശനവും തികച്ചും സൗജന്യമാണ്.