Tuesday, December 5, 2023
HomeKeralaകണ്ണൂരില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍; രക്ഷപ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

കണ്ണൂരില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍; രക്ഷപ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

ണ്ണൂര്‍: കരിക്കോട്ടക്കരി ഉരുപ്പുംകുറ്റി ഞെട്ടിത്തോട് മലയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.
തണ്ടര്‍ബോള്‍ട്ടിന്‍റെ നേതൃത്വത്തിലാണ് വനമേഖലകളില്‍ തിരച്ചില്‍ തുടരുന്നത്. ആറളം ഫാം മേഖല, എടപ്പുഴ, വാളത്തോട്, കരിക്കോട്ടക്കരി പ്രദേശങ്ങളിലാണ് പോലീസ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.

ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളില്‍ ഒരാള്‍ക്കാണ് പരിക്ക് പറ്റിയതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. തിങ്കളാഴ്ചയാണ് പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ് കൊല്ലപ്പെട്ടതിന്‍റെ വാര്‍ഷികത്തിന് മുന്നോടിയായാണ് ഇവര്‍ ഒന്നിച്ച്‌ ഉരുപ്പുംകുറ്റി വനമേഖലയില്‍ തന്പടിച്ചതെന്നാണ് സൂചന.

വെടിവയ്പ്പുമായി ബന്ധപ്പെട്ട് ആരും കസ്റ്റഡിയില്‍ ഇല്ലെന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞിരുന്നു. വെടിവയ്പിനുശേഷം മാവോയിസ്റ്റുകള്‍ കാട്ടിലേക്ക് രക്ഷപ്പെട്ടെന്നും ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും ഡിഐജി പറഞ്ഞു.

ഏറ്റുമുട്ടലില്‍ എട്ടുപേരും രക്ഷപ്പെട്ടതായാണ് പോലീസ് പറഞ്ഞതെങ്കിലും വെടിവയ്പ് നടന്ന സ്ഥലങ്ങളില്‍ രക്തത്തുള്ളികള്‍ കണ്ടെത്തിയതില്‍ ദുരൂഹത ഉയര്‍ന്നിരുന്നു.

മാവോയിസ്റ്റുകള്‍ തിരിച്ചെത്തി ആക്രമണം നടത്താനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് ഉരുപ്പുംകുറ്റി ടൗണിലും മലമുകളിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലെ വീടുകള്‍ക്കും പോലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 9.30ടെയാണ് സ്ഥലത്ത് ഏറ്റുമുട്ടലുണ്ടായത്. ജാര്‍ഖണ്ഡില്‍നിന്നടക്കമുള്ള മാവോയിസ്റ്റുകള്‍ വനമേഖലയില്‍ ക്യാന്പ് ചെയ്യുന്നുണ്ടെന്നും യോഗം ചേരുന്നുണ്ടെന്നുമുള്ള വിവരത്തെത്തുടര്‍ന്ന് പുലര്‍ച്ചെ മൂന്നോടെയാണ് തണ്ടര്‍ബോള്‍ട്ടും പോലീസ് സ്പെഷല്‍ പ്രൊട്ടക്‌ഷൻ ഫോഴ്സും എത്തിയത്.

ആയാംകുഴി, പള്ളിക്കുന്ന്, ഞെട്ടിത്തോട് തുടങ്ങിയ മൂന്നു വഴികളിലൂടെയാണ് പോലീസ് സംഘം ഉരുപ്പുംകുറ്റി ഞെട്ടിത്തോട് മേഖലയില്‍ എത്തിയത്. ഉരുപ്പുംകുറ്റിയില്‍നിന്ന് ഏകദേശം ഏഴു കിലോമീറ്റര്‍ ഉള്ളിലാണ് ഈ സ്ഥലം.

വെടിവയ്പിനെത്തുടര്‍ന്ന് മാവോയിസ്റ്റുകള്‍ ചിതറിയോടി. സി.പി. മൊയ്തീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെന്നും പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular