Monday, May 20, 2024
HomeGulfഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് മന്ത്രിസഭ

ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് മന്ത്രിസഭ

നാമ: ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും നിരപരാധികളെ ക്രൂരമായി കൊന്നൊടുക്കുന്നത് നീതീകരിക്കാനാവില്ലെന്നും മന്ത്രിസഭ.

ഗസ്സ വിഷയം ചര്‍ച്ച ചെയ്യാനായി റിയാദില്‍ വിളിച്ചുചേര്‍ത്ത അടിയന്തര ഉച്ചകോടിയില്‍ രാജാവ് ഹമദ് ബിൻ ഈസ ആല്‍ ഖലീഫയെ പ്രതിനിധാനംചെയ്ത് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫ പങ്കെടുത്തതിനെയും ബഹ്റൈന്‍റെ നിലപാട് ആവര്‍ത്തിച്ചതിനെയും കാബിനറ്റ് അഭിനന്ദിച്ചു.

1967ലെ അതിര്‍ത്തികള്‍ അംഗീകരിച്ച്‌ ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കണമെന്ന ഉറച്ച നിലപാടാണ് ബഹ്റൈനുള്ളത്. ഉച്ചകോടിയിലും ഇക്കാര്യം കിരീടാവകാശി ആവര്‍ത്തിച്ചിരുന്നു. ഗസ്സയിലെ സാധാരണക്കാര്‍ക്ക് സഹായമെത്തിക്കാനും അന്താരാഷ്ട്ര യുദ്ധനിയമങ്ങള്‍ പാലിക്കാനും മേഖലയിലെ രാജ്യങ്ങള്‍ക്കും ജനതക്കും സമാധാനം ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് സൗദി ഭരണാധികാരി സല്‍മാൻ രാജാവിനും കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സല്‍മാനും കാബിനറ്റ് നന്ദി അറിയിച്ചു.

ജോര്‍ഡൻ രാജാവ് അബ്ദുല്ല അല്‍ ഥാനി ഇബ്നുല്‍ ഹുസൈൻ, ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് എന്നിവരുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫ നടത്തിയ കൂടിക്കാഴ്ചയെയും പ്രകീര്‍ത്തിച്ചു. തംകീൻ തൊഴില്‍ ഫണ്ട് പുതുതായി പ്രഖ്യാപിച്ച പദ്ധതികളുടെ പ്രാധാന്യത്തെ കാബിനറ്റ് ഊന്നിപ്പറഞ്ഞു. ഈസ ബിൻ സല്‍മാൻ എജുക്കേഷൻ എൻഡോവ്മെന്‍റ് ചെയര്‍മാന്‍റെ നേതൃത്വത്തില്‍ ‘തംകീൻ’ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയും കാബിനറ്റ് പങ്കുവെച്ചു. വര്‍ഷം തോറും 50,000 സ്വദേശികള്‍ക്ക് പിന്തുണ നല്‍കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ സുപ്രധാനമായ മൂന്ന് പദ്ധതികള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്യും. പുതുതായി തൊഴില്‍ വിപണിയില്‍ പ്രവേശിച്ചവര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കി തൊഴിലുടമകളും സ്ഥാപനങ്ങളും പ്രഥമ പരിഗണന നല്‍കുന്ന തരത്തില്‍ മാറ്റിയെടുക്കുകയും ചെയ്യും.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുകയും ഇതുവഴി സ്വകാര്യ മേഖലയിലെ സ്വദേശികള്‍ക്ക് വേതന വര്‍ധന ഉറപ്പാക്കുകയും ചെയ്യും. നാഷനല്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങളില്‍ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും കാര്യമായ ശ്രദ്ധ പുലര്‍ത്തുകയും മുന്നോട്ടു വെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കാലതാമസമില്ലാതെ നടപ്പാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

പൊതുസമ്ബത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നതില്‍ തികഞ്ഞ ജാഗ്രതയുണ്ടാവേണ്ടതുണ്ട്. സേവനാനന്തര ആനുകൂല്യം സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സ്വദേശികളല്ലാത്തവര്‍ക്കും സോഷ്യല്‍ ഇൻഷുറൻസ് ഫണ്ട് വഴി നല്‍കുന്നതിനും അതുവഴി ഫണ്ടിന്‍റെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള നിര്‍ദേശം ചര്‍ച്ച ചെയ്തു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular