കെയ്റോ: ഗസ്സയില്‍ നിന്നും 36 നവജാതശിശുക്കളെ ഈജിപ്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി ഈജിപ്ത് ആരോഗ്യമന്ത്രി ഖാലിദ് അബ്ദേല്‍ ഗഫാര്‍ പറഞ്ഞു.
ഇതിനായി ഫലസ്തീൻ റെഡ് ക്രെസന്റുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ നിന്ന് കുട്ടികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സി.എൻ.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഈജിപ്ത് ആരോഗ്യമന്ത്രിയുടെ പരാമര്‍ശം.
36 ആംബുലൻസുകള്‍ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. ഇതില്‍ പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളുണ്ട്. ആംബുലൻസുകള്‍ അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഗസ്സയില്‍ നിന്നും ചില രോഗികളെ ഈജിപ്തിലെത്തിച്ചിരുന്നു. എന്നാല്‍, നവജാത ശിശുക്കളെ ഗസ്സയിലെ ആശുപത്രിയില്‍ നിന്നും മാറ്റിയിരുന്നില്ല.
ലോകത്തെ മുഴുവൻ ആശങ്കയിലാക്കി ഗസ്സയിലെ അല്‍-ശിഫ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യം ഇന്ന് പ്രവേശിച്ചിരുന്നു. 650 രോഗികളും 5000ത്തിനും 7000ത്തിനു ഇടക്ക് സിവിലിയൻമാരും അല്‍-ശിഫ ആശുപത്രിയില്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിരന്തരമായി അല്‍-ശിഫ ആശുപത്രിയില്‍ നിന്ന് വെടിവെപ്പുണ്ടാകുന്നതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 1000ത്തോളം ആരോഗ്യപ്രവര്‍ത്തകരും ആശുപത്രിയില്‍ കുടുങ്ങി കിടക്കുന്നുണ്ട്.
അതേസമയം, ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രോഗികളെ തെരുവുകളിലേക്ക് ഇറക്കി വിടില്ലെന്ന് അല്‍-ശിഫ ആശുപത്രി അഡ്മിനിസ്ട്രേഷൻ അറിയിച്ചു. സുരക്ഷിതമായ മാനുഷിക ഇടനാഴിയിലൂടെ രോഗികളുടെ ആരോഗ്യം പരിഗണിച്ച് മാത്രമേ ഒഴിപ്പിക്കല്‍ നടത്തുവെന്ന് അല്‍-ശിഫ ആശുപത്രി ഡയറക്ടര്‍ അറിയിച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ബോംബിട്ടും വെടിവെച്ചും ഒപ്പം വൈദ്യുതി മുടക്കിയും ഉപരോധം തീര്‍ത്തും ഗസ്സയിലെ അല്‍ ശിഫ ആശുപത്രിയില്‍ ഇസ്രായേല്‍ കൊന്നൊടുക്കിയ 179 ഫലസ്തീനികളെ ആശുപത്രിവളപ്പില്‍തന്നെ കൂട്ടക്കുഴിമാടമൊരുക്കി ഖബറടക്കി. ഇന്ധനം തീര്‍ന്ന് ഇരുട്ടിലായ ആശുപത്രിയില്‍ ഇൻകുബേറ്ററില്‍ കഴിഞ്ഞിരുന്ന ഏഴ് നവജാത ശിശുക്കളും അത്യാഹിത വിഭാഗത്തിലെ 29 രോഗികളും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.