Friday, May 17, 2024
HomeUSAഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ സോഷ്യല്‍ കാറ്റലിസ്റ്റ് അവാര്‍ഡ് ഹരി നമ്പൂതിരിക്ക്

ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ സോഷ്യല്‍ കാറ്റലിസ്റ്റ് അവാര്‍ഡ് ഹരി നമ്പൂതിരിക്ക്

ഷിക്കാഗോ: കര്‍മഭൂമിയിലെ ദൃശ്യ പരിപാടികളുടെ ഉന്നതമായ പ്രൊഫഷല്‍ നിലവാരം കൊണ്ടും സാമൂഹിക പ്രതിബദ്ധതയോടെയുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാലും അമേരിക്കന്‍ മലയാളികള്‍ ഇരു കൈയും നീട്ടി സ്വീകരിച്ച ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ ആറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘ഹാപ്പിനെസ് മാജിക്’ എന്ന ജീവിത ശൈലിയിലൂടെ നമ്മുടെ ഹൃദയം കീഴടക്കിയ ജനപ്രിയ വ്യക്തിത്വം ഹരി നമ്പൂതിരിക്ക് ‘സോഷ്യല്‍ കാറ്റലിസ്റ്റ് അവാര്‍ഡ്’ സമ്മാനിക്കപ്പെട്ടപ്പോള്‍ അത് അദ്ദേഹത്തിന്റെ മികവിനുള്ള അംഗീകാരമായി.

നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ജീവിത സ്പന്ദനങ്ങളും കലാപരമായ കഴിവുകളും വൈവിധ്യമാര്‍ന്ന റിയാലിറ്റി ഷോകളിലൂടെ ലോകമെങ്ങുമുള്ള പ്രേക്ഷകരുടെ വിരല്‍ത്തുമ്പിലെത്തിച്ച് ജൈത്രയാത്ര തുടരുന്ന ഫ്ളവേഴ്സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷികാഘോഷ വേദിയില്‍ വച്ചായിരുന്നു ഹരി നമ്പൂതിരിയെ ആദരിച്ചത്.

അമേരിക്കന്‍ മലയാളികളുടെ സൗകര്യപ്രദമായ സമയത്തു തന്നെ മികച്ച പ്രോഗ്രാമുകള്‍ കാണുവാനുള്ള പ്രത്യേക പ്ലേ ഔട്ടുമായി അമേരിക്കയിലെത്തിയ ചാനലാണിത്. ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ സി.ഇ.ഒ ബിജു സഖറിയയുടെ നേതൃത്വത്തില്‍ നൂറോളം അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം പേര്‍ പങ്കെടുത്ത ആഘോഷ നിര്‍ഭരമായ ചടങ്ങില്‍ പ്രമുഖ നര്‍ത്തകിയും നടിയുമായ ആശാ ശരത്താണ് ടെക്സസില്‍ നിന്നുള്ള ഹരി നമ്പൂതിരിക്ക് പുരസ്‌കാരം സമ്മാനിച്ചത്.

ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍, കമ്മ്യൂണിറ്റി ലീഡര്‍, സോഷ്യല്‍ ആക്ടിവിസ്റ്റ്, മോട്ടിവേഷണല്‍ സ്പീക്കര്‍, അവതാരകന്‍, നടന്‍ തുടങ്ങിയ ബഹുമുഖ തലങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഹരി നമ്പൂതിരി നിരവധി പ്രാദേശിക സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ സംഘടനകളിലെ സജീവ സാന്നിധ്യമാണ്.

നിസ്തുലമായ സാമൂഹിക സേവനങ്ങളിലൂടെ ഒട്ടേറെ അംഗീകാരങ്ങള്‍ക്ക് പാത്രീഭൂതനായ ഹരിനമ്പൂതിരിയെ കഴിഞ്ഞ വര്‍ഷം ടെക്സസ് നേഴ്‌സിങ് ഫെസിലിറ്റീസ് അഡൈ്വസറി ബോര്‍ഡിലേയ്ക്ക് ടെക്സസ് സ്റ്റേറ്റ് ഗവര്‍ണര്‍ നിയമിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ യു ട്യൂബ് ചാനലായ ഹാപ്പിനെസ് മാജിക് എന്നും വൈറലാണ്.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം നിലവില്‍ ഗ്ലോബല്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ചെയര്‍മാനായും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അമേരിക്കന്‍ റീജിയന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു. അഭിനിവേശത്താല്‍ മാധ്യമ പ്രവര്‍ത്തകനും തൊഴിലിടങ്ങളില്‍ ആരോഗ്യപരിപാലന വിദഗ്ധനും ഉല്‍സാഹത്തില്‍ സംരംഭകനും കലാസപര്യയില്‍ നടനുമാണ് ഹരി നമ്പൂതിരി.

അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഓസ്‌കര്‍ സ്റ്റാര്‍ നൈറ്റായി മാറിയ ഫ്ളവേഴ്സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷിക പരിപാടികളുടെ ഹൈലൈറ്റുകളിലൊന്നായിരുന്നു ഹരി നമ്പൂതിരി ഉള്‍പ്പെടെയുള്ള കമ്മ്യൂണിറ്റി ഹീറോസിനെ ആദരിച്ച ചടങ്ങ്.  ഷിക്കാഗോയുടെ സബേര്‍ബ് ആയ നേപ്പര്‍ വില്‍ യെല്ലോ ബോക്സ് തീയേറ്ററിലായിരുന്നു പ്രേക്ഷകരെ ആവേശക്കൊടുമുടിയില്‍ എത്തിച്ച വര്‍ണാഭമായ ആഘോഷം വിവിധ പരിപാടികളോടെ അരങ്ങേറിത്.

ഇന്ത്യന്‍ സിനിമയുടെ ജനപ്രിയ താരങ്ങളും നര്‍ത്തകരും ഗായകരും, അമേരിക്കന്‍ മലയാളികളായ കലാ-സാംസ്‌കാരിക പ്രതിഭകള്‍ക്കൊപ്പം അണിനിരന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാംമൂഹിക-സാംസ്‌കാരിക പ്രതിനിധികള്‍ക്കൊപ്പം  ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ അവതാരകരും അണിയറ പ്രവര്‍ത്തകരും ഷിക്കാഗോയിലെത്തി അണിയിച്ചൊരുക്കിയ ആറാം വാര്‍ഷിക ആഘോഷരാവ് നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് അവിസ്മരണീയമായ ദൃശ്യവിരുന്നായിരുന്നു.

എ.എസ് ശ്രീകുമാര്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular