Tuesday, May 7, 2024
HomeIndiaസ്വന്തം മണ്ണില്‍ ജീവിക്കും, ഇല്ലെങ്കില്‍ മരിക്കും -ഫലസ്തീൻ അംബാസഡര്‍

സ്വന്തം മണ്ണില്‍ ജീവിക്കും, ഇല്ലെങ്കില്‍ മരിക്കും -ഫലസ്തീൻ അംബാസഡര്‍

ന്യൂഡല്‍ഹി: സ്വന്തം മണ്ണില്‍ ജീവിക്കുക, അല്ലെങ്കില്‍ മരിക്കുക എന്നതാണ് ഫലസ്തീൻ ജനതയുടെ തീരുമാനമെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡര്‍ അദ്നാല്‍ അബു അല്‍ഹൈജ.

ഇസ്രായേലിന് എല്ലാ ഫലസ്തീനികളെയും കൊന്നൊടുക്കാമെന്നല്ലാതെ, ഒരാളും ഫലസ്തീൻ മണ്ണ് വിട്ടുപോകില്ല. ഈജിപ്തിലേക്ക് നാടുകടത്തി ഗസ്സ പിടിച്ചെടുക്കാനാണ് ഇസ്രായേല്‍ ശ്രമം. ഇനിയും അഭയാര്‍ഥികളായി ജീവിക്കാൻ ഫലസ്തീനികള്‍ക്ക് ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ഗസ്സ വംശഹത്യയുമായി ബന്ധപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിലര്‍ കരുതുന്നത് ഒക്ടോബറിലാണ് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതാണെന്നാണ്. 75 വര്‍ഷമായി അവര്‍ ഇത് തുടങ്ങിയിട്ട്. 1993 മുതല്‍ ഫലസ്തീന്‍റെ 22 ശതമാനം മണ്ണാണ് ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ ഞങ്ങളുടെ പക്കലുള്ളത്. ഫലസ്തീന്‍റെ 78 ശതമാനം പ്രദേശങ്ങളും ഇസ്രായേലിന്‍റെ അധീനതയിലാണ്. വംശഹത്യ അവസാനിപ്പിക്കാൻ ലോകരാഷ്ട്രങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഇന്ത്യ അതിന് മുൻകൈയെടുക്കണമെന്നും അംബാസഡര്‍ ആവശ്യപ്പെട്ടു.

ഇസ്രായേല്‍ പറയുന്ന കഥകള്‍ വിശ്വസിക്കരുത്. അല്‍ശിഫ ആശുപത്രി പരിശോധിച്ച്‌ ഒരു പോരാളിയെയും അവര്‍ക്ക് കണ്ടെത്താനായിട്ടില്ല. മുമ്ബ് ആശുപത്രിയില്‍ ബോംബിട്ടപ്പോള്‍ അവര്‍ കഥയുണ്ടാക്കിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ബൈഡനും ഇതേ കഥ ആവര്‍ത്തിച്ചു. കൊളോണിയലിസത്തിന്റെ വക്താക്കളായ അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാൻസ് രാജ്യങ്ങളാണ് ഇസ്രായേലിനെ പിന്തുണക്കുന്നത്. ഫലസ്തീൻ വംശഹത്യക്ക് അവര്‍ പിന്തുണ നല്‍കുകയാണെന്നും അദ്നാല്‍ അബു അല്‍ഹൈജ കുറ്റപ്പെടുത്തി.

വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് എസ്.ക്യു.ആര്‍. ഇല്യാസ് അധ്യക്ഷത വഹിച്ചു. ആര്‍.ജെ.ഡി എം.പി മനോജ് ഝാ, പ്രഫ. അപൂര്‍വാനന്ദ്, ജോണ്‍ദയാല്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുബ്രമണി അറുമുഖം തുടങ്ങിയവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular