Tuesday, December 5, 2023
HomeKeralaഷമി പിഴുതെടുത്തത് കളത്തിനു പുറത്തെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സ്റ്റമ്ബുകള്‍ -എം.ബി രാജേഷ്

ഷമി പിഴുതെടുത്തത് കളത്തിനു പുറത്തെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സ്റ്റമ്ബുകള്‍ -എം.ബി രാജേഷ്

ലോകകപ്പില്‍ തകര്‍പ്പൻ ഫോമില്‍ പന്തെറിയുന്ന മുഹമ്മദ് ഷമിയെ പ്രശംസയും പിന്തുണയുമായി മന്ത്രി എം.ബി രാജേഷ്. ഫൈനല്‍ കൂടി ബാക്കിയുണ്ടെങ്കിലും ഈ ലോകകപ്പിലെ എന്റെ താരം മുഹമ്മദ് ഷമിയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മുഹമ്മദ് ഷമിയെന്ന ബൗളര്‍ ഈ ലോകകപ്പില്‍ പിഴുതെടുത്ത ഓരോ വിക്കറ്റും കളത്തിലെ എതിര്‍ ടീമുകളുടെ മാത്രമായിരുന്നില്ലെന്നും കളത്തിനു പുറത്തെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വംശവെറിയുടെയും വര്‍ഗീയതയുടെയും സ്‌റ്റമ്ബുകള്‍ കൂടിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫൈനല്‍ മത്സരം കൂടി ബാക്കിയുണ്ടെങ്കിലും ഈ ലോകകപ്പിലെ എന്റെ താരം മുഹമ്മദ് ഷമി തന്നെയാണ്. വിരാട് കോഹ്‍ലിയുടെ, സചിന്റെ റെക്കോഡിനെ മറികടന്ന മാസ്മരിക പ്രകടനം മറന്നുകൊണ്ടല്ല ഷമിയെ ഈ ലോകകപ്പിന്റെ താരമായി ഞാൻ തെരഞ്ഞെടുക്കുന്നത്. ഫൈനലിലേക്കുള്ള ഇന്ത്യൻ കുതിപ്പിന്റെ കുന്തമുന മുഹമ്മദ് ഷമി ആയിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളില്‍ പുറത്തിരിക്കാൻ നിര്‍ബന്ധിതനായ ഒരു കളിക്കാരൻ. പിന്നീട് ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതു കൊണ്ടു മാത്രം അവസരം വീണുകിട്ടിയ ആള്‍. വീണുകിട്ടിയ ആ ഒറ്റ അവസരം കൊണ്ടുതന്നെ ഇന്ത്യൻ ടീമിന് പ്രതിഭയും പ്രകടനവും കൊണ്ട് തന്നെ ഇനി ഒഴിവാക്കാനാവില്ലെന്ന് തെളിയിച്ച്‌ ടീമിലെ സ്ഥാനം പിടിച്ചു വാങ്ങിയ ആള്‍. വെറും ആറ് മത്സരങ്ങളില്‍ 23 വിക്കറ്റ്. ഇന്നലെ ന്യൂസിലൻഡിനെതിരെ ഏഴു വിക്കറ്റിന്റെ, ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉജ്വലമായ ബൗളിങ് പ്രകടനം. ഇതുവരെയുള്ള വിജയങ്ങളുടെ മുഖ്യശില്‍പിയായി തലയുയര്‍ത്തിപ്പിടിച്ചു കൊണ്ട് അഹമ്മദാബാദിലെ ഫൈനല്‍ മത്സരത്തിലേക്ക് മുഹമ്മദ് ഷമി കടന്നുചെല്ലും.

പക്ഷെ മുഹമ്മദ് ഷമിയെക്കുറിച്ച്‌ ഇത്രയും പറഞ്ഞാല്‍ പോരല്ലോ. എന്തുകൊണ്ടാണ് ഷമി ഈ ലോകകപ്പിന്റെ താരമാകുന്നത്? ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരെ പരാജയപ്പെട്ടപ്പോള്‍ രാജ്യദ്രോഹിയെന്ന് ആക്രമിക്കപ്പെട്ടവനാണ് ഷമി. പാകിസ്താനിലേക്ക് പോടാ എന്ന ആക്രോശവും ഷമിക്കെതിരെ ഉയര്‍ന്നു. അന്ന് ഷമിക്കൊപ്പം ധീരമായി നിലയുറപ്പിച്ച നായകനായിരുന്നു വിരാട് കോഹ്‍ലിയെന്ന് ഓര്‍മിക്കാതെ പോകരുത്. മതത്തിന്റെ പേരില്‍ ഒരാളെ ആക്രമിക്കുന്നത് പരിതാപകരമാണ് എന്ന് ഷമിയെ പിന്തുണച്ചുകൊണ്ട് ഇന്നത്തെ ഇന്ത്യയില്‍ പറയാൻ കോഹ്‍ലി കാണിച്ച ധൈര്യം ചെറുതല്ല.

അതിന്റെ പേരില്‍ കോഹ്‍ലിയും ഏറെ അധിക്ഷേപങ്ങള്‍ക്ക് ഇരയായി. എന്തിനധികം, ഇന്നലെ കെയ്ൻ വില്യംസണിന്റെ ക്യാച്ച്‌ വിട്ടുകളഞ്ഞയുടൻ സമൂഹ മാധ്യമങ്ങളിലൂടെ വര്‍ഗീയവാദികള്‍ ഷമിക്കെതിരെ ആക്രമണം ആരംഭിച്ചു. എന്നാല്‍, ആ കെയ്ൻ വില്യംസണിന്റെയും ഡാരല്‍ മിച്ചലിന്റെയും ഉള്‍പ്പെടെ ഏഴ് വിക്കറ്റുകള്‍ പിഴുതെടുത്താണ് ഷമി തന്നെ രാജ്യദ്രോഹിയെന്നു വിളിക്കാൻ തക്കം പാര്‍ത്തിരുന്നവരുടെ മുഖമടച്ച്‌ പ്രഹരമേല്‍പ്പിച്ചത്. രാജ്യദ്രോഹിയെന്ന വിളി കേള്‍ക്കുകയും ആ ‘രാജ്യദ്രോഹി’യെ പിന്തുണച്ചതിന് അധിക്ഷേപം നേരിടുകയും ചെയ്ത ഷമി-കോഹ്‍ലി സഖ്യമാണ് ബാള്‍ കൊണ്ടും ബാറ്റ് കൊണ്ടും ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചതെന്നോര്‍ക്കുക. മുഹമ്മദ് ഷമിയെന്ന ലക്ഷണമൊത്ത ഫാസ്റ്റ് ബൗളര്‍ ഈ ലോകകപ്പില്‍ പിഴുതെടുത്ത ഓരോ വിക്കറ്റും കളത്തിലെ എതിര്‍ ടീമുകളുടെ മാത്രമായിരുന്നില്ല. കളത്തിനു പുറത്തെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വംശവെറിയുടെയും വര്‍ഗീയതയുടെയും സ്‌റ്റമ്ബുകള്‍ കൂടിയായിരുന്നു.

മുഹമ്മദ് ഷമിയുടെ പ്രതിഭക്കും പോരാട്ടവീറിനും അഭിവാദ്യങ്ങള്‍. ഒപ്പം വിരാട് കോഹ്‍ലിയുടെ, സചിനെ മറികടന്ന മികവിനും അഭിവാദ്യങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular