Saturday, May 18, 2024
HomeIndiaസേവനങ്ങള്‍ നല്‍കുന്നില്ല; ഉദ്യോഗാര്‍ഥികളെ വട്ടംകറക്കി കര്‍ണാടക നഴ്സിങ് കൗണ്‍സില്‍

സേവനങ്ങള്‍ നല്‍കുന്നില്ല; ഉദ്യോഗാര്‍ഥികളെ വട്ടംകറക്കി കര്‍ണാടക നഴ്സിങ് കൗണ്‍സില്‍

ബംഗളൂരു: കര്‍ണാടകയില്‍നിന്ന് ബി.എസ് സി, ജനറല്‍ നഴ്സിങ് എന്നിവ കഴിഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട സേവനങ്ങള്‍ നല്‍കാതെ കര്‍ണാടക നഴ്സിങ് കൗണ്‍സില്‍.

സര്‍ക്കാറിന് ഫീസ് നല്‍കി നഴ്സിങ് കൗണ്‍സില്‍ ആവശ്യപ്പെട്ട പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച നിരവധി വിദ്യാര്‍ഥികളാണ് ഇതുമൂലം ദുരിതത്തിലായത്.

രജിസ്ട്രേഷൻ പുതുക്കല്‍, വിദേശ ജോലികള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍, കോഴ്സ് പൂര്‍ത്തിയായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് എത്തിയവര്‍ക്ക് ഇതൊന്നും ചെയ്തുനല്‍കുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാവും പകലും കര്‍ണാടക നഴ്സിങ് കൗണ്‍സില്‍ ഓഫിസിന് മുന്നില്‍ ഇവര്‍ കാത്തിരിക്കുകയാണ്.

രജിസ്ട്രേഷൻ പുതുക്കലിന് 500 രൂപ ഫീസ് അടച്ചതിന് ശേഷം കൗണ്‍സില്‍ അപ്പോയിന്റ്മെന്റ് നല്‍കിയതുപ്രകാരമാണ് എല്ലാവരും ബംഗളൂരുവിലെ ഓഫിസില്‍ എത്തിയത്. കേരളം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ഏറെയും. എന്നാല്‍, മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് പല കാരണങ്ങള്‍ പറഞ്ഞ് സേവനം നല്‍കുന്നില്ല.

അതേസമയം, കര്‍ണാടകക്കാര്‍ക്ക് കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുമുണ്ട്. നേരിട്ട് ഉദ്യോഗാര്‍ഥികള്‍ക്ക് നഴ്സിങ് കൗണ്‍സില്‍ ചെയ്തുകൊടുക്കേണ്ട സേവനങ്ങളാണിവ. ഇതിനായി നിശ്ചിത തുക അടക്കണം. എന്നാല്‍, എല്ലാ നടപടികളും പൂര്‍ത്തീകരിച്ച്‌ എത്തുന്നവരെ പല കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ വട്ടംകറക്കുകയാണ്.

ജിസ്ട്രാര്‍ സ്ഥലത്തില്ല, സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കാനുള്ള പ്രത്യേക പേപ്പറുകള്‍ വന്നിട്ടില്ല തുടങ്ങിയ കാരണങ്ങളാണ് അധികൃതര്‍ പറയുന്നത്. രജിസ്ട്രാറെ കാണണമെന്ന് പറയുന്നവരെ ഓഫിസിലുള്ള ചിലര്‍ ഭീഷണിപ്പെടുത്തുന്നതായും മലയാളി ഉദ്യോഗാര്‍ഥികള്‍ പറയുന്നു.

നിലവില്‍ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ജോലി ചെയ്യുന്നവര്‍ അടക്കമാണ് ഇത്തരത്തില്‍ ദുരിതത്തിലായത്. വിദേശത്തെ ജോലി മാറല്‍, വിസ പുതുക്കല്‍, തൊഴില്‍ കരാര്‍ പുതുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് നഴ്സിങ് രജിസ്ട്രേഷൻ പുതുക്കല്‍ അടക്കം നടത്തണം.

എന്നാല്‍, ഇതിനായി മുൻകൂട്ടി അപ്പോയിന്റ്െമന്റ് എടുത്ത് വന്നവര്‍ക്കും കൗണ്‍സില്‍ ചെയ്തുകൊടുക്കുന്നില്ല. പെണ്‍കുട്ടികളടക്കം നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൗണ്‍സിലിന്റെ ബംഗളൂരു ഓഫിസില്‍ എത്തിയത്. പലരും കൈക്കുഞ്ഞുങ്ങളുമായാണ് വന്നത്.

എന്നാല്‍, ഇടനിലക്കാര്‍ മുഖേന 10,000 രൂപ വരെ വാങ്ങാനാണ് അധികൃതര്‍ തടസ്സങ്ങള്‍ പറയുന്നതെന്നാണ് ആക്ഷേപം. നഴ്സിങ് കൗണ്‍സിലിന്റെ വെബ്സൈറ്റില്‍നിന്ന് നേരിട്ട് തന്നെ ഫീസ് അടച്ച്‌ അപ്പോയിന്റ്മെന്റ് എടുക്കാൻ സൗകര്യമൊരുക്കണമെന്നാണ് ചട്ടം.

എന്നാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് ഇത്തരത്തില്‍ ചെയ്യാൻ കഴിയുന്നില്ല. നഴ്സിങ് കൗണ്‍സിലുമായി ബന്ധപ്പെട്ട ഇടനിലക്കാര്‍, ഏജൻസികള്‍ എന്നിവര്‍ മുഖേന മാത്രമേ ഇതിന് സാധിക്കൂ എന്ന അവസ്ഥയാണെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular