Sunday, May 5, 2024
HomeUncategorizedതുരങ്കത്തിനുള്ളില്‍ കുടുങ്ങി ഏഴ് നാള്‍; തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക

തുരങ്കത്തിനുള്ളില്‍ കുടുങ്ങി ഏഴ് നാള്‍; തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള സില്‍ക്ക്യാര തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളുടെ ആരോഗ്യാവസ്ഥയില്‍ ആശങ്കയറിയിച്ച്‌ കുടുംബാംഗങ്ങള്‍.

തുരങ്കം തകര്‍ന്ന് ഏഴ് ദിവസമായി ഉള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാൻ ഇനിയും ദിവസങ്ങളെടുത്തേക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.

തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്നുണ്ട്. കുഴല്‍ വഴി ഭക്ഷണവും വെള്ളവും ഓക്സിജനും തുരങ്കത്തിനകത്ത് നല്‍കുന്നുണ്ട്. എന്നാല്‍, പലര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയതായി ബന്ധുക്കള്‍ പറയുന്നു. വയര്‍ സ്തംഭനം, തലവേദന, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളാണ് പലര്‍ക്കുമുള്ളത്.

തുരങ്കത്തിനുള്ളിലെ സാഹചര്യം കണക്കിലെടുത്ത് ഡ്രൈ ഫ്രൂട്സ്, പൊരി, ചോളം മുതലായ ഭക്ഷണങ്ങളാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. എന്നാല്‍, മൂന്ന് നേരം നന്നായി ഭക്ഷണം കഴിച്ചിരുന്ന തൊഴിലാളികളുടെ ശാരീരിക ക്ഷമത നിലനിര്‍ത്താൻ ഈ ഭക്ഷണം മതിയാവില്ല.

തുരങ്കത്തിനകത്തുള്ള മറ്റ് വാതകങ്ങളുടെയും മൂലകങ്ങളുടെയും സാന്നിധ്യം ശ്വാസകോശ പ്രശ്നങ്ങള്‍ക്ക് കാരണമാകുമോയെന്ന ആശങ്കയുമുണ്ട്. രക്തസമ്മര്‍ദ്ദം കുറയുന്ന സാഹചര്യങ്ങളും അപകടാവസ്ഥയിലേക്ക് നയിക്കാം.

തൊഴിലാളികള്‍ക്ക് വൈറ്റമിൻ സി ഗുളികകളും വയര്‍ സ്തംഭനം, തലവേദന തുടങ്ങിയവക്കുള്ള മരുന്നുകളും നല്‍കിയെന്ന് ഉത്തരകാശി സി.എം.ഒ പറഞ്ഞു.

അതേസമയം, രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ സഹതൊഴിലാളികളും ബന്ധുക്കളും അസംതൃപ്തി പ്രകടിപ്പിച്ചു. നവംബര്‍ 12നാണ് നിര്‍മാണത്തിലുള്ള സില്‍ക്ക്യാര തുരങ്കത്തിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് 41 തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയത്. 60 മീറ്റര്‍ ഉള്ളിലായാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്.

തുരങ്കത്തിന് സമാന്തരമായി തുരന്ന് വ്യാസമേറിയ പൈപ്പിട്ട് തൊഴിലാളികളെ അതുവഴി പുറത്തെത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍, ഡ്രില്ലിങ് മെഷീന്‍റെ തകരാര്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു. പുതിയ ഡ്രില്ലിങ് യന്ത്രം എത്തിച്ച്‌ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും തുരക്കുന്നതിനിടെ വിള്ളലിന്‍റെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഇത് നിര്‍ത്തിയിരിക്കുകയാണ്. സമാന്തരമായി തുരക്കുന്ന പ്രവൃത്തി വിജയിക്കാത്ത പശ്ചാത്തലത്തില്‍ മുകളില്‍ നിന്നും കുഴിയെടുത്ത് രക്ഷാപ്രവര്‍ത്തനം നടത്താനും പദ്ധതിയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular