കല്ലമ്ബലം: കല്ലമ്ബലം ജങ്ഷനില്‍ ഫ്ലൈ ഓവറിന് തീരുമാനം, നിലവിലെ നിര്‍ദേശം അപര്യാപ്തമെന്ന് വ്യാപാരികളും നാട്ടുകാരും.
ദേശീയപാത വികസനത്തിന്റെ ഭാഗമായി കല്ലമ്ബലം ജങ്ഷനില്‍ കെട്ടിയടച്ച ഭിത്തിയും വര്‍ക്കല റോഡ് വരുന്ന ഭാഗത്ത് മുറിച്ചുകടക്കുന്നതിനുള്ള അണ്ടര്‍ പാസേജുമാണ് നിര്‍ദേശിച്ചിരുന്നത്.
രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്‍പ്പെടെ വിവിധ മേഖലകളില്‍നിന്ന് ജങ്ഷന് ഫ്ലൈ ഓവര്‍ വേണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരെയും അധികാരികളെയും നിരന്തരമായി ബന്ധപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി ശോഭകരന്തലജെ കല്ലമ്ബലം സന്ദര്‍ശിച്ച സമയത്തും കേന്ദ്രമന്ത്രി വി. മുരളീധരനും നിവേദനങ്ങള്‍ നല്‍കിയിരുന്നു. വി. മുരളീധരൻ സജീവമായ ഇടപെടല്‍ നടത്തുകയും ഫ്ലൈ ഓവറിന്റെ സാധ്യതകള്‍ ആരായുകയും ചെയ്തു.
നിലവിലെ നിര്‍ദേശം മാറ്റി പില്ലര്‍ ഫ്ലൈ ഓവര്‍ നിര്‍ദേശത്തിന് കേന്ദ്ര ദേശീയപാത അതോറിറ്റി അംഗീകാരം നല്‍കിയതായി മന്ത്രി വി. മുരളീധരൻ ആണ് ഇപ്പോള്‍ അറിയിച്ചത്.
സര്‍വിസ് റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കാനും വര്‍ക്കല നഗരൂര്‍ റോഡുകളില്‍ കടക്കുന്നതിനും കല്ലമ്ബലം ജങ്ഷനില്‍ വലിയ പാസേജ് ആണ് ഡി.പി.ആറില്‍ നിര്‍ദേശിച്ചിരുന്നത്. 522/108 മുതല്‍ 522/198 വരെ 90 മീറ്റര്‍ നീളത്തില്‍ ഫ്ലൈ ഓവര്‍ നിര്‍മിക്കുന്നതിനാണ് നിര്‍ദേശം. 2.82 കോടി രൂപ ഇതിനായി അധികതുക വകയിരുത്തുകയും ചെയ്തു. നിലവിലെ ആറുവരിപ്പാതക്ക് റോഡിന്‍റെ ഇരുവശത്തും വീതി കൂട്ടിക്കഴിഞ്ഞു.
കല്ലമ്ബലം ജങ്ഷനിലെ ഫ്ലൈഓവര്‍ നിര്‍ദേശത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാഗതം ചെയ്തു. നിലവിലുള്ള നിര്‍ദേശത്തില്‍നിന്ന് ചെറിയ മാറ്റം വരുത്തി 90 മീറ്റര്‍ നീളത്തിലെ പുതിയ ഫ്ലൈ ഓവര്‍ നിര്‍ദേശമാണ് വന്നിരിക്കുന്നത്. ഇതു തികച്ചും അപര്യാപ്തമാണ്. പൂര്‍ണമായും ഫ്ലൈ ഓവര്‍ വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
ഇനിയും മാറ്റം വരുത്തി അരകിലോമീറ്ററില്‍ കുറഞ്ഞത് 250 മീറ്റര്‍ നീളത്തിലെങ്കിലും പില്ലര്‍ ഫ്ലൈ ഓവര്‍ വേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് മുഹമ്മദ് റാഫി, ഭാരവാഹികളായ സുരേഷ് കുമാര്‍, രാജീവ് എന്നിവര്‍ പറഞ്ഞു.