Saturday, July 27, 2024
HomeIndiaസ്ത്രീവിരുദ്ധ പരാമര്‍ശം: മൻസൂര്‍ അലി ഖാനെതിരെ സ്വമേധയ കേസെടുത്ത് വനിത കമീഷൻ

സ്ത്രീവിരുദ്ധ പരാമര്‍ശം: മൻസൂര്‍ അലി ഖാനെതിരെ സ്വമേധയ കേസെടുത്ത് വനിത കമീഷൻ

ന്യൂഡല്‍ഹി: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടൻ മൻസൂര്‍ അലി ഖാനെതിരെ സ്വമേധയ കേസെടുത്ത് ദേശീയ വനിതാ കമീഷൻ. ലോകേഷ് കനകരാജിന്‍റെ പുതിയ ചിത്രമായ ലിയോയില്‍ തൃഷയ്ക്കൊപ്പം കിടപ്പറ രംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതുണ്ടായില്ലെന്നുമായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്മീറ്റില്‍ മൻസൂര്‍ അലിഖാന്റെ പരാമര്‍ശം.

മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചതെന്നും പക്ഷേ സെറ്റില്‍ തൃഷയെ ഒന്ന് കാണാൻ പോലുമായില്ലെന്നും മൻസൂര്‍ പറഞ്ഞിരുന്നു.

പരാമര്‍ശത്തിന് പിന്നാലെ മൻസൂര്‍ അലി ഖാനെതിരെ രൂക്, വിമര്‍ശനവുമായി നടി തൃഷ രംഗത്തെത്തിയിരുന്നു. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മൻസൂര്‍ എന്നും അയാള്‍ക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടില്ലെന്നുമായിരുന്നു തൃഷയുടെ പരാമര്‍ശം. “എന്നെക്കുറിച്ച്‌ മൻസൂര്‍ അലി ഖാൻ മോശവും അശ്ലീലവുമായ രീതിയില്‍ സംസാരിക്കുന്ന വീഡിയോ കാണാനിടയായി. സെക്‌സിസ്റ്റും, തീരെ മര്യാദയില്ലാത്തതും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനയാണിത്. അയാള്‍ക്ക് ആഗ്രഹിക്കാം, പക്ഷേ അത്രത്തോളം അധഃപതിച്ച ഒരാള്‍ക്കൊപ്പം സ്‌ക്രീൻ പങ്കിടാത്തതില്‍ എന്നെന്നും കടപ്പെട്ടിരിക്കും. അയാള്‍ക്കൊപ്പം ഒരു സിനിമ ഉണ്ടാകാതിരിക്കാൻ ഏറ്റവുമധികം ശ്രദ്ധിക്കുകയും ചെയ്യും. അയാള്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്”. തൃഷ കുറിച്ചു.

ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജും തൃഷക്ക് പിന്തുണയറിച്ച്‌ രംഗത്തെത്തിയിരുന്നു. സഹപ്രവര്‍ത്തകന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നിരാശനാണെന്നും രോഷം തോന്നിയെന്നും ലോകേഷ് പറഞ്ഞു.എല്ലാ മേഖലയിലും സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറേണ്ടത് അത്യാവശ്യമാണ്. സ്ത്രീകള്‍, ഹകലാകാരന്മാര്‍, പ്രൊഫഷനലുകള്‍ എന്നിവരോടുള്ള ബഹുമാനം എല്ലാ വ്യവസായത്തിലും വിലമതിക്കാനാകാത്ത ഒന്നായിരിക്കണമെന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

മൻസൂര്‍ അലി ഖാനെതിരെ വിമര്‍ശനവുമായി നടിയും ബി.ജെ.പി നേതാവും വനിത കമീഷൻ അംഗവുമായ ഖുശ്ബു സുന്ദറും രംഗത്തെത്തിയിരുന്നു. ചില പുരുഷന്മാര്‍ ഒരു സ്ത്രീയെ അപമാനിക്കുന്നതോ അവളെക്കുറിച്ച്‌ ഏറ്റവും അനാദരവോടെ സംസാരിക്കുന്നതോ തങ്ങളുടെ ജന്മാവകാശമാണെന്ന് കരുതുന്നുണ്ടെന്നും മൻസൂര്‍ അലി ഖാന്‍റെ വീഡിയോ ഇതിന് ഉദാഹരണമാണെന്നും ശക്തമായി അപലപിക്കുന്നുവെന്നുമായിരുന്നു ഖുശ്ബുനിന്‍റെ പ്രതികരണം. ഖുശ്ബു സുന്ദര്‍, റോജ തുടങ്ങിയ നടിമാര്‍ക്കെതിരെയും മൻസൂര്‍ അലി വിവാദ പരാമര്‍ശം നടത്തിയിരുന്നു.

അതേസമയം പരാമര്‍ശം വിവാദമായതോടെ താൻ പറഞ്ഞത് തമാശയാണെന്നായിരുന്നു മൻസൂര്‍ അലിയുടെ പ്രതികരണം. ആരോ എഡിറ്റ് ചെയ്ത വീഡിയോ കണ്ട് തൃഷ തെറ്റിദ്ധരിച്ചതാണെന്നും മൻസൂര്‍ അലി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

“ഒരു മനുഷ്യനെന്ന നിലയില്‍ ഞാൻ ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, അത് തുടരുകയും ചെയ്യും. എന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടേണ്ടതില്ല. ഇത് എനിക്കെതിരെയുള്ള അപകീര്‍ത്തിപ്പെടുത്തലല്ലാതെ മറ്റൊന്നുമല്ല. മനുഷ്യരാശിക്ക് വേണ്ടി ഞാൻ എത്രമാത്രം നിലകൊണ്ടിരുന്നുവെന്ന് എന്റെ തമിഴ് ജനങ്ങള്‍ക്ക് അറിയാം. ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവര്‍ക്കും അറിയാം” മൻസൂര്‍ അലി ഖാൻ കുറിച്ചു.

സഹനടിമാരോട് തനിക്ക് ബഹുമാനമാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

STORIES

Most Popular