Friday, May 3, 2024
HomeIndiaഅഖിലേന്ത്യ പെര്‍മിറ്റ്: ഹര്‍ജിക്കാരില്‍ നിന്ന്‌ പ്രവേശന നികുതി ഈടാക്കില്ലെന്ന് കേരളവും തമിഴ്‌നാടും

അഖിലേന്ത്യ പെര്‍മിറ്റ്: ഹര്‍ജിക്കാരില്‍ നിന്ന്‌ പ്രവേശന നികുതി ഈടാക്കില്ലെന്ന് കേരളവും തമിഴ്‌നാടും

ന്യൂഡല്‍ഹി: അന്യ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഖിലേന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍ നിന്ന് പ്രവേശന നികുതി ഈടാക്കില്ലെന്ന് കേരളം.

പ്രവേശന നികുതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച വാഹന ഉടമകളില്‍ നിന്ന് നികുതി ഈടാക്കില്ലെന്നാണ് കേരളം കോടതിയില്‍ വ്യക്തമാക്കിയത്. തമിഴ്നാട് സര്‍ക്കാരും പ്രവേശന നികുതി ഈടാക്കില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെ സുപ്രീംകോടതിയെ സമീപിച്ച റോബിൻ ബസ് ഉടമ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ പ്രവേശന നികുതി ഈടാക്കില്ലെന്ന് ഉറപ്പായി.

സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പ്രവേശന നികുതി പിരിക്കുന്നതിനെതിരെ വിവിധ സ്വകാര്യ ബസ് ഉടമകള്‍ നല്‍കിയ ഹര്‍ജികളില്‍ നികുതി പിരിക്കുന്നത് തടഞ്ഞുകൊണ്ട് നേരത്തെ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കെ കേരളവും, തമിഴ്നാടും പ്രവേശന നികുതി ഈടാക്കുന്നുവെന്ന് സുപ്രീംകോടതിയെ അറിയിച്ചു. പാതിരാത്രിയും, പുലര്‍ച്ചെയും പോലും വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി നികുതി പിരിക്കുന്നുവെന്നും, യാത്രക്കാര്‍ക്ക് ഉള്‍പ്പടെ ഇതില്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നും ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

നികുതി പിരിക്കുന്നവര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നടപടി സ്വീകരിക്കണമെന്ന് സ്വകാര്യ വാഹന ഉടമകള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകൻ എസ്.മുരളീധര്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെന്നും, നികുതി ഇനി മുതല്‍ ഈടാക്കില്ലെന്നും തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജിയില്‍ തമിഴ് നാടിന് സുപ്രീം കോടതി നോട്ടീസ് അയച്ചുവെങ്കിലും, ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി.

തമിഴ്നാട് സര്‍ക്കാര്‍ നികുതി പിരിക്കില്ലെന്ന് അറിയിച്ച സാഹചര്യത്തത്തില്‍ കേരളത്തെ കൂടി നികുതി പിരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ബസ് ഉടമകള്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകൻ ജയന്ത് മുത്തുരാജും, സ്റ്റാൻഡിങ് കോണ്‍സല്‍ നിഷേ രാജൻ ശൊങ്കറും കേരളവും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കുമെന്ന് വ്യക്തമാക്കിയത്.

പ്രത്യേക പ്രവേശന നികുതി പിരിക്കുന്നതിനെതിരെ സ്വകാര്യ ബസ് ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ ജനുവരി 10-ന് വിശദവാദം കേള്‍ക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനം ഒഴിവാക്കാൻ കഴിയില്ലെന്നും ഈ വിഷയത്തിലെ വിവിധ ചട്ടങ്ങളുടെ സാധുത പരിശോധിക്കപ്പെടേണ്ടത് ആണെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular