Monday, May 6, 2024
HomeKeralaഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകളുടെ പ്രശ്നം പഠിക്കും -വനിത കമീഷൻ

ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകളുടെ പ്രശ്നം പഠിക്കും -വനിത കമീഷൻ

കാഞ്ഞങ്ങാട്: ഒറ്റപ്പെട്ടുപോയ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുമെന്ന് വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.

വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 40 വയസ്സുകഴിഞ്ഞ് വിവാഹിത ആയിട്ടില്ലെങ്കില്‍ അവരെ അനാവശ്യ വസ്തുവായി മാറ്റപ്പെടുന്ന സ്ഥിതിയുണ്ട്. വളരെയേറെ ദുരിതങ്ങളാണ് ഒറ്റക്കു കഴിയുന്ന സ്ത്രീകള്‍ നേരിടേണ്ടിവരുന്നത്. ഇവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച്‌ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിക്കും.

പൊതുബോധത്തില്‍ ആഴ്ന്നിറങ്ങിയിട്ടുള്ള തെറ്റായ ചിന്താഗതികള്‍ക്കു മാറ്റമുണ്ടാകേണ്ടതുണ്ട്. ചെറുപ്രായത്തില്‍ തന്നെ വിധവകളാകുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ കൂടുതലാണ്. പ്രതിസന്ധികളെ തരണംചെയ്യാനുള്ള മാനസികാവസ്ഥ പെണ്‍കുട്ടികള്‍ക്ക് സ്വായത്തമാക്കുന്നതിന് മാതാപിതാക്കള്‍ ശ്രദ്ധ പുലര്‍ത്തണം.

പ്രായമായ മാതാപിതാക്കളെ അനാഥാലയങ്ങളിലും അമ്ബലങ്ങളിലും നടതള്ളുന്ന നീചമായ മനസ്സുള്ള മക്കള്‍ ഇന്നു കേരളീയ സമൂഹത്തിലുണ്ട്. മാതാപിതാക്കളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുമ്ബോള്‍, കണക്കു പറയുന്ന മക്കളെ കാണാറുണ്ട്. ഇവരുടെ കണക്കുപറച്ചില്‍ സമൂഹത്തിനാകെ നാണക്കേടാണ്. അവിവാഹിതരും വിധവകളുമായ സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമെ, വിവിധ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പലിശ രഹിത വായ്പകളും ലഭ്യമാക്കിയിട്ടുണ്ട്.

വിദ്യാസമ്ബന്നമായ കുടുംബങ്ങളിലാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നത്. ആരുടെയും ശ്രദ്ധ പതിഞ്ഞിട്ടില്ലാത്ത മേഖലകള്‍ കണ്ടെത്തിയാണ് വനിത കമീഷന്‍ 11 പബ്ലിക് ഹിയറിങ്ങുകള്‍ നടത്തുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഗൃഹനാഥകളായിട്ടുള്ള കുടുംബങ്ങളുള്ള ജില്ലയെന്ന പരിഗണനയിലാണ് ഈ വിഷയത്തില്‍ കാസര്‍കോടു ജില്ലയിലെ കാഞ്ഞങ്ങാട് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചതെന്നും സതീദേവി പറഞ്ഞു.

വനിത കമീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വനിത കമീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, ജില്ല ജാഗ്രത സമിതി മെംബര്‍ എം. സുമതി, സിംഗിള്‍ വുമണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്. സലീഖ, സോഷ്യല്‍ ജസ്റ്റിസ് ബോര്‍ഡ് ട്രാന്‍സ് മെംബര്‍ സാജിദ്, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, സിംഗിള്‍ വുമണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജോയന്റ് സെക്രട്ടറി പി.വി. ശോഭന, വനിത കമീഷന്‍ റിസര്‍ച്ച്‌ ഓഫിസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular