Friday, May 3, 2024
HomeIndiaസഞ്ജുവില്ല, കാര്യവട്ടത്ത് വീണ്ടും വിട്ടുനിന്ന് കാണികള്‍; ഗാലറി മൂന്നിലൊന്നു ഭാഗം പോലും നിറഞ്ഞില്ല

സഞ്ജുവില്ല, കാര്യവട്ടത്ത് വീണ്ടും വിട്ടുനിന്ന് കാണികള്‍; ഗാലറി മൂന്നിലൊന്നു ഭാഗം പോലും നിറഞ്ഞില്ല

കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ശുഷ്‍കമായ ഗാലറിയെ സാക്ഷിനിര്‍ത്തി മറ്റൊരു അന്താരാഷ്ട്ര മത്സരം കൂടി.

ആസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്ബരയിലെ രണ്ടാം മത്സരത്തിനാണ് ഞായറാഴ്ച കാര്യവട്ടം വേദിയൊരുക്കിയത്. എന്നാല്‍, അവധിദിനമായിട്ടുകൂടി സ്റ്റേഡിയത്തിലെ ഗാലറിയില്‍ മൂന്നിലൊന്നുഭാഗം കാണികള്‍ പോലും എത്തിയില്ല. ആദ്യം ബാറ്റുചെയ്ത് ഇന്ത്യ 235 റണ്‍സെന്ന പടുകൂറ്റൻ സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും ഗാലറിയില്‍ ആരവങ്ങള്‍ക്ക് ഒട്ടും കരുത്തുണ്ടായിരുന്നില്ല.

മലയാളിതാരം സഞ്ജു സാംസണിനോട് ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നിരന്തരമായി തുടരുന്ന അവഗണനയാണ് കാണികള്‍ വിട്ടുനില്‍ക്കാൻ വലിയൊരളവില്‍ കാരണം. വിരാട് കോഹ്‍ലി, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, ശുഭ്മാൻ ഗില്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയ മുൻനിര താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയ ബി.സി.സി.ഐ, രണ്ടാം നിരക്കാരെയാണ് സ്വന്തം മണ്ണിലെ പരമ്ബരക്കായി ടീമില്‍ ഉള്‍പെടുത്തിയത്. ഈയിടെ സമാപിച്ച ഏകദിന ലോകകപ്പ് ടീമില്‍നിന്ന് സഞ്ജുവിനെ തഴഞ്ഞ സെലക്ടര്‍മാര്‍ ഈ രണ്ടാം നിര ടീമിലും മലയാളി താരത്തെ ഉള്‍പ്പെടുത്തിയില്ല. ഈ നടപടിയോടുള്ള കടുത്ത എതിര്‍പ്പാണ് മത്സരം കാണാനെത്താതെ മലയാളികള്‍ പ്രകടമാക്കിയതെന്ന് സമൂഹ മാധ്യമങ്ങളില്‍ ക്രിക്കറ്റ് പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ടാംനിര ടീമാണെങ്കിലും സഞ്ജു ഉണ്ടായിരുന്നെങ്കില്‍ ഗാലറി നിറഞ്ഞുകവിഞ്ഞേനേ എന്നാണ് അവരുടെ വാദം. സൂര്യകുമാര്‍ യാദവ് നയിക്കുന്ന രണ്ടാംനിര ടീമിന്റെ കളി കാണാൻ ആദ്യ മത്സരം നടന്ന വിശാഖപട്ടണത്ത് നിറഗാലറിയായിരുന്നു സാക്ഷി. എന്നാല്‍, തിരുവനന്തപുരത്ത് 38000 പേര്‍ക്കിരിക്കാവുന്ന ഗാലറിയില്‍ പതിനായിരത്തോളം പേര്‍ മാത്രമാണ് കളി കാണാനെത്തിയത്. താരങ്ങള്‍ മത്സരത്തിനായി എത്തിയപ്പോള്‍ തന്നെ പതിവ് ആവേശമൊന്നും തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. ടിക്കറ്റുകളുടെ ഉയര്‍ന്ന നിരക്കും കാണികളെ സ്റ്റേഡിയത്തില്‍നിന്ന് അകറ്റിയതായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇക്കുറി 350, 750 എന്നിങ്ങനെയാണ് കുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍.

നേരത്തേ ഈ വര്‍ഷം ജനുവരിയില്‍ കാര്യവട്ടത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തില്‍ കാണികള്‍ കുറഞ്ഞതും വലിയ ചര്‍ച്ചയായിരുന്നു. 38,000 സീറ്റുള്ള കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്ന് സൗജന്യ പാസുകളടക്കം ആകെ കളി കണ്ടത് 16,210 പേര്‍. 6,201 ടിക്കറ്റുകള്‍ മാത്രമാണ് അന്ന് വിറ്റുപോയത്. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ വിവാദപരാമര്‍ശമാണ് അന്ന് സ്റ്റേഡിയത്തില്‍ വലിയൊരളവില്‍ കാണികളെ അകറ്റിയത്. അഞ്ചുശതമാനം ഉണ്ടായിരുന്ന വിനോദ നികുതി 12 ശതമാനമായി കുത്തനെ വര്‍ധിപ്പിച്ചതാണ് ടിക്കറ്റ് വില കൂടാൻ കാരണമായത്. ഇതേക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു, പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്ന മന്ത്രിയുടെ പ്രതികരണം. ഇത് വൻ വിവാദമാവുകയും ചെയ്തു.

ഏകദിനത്തിന്റെ കുറയുന്ന ജനപ്രീതിയും ആളില്ലാത്തതിന് അന്ന് കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടെങ്കിലും ഇപ്പോള്‍ ട്വന്റി20 മത്സരത്തിനും ഗാലറി കാലിയായത് കൂടുതല്‍ ചര്‍ച്ചയാകും. കാര്യവട്ടത്ത് ആദ്യം നടന്ന നാലു കളികളിലും മുഴുവൻ ടിക്കറ്റും വിറ്റുപോയപ്പോഴാണ് അവസാനത്തെ രണ്ടു കളികളില്‍ ആളില്ലാതായത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കാര്യവട്ടത്ത് കാണികള്‍ കുറഞ്ഞത് ഭാവിയില്‍ മത്സരവേദിയായി തെരഞ്ഞെടുക്കപ്പെടുന്നതിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും പങ്കുവെക്കപ്പെടുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular