Sunday, May 19, 2024
HomeKeralaഇന്ത്യ-ആസ്ട്രേലിയ രണ്ടാം ട്വന്‍റി20: അടിയുടെ പൊടിപൂരം

ഇന്ത്യ-ആസ്ട്രേലിയ രണ്ടാം ട്വന്‍റി20: അടിയുടെ പൊടിപൂരം

തിരുവനന്തപുരം: ഒടുവില്‍ ഗ്രീൻഫീല്‍ഡിലെ മണ്ണില്‍ ട്വന്‍റി20ക്കായി റണ്‍ ഉറവ പൊട്ടി. കുത്തിയൊലിച്ചെത്തിയ റണ്‍ പ്രളയത്തില്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്ന പതിനയ്യായിരത്തോളം വരുന്ന കാണികളെ ഇന്ത്യയും ആസ്ട്രേലിയയും മുക്കിയെടുത്തപ്പോള്‍ ബൗണ്ടറിക്കുമുകളില്‍ മൂളിപ്പറക്കുന്ന ഓരോ പന്തും അവര്‍ക്ക് ആഘോഷമായിരുന്നു.

ഒപ്പം ട്വന്‍റി20യുടെ മാദകഭംഗി മനംനിറയെ കണ്‍കുളിര്‍ക്കെ, കണ്ടതിന്‍റെ ആവേശവും ഗാലറിയില്‍ തുള്ളി തീര്‍ത്താണ് ഓരോ ക്രിക്കറ്റ് പ്രേമിയും കാര്യവട്ടത്തുനിന്ന് മടങ്ങിയത്.

വൈകീട്ട് നാലോടെ, സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. ശനിയാഴ്ച പരിശീലനം മഴയെടുത്തതോടെ ആസ്ട്രേലിയൻ സംഘം നാലോടെ ഗ്രൗണ്ടിലെത്തി. ഏകദിന ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡ്, സൂപ്പര്‍ താരം ഗ്ലൻ മാക്സ് വെല്‍, മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് അടക്കമുള്ളവര്‍ നെറ്റില്‍ പരിശീലനത്തിന് ആദ്യമിറങ്ങി. അരമണിക്കൂര്‍ നീണ്ട ബാറ്റിങ് പരിശീലനത്തിനു ശേഷമാണ് മൂവരും ഗ്രൗണ്ടിലേക്കെത്തിയത്. അപ്പോഴും മറ്റ് ടീം അംഗങ്ങള്‍ ഫീല്‍ഡിങ്, ബൗളിങ് പരിശീലനം ആരംഭിച്ചു കഴിഞ്ഞിരുന്നു

വൈകീട്ട് 5.40 ഓടെയാണ് ഇന്ത്യൻ സംഘം സ്റ്റേഡിയത്തിലെത്തിയത്. ആര്‍പ്പുവിളികളോടെയായിരുന്നു ആരാധകര്‍ വരവേറ്റത്. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്, ശിവം ദുബൈ, ഇഷാൻ കിഷൻ, റിങ്കു സിങ്ങുമെല്ലാം ആരാധകരുടെ സ്നേഹത്തില്‍ നന്ദിയറിയിച്ച്‌ കൈവീശി ഡ്രസിങ് റൂമിലേക്ക് കയറി.

ആറോടെയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറോളം ബാറ്റിങ് പരിശീലനം നടത്തിയതിനാല്‍ ആരും നെറ്റ്സിലേക്ക് എത്തിയില്ല. പകരം ബൗളിങ്, ഫീല്‍ഡിങ് പരിശീലനത്തിലായിരുന്നു ഏറെ ശ്രദ്ധ. പരിശീലകൻ വി.വി.എസ്. ലക്ഷ്മണ്‍ യശ്വസി ജയ്സ്വാളിന് നല്‍കിയത് സ്ലിപ് ക്യാച്ചിങ് പരിശീലനമായിരുന്നു. താരങ്ങളുടെ പരിശീലനത്തെ കരഘോഷത്തോടെയും ആര്‍പ്പുവിളികളോടെയുമാണ് ആരാധകര്‍ കണ്ടത്.

6.30 ഓടെ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും ആസ്ട്രേലിയൻ ക്യാപ്റ്റൻ മാത്യുവെയ്ഡും ടോസിങ്ങിനായി ക്രീസിലേക്കെത്തി. 7.30ന് പിച്ചിലെ ഈര്‍പ്പം കണക്കിലെടുത്ത് ആസ്ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു. ടീമിലേക്ക് ഗ്ലൻ മാക്സിവെല്ലും സ്പിന്നര്‍ ആഡം സാമ്ബയുമെത്തിയെന്ന് അറിഞ്ഞതോടെ സ്റ്റേഡിയത്തിലെത്തിയ ആസ്ട്രേലിയൻ ആരാധകരും ആവേശത്തിലായി. 6.56 ഓടെ മൊബൈല്‍ ലൈറ്റുകള്‍ തെളിയിച്ച്‌ ചെണ്ടമേളത്തിന്‍റെ അകമ്ബടിയോടെ ഗാലറി ഒന്നാകെ താരങ്ങളെയും അമ്ബയര്‍മാരെയും വരവേറ്റു. മത്സരത്തിന്‍റെ മൂന്നാം പന്തില്‍ മര്‍ക്കസ് സ്റ്റോനിസിനെ ബൗണ്ടറി കടത്തി വൈസ് ക്യാപ്റ്റൻ ഋതുരാജ് ഗയ്ക്ക് വാദ് വെടിക്കെട്ടിന് തിരികൊളുത്തിയതോടെ ഗാലറികളും ഉണര്‍ന്നു.

ട്വന്‍റി-20യില്‍ ഗ്രീൻഫീല്‍ഡിലെ റണ്‍ വരള്‍ച്ചക്ക് വിരാമമിട്ടുകൊണ്ട് യശ്വസി ജയ്സ്വാള്‍-ഗെയ്ക് വാദ് സഖ്യം അടിതുടങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയായിരുന്നു കുട്ടിക്രിക്കറ്റിലെ മുൻ രാജാക്കന്മാര്‍. ആസ്ട്രേലിയയുടെ പേസ് കുന്തമുന സീൻ അബോട്ടിന്‍റെ ആദ്യ ഓവറില്‍ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 24 റണ്‍സാണ് ജയ്സ്വാള്‍ അടിച്ചുകൂട്ടിയത്.

കളിയുടെ ആദ്യ ആറ് ഓവറില്‍ തന്നെ ഗ്രീൻഫീല്‍ഡിലേത് ബൗളിങ് പിച്ചാണെന്ന ഖ്യാതി ഇന്ത്യ ഓപ്പണര്‍മാര്‍ തിരുത്തിയെഴുതി. പിന്നീട്, എത്തിയവരും ബൗളര്‍മാരുടെ മുഖം നോക്കാതെ അടിതുടങ്ങിയതോടെ ട്വന്‍റി20യില്‍ കാര്യവട്ടത്തെ ഏറ്റവും വലിയ സ്കോറിലേക്കാണ് യുവ ഇന്ത്യ പറന്നെത്തിയത്. 20 ഓവറില്‍ 13 സിക്സുകളും 19 ഫോറുകളുമാണ് ഇന്ത്യ സന്ദര്‍ശകര്‍ക്കെതിരെ അടിച്ചുകൂട്ടിയത്.

തിരുവനന്തപുരം: കാണികള്‍ കുറഞ്ഞത് കാര്യവട്ടത്ത് പ്രതീക്ഷയോടെ എത്തിയ ജേഴ്സി കച്ചവടക്കാരെയും നിരാശയിലാഴ്ത്തി. മുൻവര്‍ഷങ്ങളില്‍ 30,000ത്തോളം ജേഴ്സികള്‍ വിറ്റുപോയിരുന്നിടത്ത് ഇന്നലെ പരമാവധി വിറ്റുപോയത് 8000ത്തോളം മാത്രമാണെന്ന് തിരുവനന്തപുരത്ത് സ്ഥിരമായി എത്താറുള്ള തമിഴ്നാട് സ്വദേശി രങ്കൻ പറഞ്ഞു. ടീമിലില്ലെങ്കിലും രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും ജേഴ്സികള്‍ക്കായിരുന്നു ഇത്തവണയും ആരാധകരേറെ. മലയാളി താരം സഞ്ജു സാംസണിന്‍റെ ജേഴ്സി അന്വേഷിച്ചെത്തിയവരും ഏറെയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular