Friday, May 3, 2024
HomeKeralaഇലച്ചെടികളുടെ വര്‍ണവസന്തം വീട്ടിലൊരുക്കി ജോര്‍ജ് ജോസഫ്

ഇലച്ചെടികളുടെ വര്‍ണവസന്തം വീട്ടിലൊരുക്കി ജോര്‍ജ് ജോസഫ്

കോഴിക്കോട്: ഇലച്ചെടികളില്‍ വര്‍ണവസന്തം തീര്‍ക്കുകയാണ് മലാപ്പറമ്ബിലെ ജോര്‍ജ് ജോസഫ് പാരുമണ്ണില്‍. വീട്ടുമുറ്റത്തും ടെറസിലുമെല്ലാം നൂറുകണക്കിന് അലങ്കാര ഇലച്ചെടികള്‍.

പലതും നഴ്സറികളില്‍പ്പോലുമില്ലാത്ത വിലകൂടിയ അപൂര്‍വ ഇനങ്ങള്‍.

എന്തുകൊണ്ട് ഇലച്ചെടികള്‍ എന്നതിന് മുൻബാങ്ക് ഉദ്യോഗസ്ഥനായ ജോര്‍ജിന് കൃത്യമായ ഉത്തരമുണ്ട്. പൂച്ചെടികള്‍ വളര്‍ത്തുന്നതിന് പ്രശ്നങ്ങള്‍ പലത്. മിക്കവയിലും സീസണില്‍മാത്രമാണ് പൂവുണ്ടാവുക. പെട്ടെന്നുതന്നെ പൂക്കള്‍ നശിച്ചുപോവുകയുംചെയ്യും. പൂക്കളില്ലാത്തപ്പോള്‍ ചെടികള്‍ കാണാൻ ഭംഗിയുണ്ടാവില്ല. എന്നാല്‍, ഇലച്ചെടികള്‍ നിത്യഹരിതമാണെന്നു പറയാം. വര്‍ഷംമുഴുവൻ സുന്ദരി.

ജോസഫ് 1996 മുതല്‍ അലങ്കാരച്ചെടികള്‍ വളര്‍ത്തുന്നുണ്ട്. എസ്.ബി.ടി. ഡെപ്യൂട്ടി ജനറല്‍ മാനേജറായി 2009-ല്‍ വിരമിച്ചശേഷമാണ് ചെടിവളര്‍ത്തല്‍ ഗൗരവമായെടുത്തത്. വ്യത്യസ്തനിറങ്ങളിലുള്ള ആയിരത്തിലേറെ ഇലച്ചെടികളുടെ ശേഖരമാണ് വീട്ടിലുള്ളത്.

അഗ്ലോണിമ, കലാത്തിയ, ഡിഫൻബാക്കിയ, നെപ്പന്തസ് തുടങ്ങിയ വിഭാഗത്തിലെ വ്യത്യസ്ത ഇനങ്ങള്‍ ചട്ടികളില്‍ വളര്‍ത്തുന്നു.

അരേസിയ സസ്യകുടുംബത്തിലെ അഗ്ലോണിമയുടെ നൂറ്റമ്ബതിലധികം ഇനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 5000 രൂപവരെ വിലയേറിയവയുമുണ്ട് ഇക്കൂട്ടത്തില്‍.

അഗ്ലോണിമ റൊട്ടന്റെ വിഭാഗത്തിലെ അഗ്ലോണിമ പിങ്ക്, ഗ്രീൻ, മൂണ്‍ലൈറ്റ്, നയൻ ക്യാരറ്റ്, പിങ്ക് എമറാള്‍ഡ്, വാനില പനാമ, ഡോണടെല്ല, സെൻ സ്റ്റാര്‍, കലാത്തിയ വിഭാഗത്തില്‍ ദലൈല, ഗ്രീൻ പീക്കോക്ക്, ട്രൈകളര്‍, വൈറ്റ് റെയിൻ, ഇരപിടിയൻ ചെടികളായ നെപ്പന്തസിന്റെ എട്ടിനങ്ങള്‍ തുടങ്ങിയവ ജോര്‍ജിന്റെ ശേഖരത്തിലെ അപൂര്‍വതയാണ്.

വില്‍പ്പനയ്ക്കായല്ല ജോര്‍ജ് ചെടികള്‍ വളര്‍ത്തുന്നത്. അപൂര്‍വ ഇനങ്ങള്‍ എവിടെനിന്ന് കിട്ടിയാലും വിലനോക്കാതെ വാങ്ങും.

ഇലച്ചെടികള്‍ക്ക് പരിചരണം പ്രധാനമാണെന്ന് ജോര്‍ജ് പറയുന്നു. ചട്ടിയില്‍ മണ്ണ് കൂടുതലാവരുത്. ചകിരിച്ചോര്‍ ഉപയോഗിക്കാൻ പാടില്ല. പകുതി കരിച്ച ഉമിയാണ് പ്രധാനമായും വേണ്ടത്. ചുവന്നമണ്ണ് ഇരുപതുശതമാനം ഉപയോഗിക്കാം. ദിവസവും നനയ്ക്കേണ്ട ആവശ്യമില്ല. വേനലില്‍ ആഴ്ചയിലൊരിക്കല്‍ നനച്ചാല്‍ മതിയാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular