Saturday, May 18, 2024
HomeUSAഅജ്ഞാത ശ്വാസകോശ രോഗം: ചൈനക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തണമെന്ന് യു.എസ് സെനറ്റര്‍മാര്‍

അജ്ഞാത ശ്വാസകോശ രോഗം: ചൈനക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തണമെന്ന് യു.എസ് സെനറ്റര്‍മാര്‍

വാഷിങ്ടണ്‍: കുട്ടികളില്‍ ശ്വാസകോശ രോഗം വ്യാപകമായതിന് പിന്നാലെ ചൈനക്ക് യു.എസിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി.

ചൈനയില്‍ നിന്നുള്ളവര്‍ക്ക് യാത്രവിലക്ക് ഏര്‍പെടുത്തണമെന്ന് അഞ്ച് സെനറ്റര്‍മാര്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു. അസുഖത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നത് വരെ യാത്ര വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് റിപ്പബ്ലിക്കൻ സെനറ്റര്‍മാരായ മാര്‍കോ റൂബിയോ, ജെ.ഡി. വാൻസ്, റിഖ് സ്കോട്ട്, ടോമി ട്യൂബര്‍വില്‍, മൈക് ബ്രൗണ്‍ എന്നിവര്‍ ആവശ്യപ്പെട്ടത്.

”പ്രിയപ്പെട്ട മിസ്റ്റര്‍ പ്രസിഡന്റ്, ചൈനയില്‍ ഉടനീളം വ്യാപിക്കുന്ന ഒരു അജ്ഞാത ശ്വാസകോശ സംബന്ധമായ അസുഖം കാരണം യു.എസിലും പിആര്‍സിക്കും ഇടയിലുള്ള യാത്ര ഉടൻ നിയന്ത്രിക്കാൻ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പൊതുജനാരോഗ്യ പ്രതിസന്ധികളെക്കുറിച്ച്‌ നുണ പറയുന്ന ഒരു നീണ്ട ചരിത്രമുണ്ട്. കോവിഡ് മഹാമാരി സമയത്തെ കാര്യങ്ങള്‍ ഒരുദാഹരണം മാത്രം.”-എന്നാണ് സെനറ്റര്‍മാര്‍ കത്തില്‍ ആവശ്യപ്പെട്ടത്.

ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുന്നത് ലോകവ്യാപകമായി ആശങ്കക്ക് ഇടയാക്കുന്നതായി കഴിഞ്ഞാഴ്ച ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. ഇതെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കണമെന്നും മുൻകരുതല്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെടുകയും ചെയ്തു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ബൈഡൻ ഭരണകൂടം വ്യക്തമാക്കി.

എന്നാല്‍ കാലാവസ്ഥക്ക് അനുസരിച്ചുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമാണിതെന്നും അസ്വാഭാവികമായി ഒന്നുതന്നെയില്ലെന്നുമായിരുന്നു ആശങ്കകള്‍ അറിയിച്ചവര്‍ക്ക് ചൈന നല്‍കിയ മറുപടി. മറ്റുള്ള പ്രചാരണങ്ങള്‍ വ്യാജമാണെന്നും കണക്കിലെടുക്കുന്നില്ലെന്നും വാഷിങ്ടണിലെ ചൈനീസ് എംബസി വക്താവ് ലിയു പെങ്ക്യു സൂചിപ്പിച്ചു.

കഴിഞ്ഞാഴ്ചയാണ് ശ്വാസകോശ രോഗം കൂടുന്നുവെന്ന് ചൈനീസ് ആരോഗ്യ കമ്മീഷൻ സ്ഥിരീകരിച്ചത്. ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുന്നതിന് ന്യൂമോണിയയുമായി ബന്ധമുണ്ടോയെന്നും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular