Friday, May 3, 2024
HomeIndiaരാഷ്‌ട്രപതിയുടെ അധികാരം ഗവര്‍ണര്‍മാര്‍ക്കില്ല : സുപ്രീംകോടതി

രാഷ്‌ട്രപതിയുടെ അധികാരം ഗവര്‍ണര്‍മാര്‍ക്കില്ല : സുപ്രീംകോടതി

ന്യൂഡല്‍ഹി: രാഷ്‌ട്രപതി നിയമിക്കുന്ന ഗവര്‍ണര്‍ക്ക് രാഷ്‌ട്രപതിയുടെ വിപുലമായ അധികാരമില്ലെന്ന് സുപ്രീംകോടതി.
ഗവര്‍ണര്‍ ആര്‍.എൻ. രവിക്കെതിരേ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

നിയമസഭ രണ്ടാമത് അയച്ച ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്‌ട്രപതിക്ക് അയയ്ക്കാമോ എന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകാരം നല്‍കാതെ ഏറെക്കാലം പിടിച്ചുവച്ച്‌ ഇല്ലാതാക്കാൻ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

രാഷ്‌ട്രപതി തെരഞ്ഞെടുക്കപ്പെട്ട പദവിയിലുള്ള ആളാണ്. എന്നാല്‍, ഗവര്‍ണര്‍ അങ്ങനെയല്ല. കേന്ദ്രസര്‍ക്കാരിന്‍റെ ശിപാര്‍ശയില്‍ രാഷ്‌ട്രപതിയാണ് ഗവര്‍ണറെ നിയമിക്കുന്നത്. അതുകൊണ്ടുതന്നെ രാഷ്‌ട്രപതിയുടെ വിപുലമായ അധികാരം ഗവര്‍ണര്‍മാര്‍ക്കില്ലെന്ന് കോടതി പറഞ്ഞു.

വലിയ ഭരണഘടനാ പദവിയില്‍ ഇരിക്കുന്നയാളാണ് ഗവര്‍ണര്‍. അതിനാല്‍, തത്കാലം ഉത്തരവ് ഇറക്കുന്നില്ല. പ്രശ്നപരിഹാരത്തിനുള്ള നീക്കം ഗവര്‍ണര്‍ നടത്തണമെന്നും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹരം കണ്ടെത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. അടുത്ത വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിനു മുന്പ് പ്രശ്നം പരിഹരിക്കണമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

നിയമസഭ വീണ്ടും പാസാക്കിയ പത്തു ബില്ലുകളും ഗവര്‍ണര്‍ ആര്‍.എൻ. രവി രാഷ്‌ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചതിനു പിന്നാലെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാത്ത ഗവര്‍ണറുടെ നടപടിക്കെതിരേ ഡിഎംകെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയായിരുന്നു ആര്‍.എൻ. രവിയുടെ നീക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular