Sunday, May 5, 2024
HomeIndia2014ല്‍ അധികാരമേറുമ്ബോള്‍ മോദി എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന് ഇന്ന് രാജ്യം കണ്ട ഏറ്റവും മികച്ച ശരി

2014ല്‍ അധികാരമേറുമ്ബോള്‍ മോദി എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന് ഇന്ന് രാജ്യം കണ്ട ഏറ്റവും മികച്ച ശരി

രാജ്യത്തിന്റെ ചരിത്രത്തില്‍ തദ്ദേശീയ നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിരോധ നിര്‍മ്മാണ കരാറിനാണ് കഴിഞ്ഞ ദിവസം ഡിഫൻസ് അക്വിസിഷൻസ് കൗണ്‍സില്‍ അനുമതി നല്‍കിയിരിക്കുന്നത്.

97 തേജസ് ലഘു വിമാനങ്ങള്‍, 156 പ്രചണ്ഡ് ഹെലികോപ്ടറുകള്‍ എന്നിവ അധികമായി വാങ്ങുന്നതിനാണ് കരാര്‍. തദ്ദേശീയമായി വികസിപ്പിച്ചവയാണ് ഇവ രണ്ടും. വ്യോമസേനയ്ക്കു വേണ്ടിയാണ് തേജസ് മാര്‍ക്ക് – 1 എ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുക. പ്രചണ്ഡ് കോപ്ടറുകള്‍ വ്യോമസേനയ്ക്കും കരസേനയ്ക്കും വേണ്ടിയുള്ളതാണ്. ഇതിനു പുറമെ, മറ്റു ചില യുദ്ധസാമഗ്രികള്‍ വാങ്ങുന്നതിനുള്ള ഇടപാടിനും പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിംഗിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ഡി.എ.സി അനുമതി നല്‍കിയിട്ടുണ്ട്. ഇതുള്‍പ്പെടെ പ്രതിരോധ കരാറുകളുടെ മൂല്യം 2.23 ലക്ഷം കോടിയോളം വരുമെന്നാണ് കണക്കാക്കുന്നത്.

വ്യോമസേനയുടെ സുഖോയ് എസ്.യു 30 എം.കെ.ഐ വിമാനങ്ങള്‍ നവീകരിക്കുന്നതിനും ഡി.എ.സി അനുമതി നല്‍കിയിട്ടുണ്ട്. 65 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങളുള്ള, തദ്ദേശീയമായി രൂപകല്പന ചെയ്ത് നിര്‍മ്മിച്ച യുദ്ധവിമാനമാണ് തേജസ് മാര്‍ക്ക് – 1 എ. നേരത്തേ നരേന്ദ്രമോദി സര്‍ക്കാര്‍ തേജസ് വിമാനങ്ങള്‍ക്കായി 36,468 കോടി രൂപയുടെ ഓര്‍ഡര്‍ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിന് നല്‍കിയിരുന്നു. ഈ തേജസ് യുദ്ധവിമാനങ്ങളുടെ വിതരണം 2024 ഫെബ്രുവരിയോടെ ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. പ്രതിരോധ മേഖലയിലേക്കും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി വ്യാപിപ്പിക്കുന്നതിനു പുറമെ, അതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇത്ര വലിയ ഇടപാടുമായി ബന്ധപ്പെട്ട് തദ്ദേശ നിര്‍മ്മാതാക്കളുമായി ചര്‍ച്ചയ്ക്ക് സമയമെടുക്കുമെങ്കിലും വിദേശ ഇടപാടുകള്‍ക്ക് വേണ്ടിവരുന്നതിലും വേഗത്തില്‍ നടപടിയാകുമെന്നാണ് പ്രതിരോധ വകുപ്പ് പ്രതീക്ഷിക്കുന്നത്. വില സംബന്ധിച്ച്‌ ധാരണയിലെത്തുന്നതിനാണ് ഏറ്റവും അധികം സമയമെടുക്കുന്നത്. അതില്‍ ധാരണയായാല്‍ സുരക്ഷാകാര്യ കേന്ദ്ര മന്ത്രിസഭാ സമിതി കരാറിന് അന്തിമ അംഗീകാരം നല്‍കും. അങ്ങനെ വന്നാല്‍ ഓര്‍ഡര്‍ ചെയ്ത പ്രതിരോധ സംവിധാനങ്ങള്‍ പത്തുവര്‍ഷത്തിനകം സൈന്യത്തിന്റെ ഭാഗമാകും. വിദേശത്തുനിന്ന് നേരത്തേ വാങ്ങിയ ടാങ്കുകളിലും മറ്റും ഓട്ടോമാറ്റിക് ടാര്‍ഗറ്റ് ട്രാക്കറും ആധുനിക കമ്ബ്യൂട്ടര്‍ സംവിധാനങ്ങളും മറ്റും ഉള്‍പ്പെടുത്തി കാലാനുസൃതമായി നവീകരിക്കുന്നതും കരാറിന്റെ ഭാഗമാണ്.

മോദി സര്‍ക്കാര്‍ 2014-ല്‍ അധികാരത്തില്‍ വന്നതുമുതല്‍ പ്രതിരോധ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് യുദ്ധസാമഗ്രികള്‍ വാങ്ങുന്നതു കുറച്ച്‌, അവ ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയതാണ് അതില്‍ ഏറ്റവും പ്രധാനം. ഇതിന് സ്വകാര്യ പങ്കാളിത്തവും അനുവദിച്ചു. വിദേശത്തുനിന്ന് സ്വകാര്യ കമ്ബനികള്‍ നിര്‍മ്മിക്കുന്നവയാണ് അതിനു മുമ്ബും വാങ്ങിയിരുന്നത്. ഇത് പലപ്പോഴും വലിയ വിവാദങ്ങള്‍ക്കും വര്‍ഷങ്ങള്‍ നീണ്ടുനിന്ന കേസുകള്‍ക്കും മറ്റും ഇടയാക്കിയിരുന്നു. അതില്‍ നിന്നുള്ള ഒരു വലിയ മാറ്റമാണ് ഇപ്പോഴത്തെ പ്രതിരോധ കരാര്‍. ഇത് ഓരോ ഇന്ത്യാക്കാരനും അഭിമാനം പകരുന്നതാണ്.

പ്രതിരോധ വകുപ്പിന് നീക്കിവയ്ക്കുന്ന ഭീമമായ ബഡ്‌ജറ്റിന്റെ സിംഹഭാഗവും വിദേശങ്ങളില്‍ നിന്ന് യുദ്ധക്കോപ്പുകളും മറ്റ് അനുബന്ധ യുദ്ധസാമഗ്രികളും വാങ്ങാൻ ചെലവഴിച്ചിരുന്നതില്‍ നിന്നു മാറി, ആ തുകയുടെ വലിയൊരംശം ഇന്ത്യയില്‍ത്തന്നെ ചെലവഴിക്കപ്പെടുന്നത് പല തലത്തിലും ഇന്ത്യൻ സാമ്ബത്തിക രംഗത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണ്. വര്‍ഷംതോറും അമ്ബതിനായിരത്തോളം ഭടന്മാരെ റിക്രൂട്ട് ചെയ്യുന്ന അഗ്‌നിപഥ് പദ്ധതിയും വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചത്. തുടക്കത്തില്‍ ഇതിനെതിരെ പ്രതിഷേധമുയര്‍ന്നെങ്കിലും പിന്നീട് ഇത് പൊതുവെ അംഗീകരിക്കപ്പെടുകയാണ് ചെയ്തത്. യുദ്ധസാമഗ്രികള്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കാൻ തുടങ്ങിയതോടെ നിരവധി ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങള്‍ ഇന്ത്യയുടെ ആയുധം വാങ്ങാനായി മുന്നോട്ടുവരുന്നതും നല്ല സൂചനയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular