Saturday, July 27, 2024
HomeIndiaകേരളത്തിന്റെ നികുതി വിഹിതത്തില്‍ ഈ മാസം കേന്ദ്രം വെട്ടിക്കുറച്ചത് 332 കോടി: ആരോപണവുമായി ധനമന്ത്രി

കേരളത്തിന്റെ നികുതി വിഹിതത്തില്‍ ഈ മാസം കേന്ദ്രം വെട്ടിക്കുറച്ചത് 332 കോടി: ആരോപണവുമായി ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള നികുതി വിഹിതം കേന്ദ്രം വലിയ തോതില്‍ വെട്ടിക്കുറയ്ക്കുന്നുവെന്ന ആരോപണം വീണ്ടുമുയര്‍ത്തി ധനമന്ത്രി കെ എൻ ബാലഗോപാല്‍.

കേന്ദ്ര നീക്കം സംസ്ഥാനത്തെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ തുല്യമായ പരിഗണനയല്ല സംസ്ഥാനത്തിന് തരുന്നതെന്നും മന്ത്രി പറഞ്ഞു. പാലക്കാട് നവകേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.

കേരളത്തിന്റെ നികുതി വിഹിതത്തില്‍ ഈ മാസം കേന്ദ്രം 332 കോടി രൂപ വെട്ടിക്കുറച്ചുവെന്ന് ബാലഗോപാല്‍ ആരോപിച്ചു. അന്തര്‍ സംസ്ഥാന ചരക്ക്‌, സേവന ഇടപാടുകള്‍ക്കുള്ള നികുതി (ഐജിഎസ്ടി) സെറ്റില്‍മെന്റിന്റെ നവംബറിലെ വിഹിതത്തിലാണു 332 കോടി രൂപ വെട്ടിക്കുറച്ചത്. നവംബറില്‍ 1450 കോടിയാണ് ഈ ഇനത്തില്‍ ലഭിക്കേണ്ടത്. അതില്‍ നിന്നാണ് വീണ്ടും വെട്ടിക്കുറച്ചത്. നികുതി വെട്ടിക്കുറയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.

അഡ്‌ഹോക് സെറ്റില്‍മെന്റിന്റെ ഭാഗമായുള്ള നടപടിയാണെങ്കില്‍ അതിന് അടിസ്ഥാനമാക്കിയ കണക്കുകള്‍ സംസ്ഥാനത്തിനും കൈമാറണം. മുൻകാലങ്ങളില്‍ ഇതേ രീതിയില്‍ നടത്തിയിട്ടുള്ള സെറ്റില്‍മെന്റുകളില്‍ സംസ്ഥാനങ്ങളില്‍നിന്നു തിരിച്ചുപിടിക്കുന്ന തുകയുടെ അനുപാതം സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കണമെന്നു ധനമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നതും കേന്ദ്രത്തില്‍നിന്നു സംസ്ഥാനത്തിനു ലഭിക്കേണ്ട കുടിശിക അനുവദിക്കുന്നതും സംബന്ധിച്ച പ്രശ്‌നങ്ങള്‍ നേരത്തേ ഉന്നയിച്ചിട്ടുള്ളതാണ്. എന്നാല്‍, ഇതില്‍ തീരുമാനമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ഐജിഎസ്ടി സെറ്റില്‍മെന്റില്‍ ഇപ്പോള്‍ വരുത്തിയിട്ടുള്ള കുറവ് സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതിയെ കൂടുതല്‍ വഷളാക്കുന്നതാണെന്നും ധനമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

RELATED ARTICLES

STORIES

Most Popular