Sunday, May 5, 2024
HomeIndiaകുടിവെള്ളത്തിന്റെ പേരില്‍ ആന്ധ്ര പ്രദേശും തെലങ്കാനയും തമ്മിലടിച്ചു; ഇടപെട്ട് കേന്ദ്രം

കുടിവെള്ളത്തിന്റെ പേരില്‍ ആന്ധ്ര പ്രദേശും തെലങ്കാനയും തമ്മിലടിച്ചു; ഇടപെട്ട് കേന്ദ്രം

ഹൈദരാബാദ്: തെലങ്കാന തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്ബ്, ആന്ധ്ര പ്രദേശ് നാഗാര്‍ജുന സാഗര്‍ അണക്കെട്ടിന്റെ ചുമതല ഏറ്റെടുത്ത് വെള്ളം തുറന്നുവിടാൻ തുടങ്ങിയത് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ തെലങ്കാനയിലെ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് തിരിക്കിലായ സമയത്താണ് ആന്ധ്ര പ്രദേശിലെ 700 ഓളം പൊലീസുകാര്‍ നാഗാര്‍ജുന അണക്കെട്ടിലേക്ക് ഇരച്ചുകയറിയത്. കൃഷ്ണ നദിയിലെ അണക്കെട്ടിലെ കനാല്‍ തുറന്ന് മണിക്കൂറില്‍ 500 ക്യുസെക്‌സ് വെള്ളം തുറന്നുവിടുകയും ചെയ്തു.കുടിവെള്ള ആവശ്യങ്ങള്‍ക്കായി കൃഷ്ണ നദിയിലെ നാഗാര്‍ജുന സാഗറിലെ വലത് കനാലില്‍ നിന്ന് വെള്ളം തുറന്നുവിടുകയാണ് എന്ന് ആന്ധ്ര പ്രദേശ് ജലസേചന മന്ത്രി അമ്ബാട്ടി രാംബാബു എക്സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ആന്ധ്ര പ്രദേശും തെലങ്കാനയും തമ്മിലുള്ള കരാര്‍ പ്രകാരം സംസ്ഥാനത്തിന് അവകാശപ്പെട്ട ജലം മാത്രമാണ് എടുത്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഒരു ഉടമ്ബടിയും ലംഘിച്ചിട്ടില്ല. കൃഷ്ണയിലെ 66 ശതമാനം ജലം ആന്ധ്ര പ്രദേശിനും 34 ശതമാനം തെലങ്കാനക്കും അവകാശപ്പെട്ടതാണ്. ഞങ്ങളുടേതല്ലാത്ത ഒരു തുള്ളി വെള്ളം പോലും ഉപയോഗിച്ചിട്ടില്ല. ഞങ്ങളുടെ പ്രദേശത്ത് ഞങ്ങളുടെ കനാല്‍ തുറക്കാൻ ഞങ്ങള്‍ ശ്രമിച്ചു. ഈ വെള്ളം ഞങ്ങളുടേതാണ്.-മന്ത്രി രാംബാബു മാധ്യമങ്ങളോട് പറഞ്ഞു.

സംഘര്‍ഷം ആളിക്കത്തിയ സാഹചര്യത്തില്‍ നവംബര്‍ 28 മുതല്‍ നാഗാര്‍ജുന സാഗര്‍ ജലം വിട്ടുനല്‍കുന്നത് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രം ഇരു സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. തെലങ്കാന, ആന്ധ്ര പ്രദേശ് എന്നിവയുമായുള്ള വിഡിയോ കോണ്‍ഫറൻസില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. പദ്ധതിക്ക് ഇരു സംസ്ഥാനങ്ങളും സമ്മതം അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാൻ, അണക്കെട്ടിന് മേല്‍നോട്ടം വഹിക്കുന്ന സെൻട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സി.ആര്‍.പി.എഫ്) കരാര്‍ പ്രകാരം ഇരുഭാഗത്തും വെള്ളം ലഭിക്കുന്നുണ്ടെന്ന് മേല്‍നോട്ടം വഹിക്കും. ആന്ധ്ര പ്രദേശില്‍ നിന്നുള്ള അഞ്ഞൂറോളം സായുധ പൊലീസുകാര്‍ നാഗാര്‍ജുന സാഗര്‍ അണക്കെട്ടിലെത്തി സി.സി.ടി.വി കാമറകള്‍ കേടുവരുത്തുകയും ഗേറ്റ് നമ്ബര്‍ 5ലെ ഹെഡ് റെഗുലേറ്ററുകള്‍ തുറന്ന് 5000 ക്യുസെക്‌സ് വെള്ളം തുറന്നുവിടുകയും ചെയ്‌തതായി തെലങ്കാന ചീഫ് സെക്രട്ടറി ശാന്തികുമാരി ആരോപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ആന്ധ്രപ്രദേശിന്റെ നീക്കം തെലങ്കാനയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കുമ്ബോള്‍ ഹൈദരാബാദിലെയും സമീപ പ്രദേശങ്ങളിലെയും രണ്ട് കോടി ജനങ്ങളുടെ കുടിവെള്ള വിതരണം ഇത് ഗുരുതരമായി തടസ്സപ്പെടുത്തുമെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ ആന്ധ്ര പൊലീസിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2015ല്‍ ആന്ധ്ര പൊലീസ് അണക്കെട്ടില്‍ കയറാൻ ഇതുപോലുള്ള ശ്രമം നടത്തിയിരുന്നെങ്കിലും തെലങ്കാന സുരക്ഷ സേന സംഭവസ്ഥലത്തെത്തി ശ്രമം തടയുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular