Sunday, May 5, 2024
Homeനിയമസഭ തെരഞ്ഞെടുപ്പ്; നാലിടത്തും ഫലം ഉച്ചയോടെ

നിയമസഭ തെരഞ്ഞെടുപ്പ്; നാലിടത്തും ഫലം ഉച്ചയോടെ

ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള തയാറെടുപ്പില്‍ നിര്‍ണായകമായി കാണുന്ന ‘സെമി ഫൈനലി’ന്‍റെ വോട്ടെണ്ണല്‍ തുടങ്ങി.

മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തിസ്ഗഢ് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം ഉച്ചയോടെ വ്യക്തമാകും. മിസോറമില്‍ സംസ്ഥാനത്തെ പൊതുതാല്‍പര്യം മുൻനിര്‍ത്തി വോട്ടെണ്ണല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

പ്രാദേശിക സാഹചര്യങ്ങളാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രധാനമെങ്കിലും ദേശീയ നേതാക്കള്‍ മുന്നിട്ടിറങ്ങിയ തെരഞ്ഞെടുപ്പു പ്രചാരണമാണ് നടന്നത്. ബി.ജെ.പി ഒരുവശത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇൻഡ്യയുടെ ബാനറില്‍ മറുവശത്തും നില്‍ക്കുന്നതിനിടയില്‍ പുറത്തുവരുന്ന ഫലം, ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള പ്രവണതകള്‍ രൂപപ്പെടുത്തുന്നതില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍.

15 വര്‍ഷമായി ഭരിക്കുന്ന മധ്യപ്രദേശില്‍ നാലാമൂഴം തേടുകയാണ് ബി.ജെ.പി. ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശില്‍ ബി.ജെ.പിയെ താഴെയിറക്കിയാല്‍ പ്രതിപക്ഷനിരക്ക് വിശ്വാസ്യത നല്‍കി ലോക്സഭ തെരഞ്ഞെടുപ്പിനെ മുന്നില്‍നിന്ന് നയിക്കാൻ കരുത്തു നേടാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. തുടര്‍ഭരണത്തിനുവേണ്ടി കോണ്‍ഗ്രസും പതിവുപോലെ ഭരണമാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ബി.ജെ.പിയും നില്‍ക്കുന്ന രാജസ്ഥാനില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. തെലങ്കാനയില്‍ നഷ്ടപ്രതാപം വീണ്ടെടുത്ത് അധികാരം പിടിക്കാമെന്ന കോണ്‍ഗ്രസ് പ്രതീക്ഷകള്‍ക്കിടയില്‍, മൂന്നാമൂഴത്തിന് ശ്രമിക്കുന്ന ബി.ആര്‍.എസിന് വെല്ലുവിളികള്‍ പലതാണ്. ഛത്തിസ്ഗഢില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം വഴി ഭരണത്തുടര്‍ച്ച നേടാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

വിവിധ പ്രാദേശിക നേതാക്കളുടെ പ്രതാപം അളക്കുന്ന വോട്ടെടുപ്പുകൂടിയാണ് നടന്നത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ, കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലെത്തിയ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കോണ്‍ഗ്രസിനെ നയിച്ച മുൻ മുഖ്യമന്ത്രിമാരായ കമല്‍നാഥ്, ദിഗ്വിജയ് സിങ് എന്നിവരുടെ ജനപിന്തുണയാണ് അളക്കുന്നത്. തെലങ്കാന രൂപവത്കരണത്തില്‍ പ്രധാന പങ്കുവഹിച്ച്‌ മുഖ്യമന്ത്രിയായ ചന്ദ്രശേഖര റാവു, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, പ്രതിയോഗിയും മുൻമുഖ്യമന്ത്രിയുമായ രമണ്‍സിങ് എന്നിവരുടെയും സ്വീകാര്യത വോട്ടെണ്ണലില്‍ വ്യക്തമാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular