Thursday, May 2, 2024
HomeIndiaഅഞ്ചാം ട്വന്‍റി-20യില്‍ ഇന്ത്യക്കു ജയം

അഞ്ചാം ട്വന്‍റി-20യില്‍ ഇന്ത്യക്കു ജയം

ബംഗളൂരു: ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ട്വന്‍റി-20യില്‍ ഇന്ത്യൻ പഞ്ച്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇന്ത്യ ആറ് റണ്‍സ് ജയം സ്വന്തമാക്കി. അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.
ആ ഓവര്‍ എറിഞ്ഞ അര്‍ഷദീപ് സിംഗ് മൂന്ന് റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യ ആവേശ ജയവും 4-1ന് പരന്പരയും സ്വന്തമാക്കി. ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പവര്‍പ്ലേ അവസാനിക്കുന്നതിനു മുന്പുതന്നെ ഇന്ത്യൻ ഓപ്പണര്‍മാരെ പവലിയനിലെത്തിക്കാൻ ഓസീസ് ബൗളര്‍മാര്‍ക്കു സാധിച്ചു. 15 പന്തില്‍ 21 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളിനെ ബെഹ്റെൻഡോഫും 12 പന്തില്‍ 10 റണ്‍സ് സ്വന്തമാക്കിയ ഋതുരാജ് ഗെയ്ക്‌വാദിനെ ഡ്വാര്‍ഷ്യസും പുറത്താക്കി.
മൂന്നാം നന്പറായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ ഒരറ്റത്ത് നങ്കൂരമിട്ടു. 37 പന്തില്‍ രണ്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 53 റണ്‍സ് നേടിയ ശ്രേയസ് അയ്യറിന്‍റെ ഇന്നിംഗ്സാണ് ഇന്ത്യയെ പോരാടാനുള്ള സ്കോറില്‍ എത്തിച്ചത്. കൂറ്റനടിക്കാരായ സൂര്യകുമാര്‍ യാദവ് (5), റിങ്കു സിംഗ് (6) എന്നിവര്‍ വേഗത്തില്‍ മടങ്ങിയത് ഇന്ത്യൻ സ്കോറിംഗിനെ പിന്നോട്ടുവലിച്ചു.
വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മ 16 പന്തില്‍ 24 റണ്‍സ് നേടി. 21 പന്തില്‍ 31 റണ്‍സ് നേടിയ അക്സര്‍ പട്ടേല്‍, ശ്രേയസ് അയ്യറിനൊപ്പം ആറാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യൻ ഇന്നിംഗ്സിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടായിരുന്നു ഇത്.

ഓസ്ട്രേലിയയ്ക്കുവേണ്ടി ഓപ്പണര്‍ ട്രാവിസ് ഹെഡ് (18 പന്തില്‍ 28) സ്ഫോടനാത്മക തുടക്കമാണ് കുറിച്ചത്. എന്നാല്‍, ജോഷ് ഫിലിപ്പിനെ ബൗള്‍ഡാക്കി മുകേഷ് കുമാര്‍ ആദ്യ പ്രഹരമേല്‍പ്പിച്ചു.

ഹെഡ്, ആരോണ്‍ ഹാര്‍ഡ്‌ലി (6) എന്നിവരെ പുറത്താക്കി രവി ബിഷ്ണോയ് ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കി. ബെൻ മക്ഡെര്‍മോത്തിന്‍റെ (36 പന്തില്‍ 54) അര്‍ധസെഞ്ചുറിക്ക് ഓസ്ട്രേലിയയെ ജയത്തിലെത്തിക്കാൻ സാധിച്ചില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular