Thursday, May 2, 2024
HomeKeralaകൃഷിയില്‍ പരീക്ഷണകാലം തെങ്ങും കവുങ്ങും തിരികെ വരുന്നു

കൃഷിയില്‍ പരീക്ഷണകാലം തെങ്ങും കവുങ്ങും തിരികെ വരുന്നു

കോട്ടയം: വിലയിടവും കൃഷിച്ചെലവും താങ്ങാനാവാതെ സ്ലോട്ടര്‍ ടാപ്പിംഗിനുശേഷവും മുറിച്ചുമാറ്റാത്ത റബര്‍ തോട്ടങ്ങള്‍ നിരവധി. റബര്‍ വെട്ടിമാറ്റിയാല്‍ ഇനിയൊരു റബര്‍ കൃഷി പരീക്ഷണത്തില്‍നിന്ന് പിന്‍മാറുന്ന തലമുറ.
ഈ സാഹചര്യത്തിലാണ് റംബുട്ടാന്‍, പുലോസാന്‍, മാവ്, ദുരിയാന്‍, മാങ്കോസ്റ്റിന്‍ തുടങ്ങിയ പഴകൃഷിയിലേക്കുള്ള ചുവടുമാറ്റം. ചിലര്‍ സ്ഥലം കൈതകൃഷിക്ക് നല്‍കുന്നു. ഒരു വിഭാഗം തേക്കുകൃഷിയാരംഭിച്ചു. വിയ്റ്റ്‌നാം ഏര്‍ളിപോലുള്ള പ്ലാവ് കൃഷിയും വ്യാപകമായി. എന്നാല്‍ പെട്ടന്ന് ഫലം തരുന്ന വിദേശ ഇനം പ്ലാവുകള്‍ക്ക് ആയുസും തടിവണ്ണവും കുറവാണെന്നത് പരിമിതിയാണ്. പക്ഷികളും വവ്വാലും പരത്തുന്ന രോഗങ്ങള്‍ പതിവായതോടെ പഴവര്‍ഗങ്ങള്‍ക്ക് എക്കാലവും മെച്ചവില ലഭിക്കുമോ എന്ന ആശങ്കപ്പെടുന്നവരുണ്ട്. വാഴകൃഷിയില്‍ വിലവ്യതിയാനം, വന്യമൃഗശല്യം, പ്രകൃതിക്ഷോഭം തുടങ്ങി ഏറെ പ്രശ്‌നങ്ങള്‍. വാഴയ്ക്കും പച്ചക്കറിക്കും ഓണം വിപണിയില്‍ മാത്രമേ ന്യായവില ലഭിക്കൂ. പാഴ്ത്തടിയായ മലവേപ്പിലേക്ക് തിരിഞ്ഞവരുമുണ്ട്.

ഇടവിളയായി കാപ്പി കൃഷിയിലേക്ക് മാറിയവരും കുറവല്ല. വലിയ തോതില്‍ തെങ്ങ് നട്ടവര്‍ക്ക് കേടുപാടും വണ്ട്ശല്യവും വിനയായി. കിഴക്കന്‍മേഖലയില്‍ തേങ്ങാ ഉത്പാദനം മെച്ചമല്ലാതാവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം കപ്പക്കൃഷി നടത്തിയവര്‍ക്ക് നേട്ടമായിരുന്നു. കിലോ 40 രൂപവരെ കപ്പയ്ക്ക് വിലയുണ്ട്. ഒരു വര്‍ഷമായി കപ്പവിലയില്‍ കുറവില്ല.

നിലവില്‍ കവുങ്ങുകൃഷി വ്യാപകമാവുകയാണ്. ഉണക്കപ്പാക്കിന് 300 രൂപയ്ക്കും പഴുക്കായ്ക്ക് ഏഴു രൂപയും വിലയുണ്ട്. ജലസൗകര്യമുള്ള പ്രദേശങ്ങളില്‍ ഇപ്പോള്‍ വ്യാപകമാകുകയാണ് കവുങ്ങ്.

കാറ്റുവീഴ്ചയും ഫംഗസ് ബാധയും പുതിയ ഇനങ്ങളെ ബാധിക്കുമോ എന്ന ആശങ്ക വ്യാപകമാണ്. അടയ്ക്കയ്ക്ക് വരുംഭാവിയിലും ഡിമാന്‍ഡ് തുടരുമെന്ന സാധ്യതയിലാണ് കവുങ്ങിന് പ്രിയമേറുന്നത്.

എന്നാല്‍ അടയ്ക്ക പറിച്ചെടുക്കാന്‍ തൊഴിലാളികളെ കിട്ടാനില്ലെന്നതും തെങ്ങ് കയറ്റയന്ത്രം കവുങ്ങില്‍ പ്രായോഗികമല്ലെന്നതും പരിമിതിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular