Saturday, May 18, 2024
HomeKeralaമറ്റൊരിടത്തുമില്ലാത്തവിധം കേരളം കര്‍ഷകക്ഷേമം ഉറപ്പുവരുത്തുന്നു- മുഖ്യമന്ത്രി

മറ്റൊരിടത്തുമില്ലാത്തവിധം കേരളം കര്‍ഷകക്ഷേമം ഉറപ്പുവരുത്തുന്നു- മുഖ്യമന്ത്രി

തൃശ്ശൂര്‍: രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത വിധം കര്‍ഷകക്ഷേമം ഉറപ്പുവരുത്താൻ സംസ്ഥാനത്തിന് സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്തിന്റെ പരിമിതികളെ അതിജീവിച്ച്‌ കര്‍ഷകര്‍ക്ക് അനുകൂലമായ നിരവധി നയങ്ങളും പദ്ധതികളുമാണ് കഴിഞ്ഞ ഏഴു വര്‍ഷമായി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശ്ശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസങ്ങളില്‍ പാലക്കാട്ട് നെല്‍കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും നവകേരള സദസ്സില്‍ സംസാരിച്ചത്. 1990-കളില്‍ നടപ്പാക്കിയ നവ ഉദാരവല്‍കരണ നയങ്ങള്‍ കൂടുതല്‍ തീവ്രതയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിൻ്റെ ഭാഗമായി കടുത്ത പ്രതിസന്ധി നേരിടേണ്ടിവന്നിട്ടുള്ളത് രാജ്യത്തെ കാര്‍ഷിക മേഖലയ്ക്കാണ്. 90-കള്‍ തൊട്ടിതുവരെ രാജ്യത്ത് ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യചെയ്തു എന്നത് ഈ പ്രതിസന്ധിയുടെ ആഴം എത്രമാത്രമെന്ന് വ്യക്തമാക്കുന്നു.

നെല്ലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന താങ്ങുവില 20 രൂപ 40 പൈസ ആണ്. എന്നാല്‍ കേരളം 28 രൂപ 20 പൈസയ്ക്കാണ് നെല്ല് സംഭരിക്കുന്നത്. അധിക തുകയായ 7 രൂപ 80 പൈസ കേരളം സ്വന്തം നിലയ്ക്കാണ് നല്‍കുന്നത്.

കേന്ദ്രത്തില്‍ നിന്നുള്ള തുകയ്ക്ക് കാത്തുനില്‍ക്കാതെ തന്നെ കര്‍ഷകൻറെ അക്കൗണ്ടില്‍ മുഴുവൻ തുകയും ലഭ്യമാക്കുകയാണ് കേരളം ചെയ്യുന്നത്. അതിനായി ബാങ്കുകള്‍ വഴി പി.ആര്‍.എസ്സിലൂടെ അഡ്വാൻസായി നല്‍കുന്ന തുകയുടെ പലിശ വഹിക്കുന്നത് സംസ്ഥാനമാണ്. ഇതിനുപുറമെ നെല്ല് അരിയാക്കുന്നതിന് ചിലവാകുന്ന തുകയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. നെല്ല് സംഭരണത്തിൻറെ കേന്ദ്രവിഹിതമായ 790 കോടി രൂപ ഇനിയും സംസ്ഥാനത്തിന് ലഭിക്കാനുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മിഷോങ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ ചെന്നൈ നഗരമാകെ പേമാരിയില്‍ കനത്ത ദുരിതം അനുഭവിക്കുകയാണ്. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ ചേര്‍ത്തുനിര്‍ത്തേണ്ടതുണ്ട്. ഇന്നലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ബന്ധപ്പട്ട് സ്ഥിതിഗതികള്‍ അന്വേഷിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular