Thursday, May 9, 2024
HomeKeralaവയനാട് നഗരത്തില്‍ 'ജലധാര'; ഓട്ടോ തൊഴിലാളികള്‍ ദുരിതത്തില്‍

വയനാട് നഗരത്തില്‍ ‘ജലധാര’; ഓട്ടോ തൊഴിലാളികള്‍ ദുരിതത്തില്‍

മാനന്തവാടി: ജലവിഭവ വകുപ്പ് വക നഗരത്തില്‍ ജലധാര; ദുരിതത്തിലായി ഓട്ടോ തൊഴിലാളികളും കാല്‍നടക്കാരും. കുടിവെള്ള പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം പരന്നൊഴുകിയതാണ് കാരണം.

തിങ്കളാഴ്ച വൈകീട്ട് 3.45നു ഗാരേജ് റോഡില്‍ നിന്ന് എരുമത്തെരുവിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ കണക്ഷൻ പോയന്റിലുള്ള പൈപ്പാണ് പൊട്ടിയത്. നടപ്പാതയോടു ചേര്‍ന്നു സ്ഥാപിച്ച പൈപ്പ് പൊട്ടി സമീപത്തെ കടകളുടെ മുന്നിലേക്കും എത്തി. പൊട്ടിയിടത്തുനിന്ന് 200 മീറ്ററിലധികം ഒഴുകി വെള്ളം ഗാന്ധിപാര്‍ക്ക് വഴി പോസ്റ്റോഫിസ് റോഡിലേക്ക് പ്രവേശിച്ചു.

എരുമത്തെരുവില്‍ നിന്ന് റോഡരികിലൂടെ കുത്തിയൊഴുകിയ വെള്ളം വാളാട് ബസ് സ്റ്റോപ്പിനു സമീപത്തെത്തിയപ്പോഴാണ് റോഡിലേക്ക് പരന്നൊഴുകിയത്. മലയോര ഹൈവേയുടെ ഭാഗമായി റോഡുപണി നടക്കുന്ന ഇവിടെ ചളിക്കുളമായതോടെ സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിലുള്ള ഡ്രൈവര്‍മാര്‍ ബുദ്ധിമുട്ടി. യാത്രക്കാര്‍ക്ക് ഓട്ടോയില്‍ കയറാനും പ്രയാസമായി. വിവരമറിയിച്ചതിനെ തുടര്‍ന്ന് ജല അതോറിറ്റി അധികൃതര്‍ ടാപ്പ് പൂട്ടിയാണ് പ്രശ്നം പരിഹരിച്ചത്.

അര മണിക്കൂറോളമാണ് കുടിവെള്ളം കുത്തിയൊഴുകിയത്.മലയോര ഹൈേവയുടെ ഭാഗമായി മാനന്തവാടി ടൗണില്‍ ജലഅതോറിറ്റി പുതിയ പൈപ്പ്‌ലൈനുകള്‍ ഇട്ടുകൊണ്ടിരിക്കുകയാണ്. മാനന്തവാടി ഗാന്ധിപാര്‍ക്ക് മുതല്‍ പാലാക്കുളി കവല വരെയുള്ള ഭാഗത്താണ് പൈപ്പ്‌ലൈൻ സ്ഥാപിച്ചത്.

പാലാക്കുളി മുതല്‍ ഗവ. എൻജിനീയറിങ് കോളജ് വരെയുള്ള ഭാഗത്തേക്ക് ടെൻഡര്‍ ഇതുവരെ പൂര്‍ത്തിയാകാത്തതിനാല്‍ പ്രവൃത്തി തുടങ്ങിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular