Sunday, April 28, 2024
HomeKeralaഡോക്‌ടര്‍ ഷഹനയുടെ ആത്മഹത്യ, ആരോപണവിധേയനായ ഡോക്ടര്‍ റുവൈസ് കസ്‌റ്റഡിയില്‍

ഡോക്‌ടര്‍ ഷഹനയുടെ ആത്മഹത്യ, ആരോപണവിധേയനായ ഡോക്ടര്‍ റുവൈസ് കസ്‌റ്റഡിയില്‍

കൊല്ലം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയായിരുന്ന ഡോ. ഷഹനയുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ ഡോക്ടര്‍ ഇ.എ റുവൈസ് പൊലീസ് കസ്‌റ്റഡിയില്‍.

ഇയാളെ ഇന്നലെ പ്രതി ചേര്‍ത്തിരുന്നു. കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്നാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനു ശേഷമാണ് കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചതെന്ന് പൊലീസ് വ്യക്തമാക്കി

‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്” എന്ന് കുറിപ്പെഴുതിയ ശേഷമാണ് ഡോ.ഷഹന മരണത്തിന് കീഴടങ്ങിയത്. ഒപ്പം പഠിച്ചിരുന്ന പി.ജി മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഇ.എ റുവൈസും കുടുംബവും താങ്ങാനാവാത്ത സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയതാണ് ആത്മഹത്യക്കുള്ള കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.
മെഡിക്കല്‍ കോളേജ് സി.ഐ പി.ഹരിലാല്‍ ഷഹനയുടെ വീട്ടിലെത്തി ഉമ്മ, സഹോദരി എന്നിവരില്‍ നിന്നു മൊഴിയെടുത്തിരുന്നു.

റുവൈസ് വിവാഹാലോചനയുമായി വന്നിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നു. വരന്റെ വീട്ടുകാര്‍ ചോദിച്ച വലിയ സ്ത്രീധനം കൊടുക്കാൻ കഴിഞ്ഞില്ല. ഇതിനാല്‍ വിവാഹം മുടങ്ങി. ഇതോടെ ഷഹന മാനസികമായി തളര്‍ന്നെന്ന് സഹോദരൻ പൊലീസിനോടു പറഞ്ഞു. 50 ലക്ഷം രൂപയുടെ സ്വത്തും 50 പവൻ സ്വര്‍ണംഅല്ലെങ്കില്‍ കാറും നല്‍കാൻ തയ്യാറായിരുന്നു. എന്നാല്‍, 150 പവനും ഒരു ഏക്കറും ബി.എം.ഡബ്ല്യു കാറും ഒന്നരക്കോടി രൂപയും ചോദിച്ചെന്നാണ് ഷഹനയുടെ സഹോദരന്റെ പരാതി. ഡോക്ടറുടെ പിതാവാണ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടത്. പിതാവിന്റെ നിര്‍ബന്ധത്തിന് മകനും വഴങ്ങി. മൂന്നു മാസം മുൻപായിരുന്നു ഇത്.

ഷഹനയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരുടെയും ചാറ്റുകളും പരിശോധിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തിലെ പി.ജി വിദ്യാര്‍ത്ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഡോ. ഷഹനയെ തിങ്കളാഴ്ച രാത്രിയിലാണ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസ സ്ഥലത്ത് അനസ്‌തേഷ്യയ്‌ക്കുള്ള മരുന്നു കുത്തിവച്ചാണ് മരിച്ചത്. ഉന്നത അന്വേഷണം ആവശ്യപ്പെട്ട് ഷഹനയുടെ ഉമ്മ ഇന്ന് ഡി.ജി.പിക്ക് പരാതി നല്‍കും.
അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാൻ മന്ത്രി വീണാ ജോര്‍ജ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കു നിര്‍ദ്ദേശം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular