Saturday, May 18, 2024
HomeKeralaസസ്യമാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് വിട്ടൊഴിയാതെ വിവാദങ്ങള്‍

സസ്യമാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് വിട്ടൊഴിയാതെ വിവാദങ്ങള്‍

കായംകുളം: വിവാദങ്ങള്‍ വിട്ടൊഴിയാത്ത നഗരത്തിലെ സസ്യമാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് ഭരണ നേതൃത്വത്തിന് ബാധ്യതയാകുന്നു.

നിര്‍മാണത്തിനായി ഒന്നര പതിറ്റാണ്ട് മുമ്ബ് പഴയ കെട്ടിടം പൊളിച്ചത് മുതല്‍ തുടങ്ങിയ വിവാദങ്ങളാണ് ഒന്നിന് പുറകെ ഒന്നായി ഇന്നും തുടരുന്നത്. അഴിമതിയും ക്രമക്കേടും സ്വജനപക്ഷപാതവുമായി വിജിലൻസിന്റെ കര്‍ശന നിരീക്ഷണം വന്നതോടെ അധികൃതരുടെ നെഞ്ചിടിപ്പും കൂടുകയാണ്. കടമുറി സ്വന്തമാക്കാൻ പതിറ്റാണ്ട് കാലം കാത്തിരുന്ന വ്യാപാരികളാകട്ടെ പെരുവഴിയിലും തുടരുന്നു.

2009 ലെ യു.ഡി.എഫ് ഭരണത്തിന്റെ കാലാവധി തീരാറായപ്പോഴാണ് 25 വര്‍ഷം പഴക്കമുള്ള ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്നത്. പ്ലാനും എസ്റ്റിമേറ്റും ഇല്ലാതെ തുടങ്ങിയ പദ്ധതിയില്‍ കെട്ടിടത്തിന്‍റെ അടിത്തറ തോണ്ടി മണ്ണ് കടത്തുന്നതില്‍ തുടങ്ങിയ വിവാദങ്ങളാണ് പലവിധത്തില്‍ ഇപ്പോഴും തുടരുന്നത്.

ബജറ്റില്‍ ഒരു രൂപ പോലും വകകൊള്ളിക്കാതെയാണ് അന്ന് പദ്ധതി പ്രഖ്യാപിച്ച്‌ ശിലാസ്ഥാപനം നടത്തിയത്. മുടങ്ങി കിടന്ന പദ്ധതി തുടര്‍ന്നുള്ള യു.ഡി.എഫ് ഭരണത്തിന്റെ അവസാനത്തിലാണ് വീണ്ടും രൂപപ്പെടുത്തുന്നത്. 6.4 കോടി രൂപ വായ്പയും 1.2 കോടി നഗരസഭ വിഹിതവും വകയിരുത്തിയപ്പോഴേക്കും അവര്‍ അധികാരത്തിന് പുറത്തുപോയി. തുടര്‍ന്നു വന്ന ഇടത് ഭരണസമിതി മൂന്നര വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ചു. എന്നാല്‍ വൈദ്യുതീകരണം അടക്കം പൂര്‍ത്തീകരിക്കാതെയും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയുമുള്ള ഉദ്ഘാടന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രി വിട്ടു നിന്നത് ചര്‍ച്ചയായിരുന്നു.

ഇതിനിടെ നിര്‍മാണത്തിലെ അപാകതകള്‍ സംബന്ധിച്ച്‌ പലവിധ വിവാദങ്ങള്‍ ഉയര്‍ന്നു. ഉദ്ഘാടനം കഴിഞ്ഞിട്ടും ഒഴിപ്പിക്കപ്പെട്ട 36 കച്ചവടക്കാര്‍ക്കും കടമുറികള്‍ നിശ്ചയിച്ച്‌ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതും തര്‍ക്കങ്ങള്‍ക്കിടയാക്കി. 2009ല്‍ തന്നെ വാടകയും ഡെപ്പോസിറ്റും നിശ്ചയിച്ച്‌ നഗരസഭ സെക്രട്ടറി ഒപ്പിട്ട കരാര്‍ പാലിക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിടം പൂര്‍ത്തീകരിച്ച്‌ കൈമാറുമെന്നായിരുന്നു കരാര്‍. അതുവരെ താല്‍ക്കാലിക കടകള്‍ക്കും അനുമതി നല്‍കി. കടമുറികള്‍ മാറ്റി നല്‍കിയതിന് എതിരെ ഇതിനിടയില്‍ ചില കച്ചവടക്കാര്‍ കോടതിയെ സമീപിച്ചതും തിരിച്ചടിയായി. ഇത്തരം നൂലാമാലകളാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും ഷോപ്പിംഗ് കോംപ്ലക്സ് സ്തംഭിച്ച്‌ നില്‍ക്കാൻ കാരണമായത്. തുടര്‍ന്നു വന്ന ഇടത് ഭരണ നേതൃത്വത്തിനും ഇതില്‍ പരിഹാരം കാണാനായില്ല. ഇതുകാരണം കോടികളുടെ വായ്പ പലിശയടക്കം തിരിച്ചടവില്ലാതെ കുന്നുകൂടുകയാണ്. വിജിലൻസ് പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതും വിഷയം സങ്കീര്‍ണമാക്കുകയാണ്. നിര്‍മാണത്തിലെ അപാകത കെട്ടിടത്തിന്റെ ചോര്‍ച്ചക്കും കാരണമാകുന്നു. നിര്‍മാണത്തിലെ പോരായ്മകളും കടമുറികളുടെ കൈമാറ്റത്തെ ബാധിച്ചിരുന്നു. ഒന്നര പതിറ്റാണ്ടായിട്ടും തുറക്കാൻ കഴിയാത്തതിലൂടെ നഗരസഭക്ക് കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular