Monday, May 6, 2024
HomeIndiaരാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളെ അവഗണിച്ചെന്ന് അരവിന്ദ് കെജ്രിവാള്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളെ അവഗണിച്ചെന്ന് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളെ അവഗണിച്ചെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍.

പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ എ.എ.പിക്കല്ലാതെ മറ്റൊരു പാര്‍ട്ടിക്കും താല്‍പ്പര്യമില്ലെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു. ബി.ആര്‍.അംബേദ്കറുടെ ചരമവാര്‍ഷികത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ബാബാ സാഹിബ് നമ്മെ വിട്ടുപിരിഞ്ഞത് നമ്മുടെ രാജ്യത്തിന് ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹം 15 വര്‍ഷം കൂടി ജീവിച്ചിരുന്നെങ്കില്‍ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും മെച്ചപ്പെടുത്തുമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച 75 വര്‍ഷത്തിനിടയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച്‌ സര്‍ക്കാര്‍ വിദ്യാലയങ്ങളെ അവഗണിച്ചു. അവരുടെ അജണ്ടയില്‍ വിദ്യാഭ്യാസത്തിന് മുൻഗണനയില്ല” – അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യം മഹത്തായ പല നേതാക്കളെ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസത്തിന് ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കിയത് ബാബാ സാഹിബ് മാത്രമാണെന്നും വിദ്യാഭ്യാസത്തെക്കുറിച്ച്‌ അദ്ദേഹം ചര്‍ച്ച ചെയ്തതുപോലെ മറ്റാരും ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പാര്‍ട്ടികള്‍ എ.എ.പിയുടെ മുഴുവൻ ക്ഷേമപദ്ധതികളും പകര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പൊതുജനക്ഷേമ ഗ്യാരന്റികള്‍ ആദ്യമായി കൊണ്ടുവന്നത് താനാണെന്ന് കെജ്‌രിവാള്‍ അവകാശപ്പെട്ടു. ഇപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സൗജന്യ വൈദ്യുതിയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നതെന്നും അവരാരും സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ എ.എ.പി വലിയ പ്രവര്‍ത്തനമാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചാല്‍ ദാരിദ്ര്യം ഉള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചില്ലെങ്കില്‍ വരും തലമുറകള്‍ പിന്നാക്കം പോകുമെന്നും അദ്ദേഹം പറഞ്ഞു. എ.എ.പിയുടെ കീഴിലുള്ള ഡല്‍ഹി സര്‍ക്കാരിന് ഏഴ് വര്‍ഷം കൊണ്ട് ഡല്‍ഹിയിലെ രണ്ട് കോടി ജനങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാൻ കഴിയുമെങ്കില്‍ 75 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കാമായിരുന്നുവെന്നും എന്നാല്‍ ബോധപൂര്‍വം ജനങ്ങളെ വിദ്യാഭ്യാസമില്ലാത്തവരാക്കി നിര്‍ത്തിയെന്നും അദ്ദേഹം ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular