Sunday, May 19, 2024
HomeUSAഎക്കോ ഹ്യുമാനിറ്റേറിയൻ അവാര്‍ഡ്; അപേക്ഷ 15ന് മുമ്ബ് സമര്‍പ്പിക്കണം

എക്കോ ഹ്യുമാനിറ്റേറിയൻ അവാര്‍ഡ്; അപേക്ഷ 15ന് മുമ്ബ് സമര്‍പ്പിക്കണം

ന്യൂയോര്‍ക്ക്: ലോംഗ് ഐലൻഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത കാരുണ്യ സംഘടനയായ എക്കോയുടെ (ECHO- Enhance Community through Harmonious Outreach) 2023ലെ ഹ്യുമാനിറ്റേറിയൻ അവാര്‍ഡിന് അര്‍ഹനാകുന്ന വ്യക്തിയെ തെരഞ്ഞെടുക്കുന്ന തിനുള്ള അപേക്ഷ ഈ മാസം 15ന് മുമ്ബായി സമര്‍പ്പിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ലോകത്തിന്‍റെ ഏതെങ്കിലും ഭാഗങ്ങളില്‍ വ്യക്തിപരമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന അമേരിക്കൻ നിവാസിയും ഇന്ത്യൻ വംശജനുമായ ഏതൊരാള്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

2024 ജനുവരി ഏഴിന് വൈകുന്നേരം നാല് മുതല്‍ ജെറിക്കോയിലുള്ള കൊട്ടിലിയൻ റസ്റ്റോറന്‍റില്‍ (440 Jericho Turnpike, Jericho, NY 11753) വച്ച്‌ നടത്തപ്പെടുന്ന വാര്‍ഷിക ഡിന്നര്‍ മീറ്റിംഗില്‍ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള പ്രമുഖരുടെ മഹനീയ സാന്നിധ്യത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് അവാര്‍ഡ് സമ്മാനിക്കുന്നതാണ്. 2,500 ഡോളറും പ്രശംസാ ഫലകവുമാണ് അവാര്‍ഡായി ലഭിക്കുന്നത്.

അവാര്‍ഡിന് അര്‍ഹരാകുന്നതിനുള്ള നിബന്ധനകള്‍:

1. അവാര്‍ഡിന് അപേക്ഷിക്കുന്നവര്‍ വ്യക്തികളായിരിക്കണം. 2. അപേക്ഷകര്‍ അമേരിക്കയിലെ ഏതെങ്കിലും സംസ്ഥാനത്തു താമസിക്കുന്നവരായിരിക്കണം 3. ലോകത്തിന്‍റെ ഏതു ഭാഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരായിരിക്കണം

4. കാഷ് അവാര്‍ഡായി ലഭിക്കുന്ന 2,500 ഡോളര്‍ അവര്‍ ചെയ്യുന്ന ഏതെങ്കിലും കാരുണ്യ പ്രവര്‍ത്തന പ്രോജെക്ടിലേക്കു ഉപയോഗിക്കേണ്ടതാണ് 5. ന്യൂയോര്‍ക്കില്‍ വച്ച്‌ ജനുവരി ഏഴിന് നടത്തപ്പെടുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ നേരിട്ട് ഹാജരായി അവാര്‍ഡ് സ്വീകരിക്കാൻ തയാറുള്ളവരായിരിക്കണം.

6. അപേക്ഷകര്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവരും ഇന്ത്യൻ വംശജരും ആയിരിക്കണം 7. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്തിട്ടുള്ള കാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിശദ റിപ്പോര്‍ട്ടും തെളിവുകളും സഹിതം അപേക്ഷകള്‍ 15ന് രാത്രി 12 മണിക്ക് (ന്യൂയോര്‍ക്ക് സമയം) മുമ്ബായി [email protected] എന്ന ഈമെയിലില്‍ ലഭിച്ചിരിക്കണം

8. മുൻ വര്‍ഷങ്ങളില്‍ എക്കോയില്‍ നിന്നും പ്രസ്തുത അവാര്‍ഡിന് അര്‍ഹരായവര്‍ വീണ്ടും ഈ വര്‍ഷത്തെ അവാര്‍ഡിന് അപേക്ഷിക്കാൻ അനുവദനീയമല്ല 9. എക്കോ നിശ്ചയിക്കുന്ന അവാര്‍ഡ് കമ്മറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമായി എക്കോ 2021ല്‍ ആരംഭിച്ച ഹ്യുമാനിറ്റേറിയൻ അവാര്‍ഡിന്‍റെ മൂന്നാമത് അവാര്‍ഡ് ദാന ചടങ്ങാണ് ജനുവരി ഏഴിന് നടത്തുവാൻ ക്രമീകരിക്കുന്നത്.

ന്യൂഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന ജോണ്‍ മാത്യു (ജോ) 2021ലും യോങ്കേഴ്‌സ് സ്കാര്‍സ്‌ഡേലില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ജോര്‍ജ് ജോണ്‍ കല്ലൂര്‍ (ബെന്നി) 2022ലും പ്രസ്തുത അവാര്‍ഡിന് അര്‍ഹരായവരാണ്.

ഒരു ദശാബ്ദം മുമ്ബ് സമാന മനസ്കരായ ഏതാനും പേര്‍ ചേര്‍ന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും മാതൃരാജ്യത്തും പലവിധത്തില്‍ കഷ്ടത അനുഭവിക്കുന്നവരെ തങ്ങളാലാവും വിധം കാരുണ്യസ്പര്‍ശം നല്‍കി സഹായിക്കാം എന്ന ചിന്തയില്‍ രൂപപ്പെടുത്തിയ സംഘടനയാണ് എക്കോ.

ഓരോ വര്‍ഷവും പുതിയ മേഖലകളില്‍ അര്‍ഹരായവര്‍ക്ക് സഹായം നല്‍കുന്നതിന് എക്കോയ്ക്ക് സാധിച്ചു. 501(c)(3) നോണ്‍ പ്രോഫിറ്റ് ചാരിറ്റി സംഘടനയായി രജിസ്റ്റര്‍ ചെയ്യപ്പെട്ട എക്കോ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി കഴിഞ്ഞു.

പ്രവര്‍ത്തന പന്ഥാവില്‍ പത്തു വര്‍ഷം പൂര്‍ത്തീകരിക്കുന്ന എക്കോ ഈ വര്‍ഷം പത്ത് നിര്‍ധനരായവര്‍ക്കു വീട് നിര്‍മിച്ച്‌ നല്‍കണമെന്നാണ് പദ്ധതി ഇടുന്നത്. അതിനുള്ള ഫണ്ട് ശേഖരണം കൂടിയാണ് ജനുവരിയില്‍ നടത്തപ്പെടുന്ന വാര്‍ഷിക ഡിന്നര്‍ മീറ്റിംഗില്‍ ക്രമീകരിക്കുന്നത്.

എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം മൂന്നര മുതല്‍ ഏഴ് വരെ ന്യൂ ഹൈഡ് പാര്‍ക്കിലെ ക്ലിന്‍റണ്‍ ജി മാര്‍ട്ടിൻ ഹാളില്‍ എക്കോയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന സീനിയര്‍ വെല്‍നെസ് പരിപാടി ഇതിനോടകം നല്ല ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.

ജീവിത യാത്രയുടെ സായാഹ്ന കാലങ്ങളില്‍ റിട്ടയര്‍മെന്‍റിനു ശേഷം സ്വന്തം ഭവനങ്ങളില്‍ ഏകാന്തത അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ മാനസികോല്ലാസത്തിനും ആരോഗ്യ പരിപാലനത്തിനുമായി ആഴ്ചതോറും നടത്തിവരുന്ന സീനിയര്‍ വെല്‍നെസ് പരിപാടി ആഴ്ചയില്‍ അഞ്ചു ദിവസവും നടത്തുന്നതിനുള്ള പദ്ധതിയും ആലോചനയിലുണ്ട്.

ലോംഗ് ഐലൻഡിലെ പ്രശ്‌സത ആരോഗ്യവിദഗ്ദ്ധനായ ഡോ. തോമസ് മാത്യു ചെയര്‍മാൻ ആയ എക്കോയില്‍ വിവിധ പരിപാടികള്‍ നടത്തുന്നതിനായി സാബു ലൂക്കോസ്, തോമസ് എം. ജോര്‍ജ് (ജീമോൻ), ബിജു ചാക്കോ, വര്‍ഗീസ് ജോണ്‍, ടി.ആര്‍. ജോയി, ആനി മാത്യു, കെ. ബി. ശാമുവേല്‍, കാര്‍ത്തിക് ധര്‍മ്മ, മാത്യുക്കുട്ടി ഈശോ, വര്‍ഗീസ് എബ്രഹാം (രാജു), ബെജി ജോസഫ്, സജി ജോര്‍ജ് തുടങ്ങിയവര്‍ മുൻകൈ എടുത്ത് സുതാര്യമായി പ്രവര്‍ത്തിക്കുന്നു.

അവാര്‍ഡ് സംബന്ധിച്ചും എക്കോയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയണമെന്ന് താത്പര്യമുള്ളവര്‍ 516-902-4300 എന്ന നമ്ബറുമായി ബന്ധപ്പെടാവുന്നതാണ്. Visit: www.echoforhelp.org.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular