Thursday, April 25, 2024
HomeKeralaജി സുധാകരനെതിരെ നടപടിയുമായി സിപിഎം; പരസ്യമായി ശാസിക്കാൻ തീരുമാനം

ജി സുധാകരനെതിരെ നടപടിയുമായി സിപിഎം; പരസ്യമായി ശാസിക്കാൻ തീരുമാനം

തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തിൽ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലുണ്ടായ വീഴ്ചയില്‍ മുതിർന്ന നേതാവ് ജി സുധാകരനെതിരെ നടപടിയുമായി പാർട്ടി. മുന്‍ മന്ത്രിയും പാർട്ടി സംസ്ഥാന കമ്മറ്റി അംഗവുമായ ജി സുധാകരനെതിരേ പരസ്യ ശാസന നടത്താൻ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

തിരുവനന്തപുരം എകെജി സെന്ററിൽ ശനിയാഴ്ച ചേർന്ന പാർട്ടി സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. അമ്പലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാര്‍ഥി എച്ച് സലാമിന് വേണ്ടി പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നതായുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീമും കെജെ തോമസും ഉള്‍പ്പെടുന്ന കമ്മിഷനാണ് തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് അന്വേഷണം നടത്തിയത്.

അമ്പലപ്പുഴയില്‍ പ്രചാരണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വർഷം ജൂലൈയിൽ അന്വേഷണം ആരംഭിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റികള്‍ അവലോകനം നടത്തുകയും റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിക്കു കൈമാറുകയും ചെയ്തിരുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേതിനു പിന്നാലെ സംസ്ഥാന കമ്മിറ്റിയിലും സുധാകരനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ടിലും അമ്പലപ്പുഴയില്‍ വീഴ്ച സംഭവിച്ചുവെന്ന പരാമര്‍ശമുണ്ടായിരുന്നു.

പൊതുമരാമന്ത്രിയായിരുന്ന ജി സുധാകരനു പകരം എച്ച് സലാമിനെയാണ് അമ്പലപ്പുഴയില്‍ ഇത്തവണ സിപിഎം മത്സരിപ്പിച്ചത്. രണ്ട് തവണ എംഎല്‍എ ആയവരെ മാറ്റിനിര്‍ത്താനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനമാണ് ജി സുധാകരന്റെ വഴിയടച്ചത്.

പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ സലാമിനെതിരേ പോസ്റ്റര്‍ നിറഞ്ഞിരുന്നു. അദ്ദേഹം എസ്.ഡി.പി.ഐക്കാരനാണെന്ന് ആരോപിക്കുന്ന തരത്തിലുള്ള പ്രചാരണം നടന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ജി സുധാകരന്‍ തയാറായില്ലെന്നും മുതിര്‍ന്ന നേതാവായ അദ്ദേഹത്തിന്റെ പിന്തുണ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വേണ്ടത്ര ഉണ്ടായില്ലെന്നും ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത്‌

സിപിഎം ഇരുപത്തിമൂന്നാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ സംസ്ഥാന സമ്മേളനം 2022 മാര്‍ച്ച്‌ ഒന്ന് മുതല്‍ നാല് വരെ എറണാകുളത്ത്‌ നടത്താനും പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അതേസമയം ഇന്ധനവില വര്‍ദ്ധനവിനെതിരെ സംസ്ഥാനത്ത് സമരം ശക്തമാക്കാനും സംസ്ഥാന സമിതിയോഗത്തിൽ തീരുമാനിച്ചതായി പാർട്ടി അറിയിച്ചു.

പാര്‍ടി കേന്ദ്രകമ്മിറ്റി ആഹ്വാന പ്രകാരം നവംബര്‍ 16 ന്‌ ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്‌ മുന്നില്‍ ധർണ സംഘടിപ്പിക്കും. രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം 6.00 മണിവരെയാണ് പ്രതിഷേധ ധര്‍ണ്ണ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular