Saturday, April 20, 2024
HomeKeralaപരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത കാര്യങ്ങൾ; എംജിയിലെ ജാതിവിവേചനം അവസാനിപ്പിക്കാന്‍ സർക്കാർ തയ്യാറാവണം: കെ സുധാകരൻ

പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത കാര്യങ്ങൾ; എംജിയിലെ ജാതിവിവേചനം അവസാനിപ്പിക്കാന്‍ സർക്കാർ തയ്യാറാവണം: കെ സുധാകരൻ

തിരുവനന്തപുരം: മഹാത്മ ഗാന്ധി സര്‍വ്വകലാശാലയില്‍ സമരം തുടരുന്ന ഗവേഷക വിദ്യാര്‍ത്ഥിനി നേരിടുന്ന കടുത്ത ജാതിവിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും അനുയോജ്യമല്ലാത്ത സംഭവങ്ങളാണ് വിദ്യാര്‍ത്ഥിനിയുടെ പഠന കാലഘട്ടത്തിലുടനീളം ഉണ്ടായിരിക്കുന്നത്. പിഎച്ച് ഡി യ്ക്ക് ഇരിപ്പിടം അനുവദിക്കാത്തതടക്കം കൊടിയ പീഡനങ്ങളാണ് ആ കുട്ടിയ്ക്ക് നേരിടേണ്ടി വന്നതെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

സ്വന്തം പാര്‍ട്ടിയുടെ ദളിത് പ്രേമം വെള്ളിത്തിരയില്‍ കണ്ട് കൈയ്യടിക്കുന്ന മന്ത്രിമാരും സിപിഎം സഹയാത്രികരും ചരിത്രത്തിലൂടെ ഒന്നു കണ്ണോടിക്കുന്നത് നന്നായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.

1962 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായി ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാട് ചുമതലയേല്‍ക്കുമ്പോള്‍, അതേ വര്‍ഷം കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുത്തത് ആന്ധ്രാപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും ദളിത് സാമൂഹിക പ്രവര്‍ത്തകനുമായ ദാമോദരം സഞ്ജീവയ്യയെ ആയിരുന്നു.

1964 ല്‍ നിലവില്‍ വന്ന സിപിഎമ്മിന്റെ ചരിത്രത്തിലിന്നുവരെ പോളിറ്റ്ബ്യുറോയില്‍ ദളിത് പ്രാതിനിധ്യം ഉണ്ടായിട്ടില്ലാത്തത് ആ പാര്‍ട്ടി പുലര്‍ത്തുന്ന ദളിത് വിരുദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.

കോണ്‍ഗ്രസ് നേതാവ് ആയ എം എ കുട്ടപ്പനെ ഹരിജന്‍ കുട്ടപ്പന്‍ എന്ന് ഇ.കെ നായനാര്‍ ജാത്യാധിക്ഷേപം നടത്തിയിരുന്നു. പിണറായി സര്‍ക്കാരിന്റെ കാലത്ത് പോലും അതിക്രൂരമായ ദളിത് പീഡനങ്ങളാണ് അരങ്ങേറിയത്. വടയമ്പാടിയില്‍ സാമൂഹിക ഭ്രഷ്ടിനെതിരെ സമരം ചെയ്ത ദളിത് സമൂഹത്തെ തല്ലിച്ചതച്ച കാഴ്ച കേരളം മറന്നിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

ആദിവാസിയായ മധുവിനെ ആള്‍ക്കൂട്ടം വിചാരണ നടത്തി കൊന്ന കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ വെക്കാന്‍ ഖജനാവില്‍ പണമില്ലെന്ന് നിലപാടെടുത്ത സര്‍ക്കാരാണ് ഇവിടെയുള്ളത്. അതേ കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറി ആയി നിയമിച്ചതും പിന്നീട് എതിര്‍പ്പിനെ തുടര്‍ന്ന് മരവിപ്പിച്ചതുമെല്ലാം കേരളം കണ്ടതാണ്.

ആദിവാസി ദളിത് പിന്നോക്ക വിഭാഗങ്ങളോട് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ള വിരുദ്ധതയുടെ ചരിത്രം ഇപ്പോഴും തുടരുന്നു എന്നതാണ് ഏറ്റവും അപകടകരമെന്നും കെ സുധാകരൻ പറഞ്ഞു.

‘ബ്രാഹ്‌മിന്‍ ബോയ്‌സിന്റെ പാര്‍ട്ടി ‘ എന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഡോ.അംബേദ്കര്‍ വിശേഷിപ്പിച്ചത് തിരുത്താനാനായിട്ടെങ്കിലും ഇന്നും തലച്ചോറില്‍ പേറുന്ന ദളിത് വിരുദ്ധത സിപിഎം അവസാനിപ്പിക്കണം. ദീപയ്ക്ക് അനുകൂലമായ കോടതിവിധികള്‍ പോലും അട്ടിമറിച്ച സര്‍വ്വകലാശാല അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജാതിചിന്തകള്‍ക്കെതിരെ പടപൊരുതുന്ന ദീപ പി മോഹനന് കെപിസിസിയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular