Friday, April 26, 2024
HomeKeralaഒന്നുമറിഞ്ഞില്ലെന്ന വാദം കള്ളം? മരംമുറി അനുമതി ഉന്നത ഉദ്യോഗസ്ഥരറിഞ്ഞ്

ഒന്നുമറിഞ്ഞില്ലെന്ന വാദം കള്ളം? മരംമുറി അനുമതി ഉന്നത ഉദ്യോഗസ്ഥരറിഞ്ഞ്

കേരളത്തിലെ ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഗുരുതര പ്രശ്നത്തെ സംസ്ഥാന സർക്കാർ എത്ര ലാഘവത്തോടെ കാണുന്നു എന്നതിന്‍റെ ഏറ്റവും പുതിയ തെളിവാണ് മരംമുറി ഉത്തരവും സർക്കാർ പ്രതികരണങ്ങളും.

തിരുവനന്തപുരം/ ചെന്നൈ: മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിൽ ഉദ്യോഗസ്ഥരെ പഴി ചാരി ഒളിച്ചുകളിച്ച് സർക്കാർ. തമിഴ്നാട് മരം മുറിച്ച് തുടങ്ങിയിട്ടുണ്ടാകാമെന്ന വനംമന്ത്രിയുടെ വിവാദപ്രതികരണം സർക്കാർ നീക്കങ്ങളെ കൂടുതൽ സംശയത്തിലാക്കുന്നു. ഒന്നും അറിഞ്ഞില്ലെന്ന് മന്ത്രിമാ‍ർ പറയുമ്പോഴും അനുമതി ഉത്തരവിന്‍റെ പകർപ്പ് കൂടുതൽ ഉന്നത ഉദ്യോഗസ്ഥർക്കും കിട്ടിയിട്ടുണ്ടെന്നാണ് രേഖകൾ.

”അനുമതി കിട്ടിയെങ്കിൽ മരം മുറിച്ച് തുടങ്ങിയിട്ടുണ്ടാകുമല്ലോ, അത് ഞാൻ അറിയണ്ടല്ലോ”, എന്നാണ് തമിഴ്നാട് മേഖലയിൽ മരംമുറി തുടങ്ങിയല്ലോ എന്ന ചോദ്യത്തിന് മറുപടിയായി മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞത്. കേരളത്തിലെ ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഗുരുതര പ്രശ്നത്തെ സംസ്ഥാന സർക്കാർ എത്ര ലാഘവത്തോടെ കാണുന്നു എന്നതിന്‍റെ ഏറ്റവും പുതിയ തെളിവാണ് മരംമുറി ഉത്തരവും സർക്കാർ പ്രതികരണങ്ങളും.

മരം മുറി ഉത്തരവിൽ ജനം ആശങ്കപ്പെടുമ്പോൾ, ഉത്തരവ് പിൻവലിക്കാൻ പ്രതിപക്ഷം സമ്മർദ്ദം ചെലുത്തുമ്പോഴാണ്, മുറിച്ചുതുടങ്ങിയാൽ എന്ത് ചെയ്യുമെന്ന മന്ത്രിയുടെ പ്രതികരണം. മരംമുറി തടയേണ്ട മന്ത്രി തന്നെ കൈമലർത്തുമ്പോഴാണ് ഒന്നും അറിഞ്ഞില്ലെന്ന വാദം കൂടുതൽ ദുർബ്ബലമാകുന്നത്.

വർഷങ്ങളായി നീറിപ്പുകയുന്ന അന്തർസംസ്ഥാന നദീജലതർക്കത്തിൽ ഒരു ഉദ്യോഗസ്ഥന് മാത്രം എങ്ങിനെ തീരുമാനമെടുക്കാൻ കഴിയുമെന്നതാണ് ചോദ്യം. 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിൽ പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നന്ദി പറഞ്ഞ് പ്രസ്താവന ഇറക്കുമ്പോൾ മാത്രമാണ് മുഖ്യമന്ത്രിയും വനം മന്ത്രിയുമൊക്കെ ഈ വിവരം അറിഞ്ഞത് എന്നുള്ളതും ദുരൂഹം.

പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‍സും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ബെന്നിച്ചെൻ തോമസ് മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയത് വെള്ളിയാഴ്ച. ഉത്തരവിന്‍റെ പകർപ്പ് ജലവിഭവവകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസിനും വെച്ചിട്ടുണ്ട്. ടി കെ ജോസാണ് മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധി. സ്റ്റാലിന്‍റെ പ്രസ്താവന വരും മുമ്പ് ടി കെ ജോസ് എന്ത് കൊണ്ട് ഇക്കാര്യം മുഖ്യമന്ത്രിയെയും ജലവിഭവ മന്ത്രിയെയും അറിയിച്ചില്ല എന്നുള്ളതാണ് പ്രധാനചോദ്യം.

2014 മുതൽ മരംമുറിക്കുള്ള അനുമതിക്കായി തമിഴ്നാട് സർക്കാർ ഔദ്യോഗികമായി നീക്കം തുടങ്ങിയിരുന്നു. മരങ്ങളുടെ എണ്ണം പറയാനും പോർട്ടലിൽ അപേക്ഷിക്കാനുമൊക്കെ കേരളം തിരിച്ചും നിർദ്ദേശിക്കുന്നുണ്ട്. ഇത്തരം നടപടികളൊന്നും മുഖ്യമന്ത്രിയും മന്ത്രിമാരും അറിയാതെയാകുമോ എന്നുള്ളതാണ് വിചിത്രം. അടുത്തമാസം നടക്കുന്ന കേരള- തമിഴ്നാട് മുഖ്യമന്ത്രി തല ചർച്ചക്ക് മുന്നോടിയായി സൗഹാർദ്ദ അന്തരീക്ഷം ഒരുക്കാൻ ഉന്നതങ്ങളിലെ നിർദ്ദേശ പ്രകാരം തന്നെയാണ് മരംമുറി അനുമതി എന്ന സൂചനകളും വരുന്നുണ്ട്. വിവാദമായപ്പോൾ സർക്കാർ ഉദ്യോഗസ്ഥരെ പഴിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന വാദമാണ് ബലപ്പെടുന്നത്.

ശ്രമം തുടങ്ങിയത് ഇപ്പോഴല്ല, 2014-ൽ

മുല്ലപ്പെരിയാർ ബേബി ഡാമിനു സമീപത്തെ മരം മുറിക്കാൻ 2014 മുതൽ തമിഴ്നാട് നടത്തിയ ശ്രമമാണ്  ഇപ്പോൾ വിജയം കണ്ടത്.  ബേബിഡാം ബലപ്പെടുത്താൻ സുപ്രീം കോടതി നൽകിയ ഉത്തരവിന്‍റെ പിൻബലത്തിലാണ് വനംവകുപ്പ് ഇപ്പോൾ വിവാദമായ അനുമതി നൽകിയത്.

മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ അനുമതി ലഭിച്ചപ്പോൾ തന്നെ ഇത് 152-ലേക്കെത്തിക്കാനുള്ള നടപടികൾ തമിഴ്നാട് തുടങ്ങി. 2006-ലെ സുപ്രീം കോടതി ഉത്തരവിൽ ബേബിഡാമിന്‍റെയും എർത്ത് ബണ്ടിന്‍റെയും ബലപ്പെടുത്തൽ പൂർത്തിയാക്കിയ ശേഷം ജലനിരപ്പ് ഉയർത്തുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി സൂചിപ്പിച്ചിരുന്നു.

2014-ൽ തന്നെ 33 മരങ്ങൾ മുറിക്കാൻ അനുമതി തേടി വനംവകുപ്പിന് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കത്തു നൽകി. പരിവേശ് പോർട്ടൽ വഴി അപേക്ഷിക്കണമെന്നു കാണിച്ച് കേരളം ആദ്യം ഇത് തള്ളി. തമിഴ്നാട് ഈ പോർട്ടൽ വഴി അപേക്ഷിച്ചു. ഇത് പല കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരവധി തവണ കേരളം തിരിച്ചയച്ചു.

2019-ലാണ് അപേക്ഷ ആദ്യമായി സ്വീകരിച്ചത്. തുടർന്ന് പെരിയാർ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ സ്ഥലം പരിശോധിച്ചു. മരങ്ങളുടെ എണ്ണത്തിൽ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും മടക്കി. 2020-ൽ  പതിനഞ്ചു മരങ്ങൾ എന്ന കൃത്യമായ കണക്ക് നൽകി. പിന്നീട് ഒരു തവണ കൂടി നിരസിച്ച ശേഷമാണ് 2021-ൽ ഡെപ്യൂട്ടി ഡറക്ടർ ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് നൽകിയത്.

തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സെപ്റ്റംബറിൽ നേരിട്ടു പരിശോധന നടത്തിയാണ് അനുമതി നൽകിയത്. പാട്ടക്കരാറും വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ ഇരുപത്തിയൊമ്പതും അനുസരിച്ചാണ് അനുമതി നൽകിയതെന്നാണ് വനംവകുപ്പിന്‍റെ നിലപാട്. കടുവ സങ്കേതത്തിന്‍റെ ബഫർ സോണിലുള്ള സ്ഥലമായതിനാൽ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ അനുമതി വേണ്ടെന്നും വനംവകുപ്പ് പറയുന്നു. സംസ്ഥാനത്തെ ലക്ഷക്കണക്കിനാളുകളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന പ്രശ്നത്തിൽ സർക്കാർ അറിയാതെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ തീരുമാനം എടുക്കാനിടയില്ലെന്നാണ് വനംവകുപ്പിൽ നിന്നും ലഭിക്കുന്ന സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular