Friday, March 29, 2024
HomeIndiaബിജെപി ദേശീയ നിർവ്വാഹക സമിതിയോഗം; ബിജെപി ബംഗാളിൽ കൈവരിച്ചത് സമാനതകൾ ഇല്ലാത്ത വളർച്ചയെന്ന് ജെ.പി നദ്ദ

ബിജെപി ദേശീയ നിർവ്വാഹക സമിതിയോഗം; ബിജെപി ബംഗാളിൽ കൈവരിച്ചത് സമാനതകൾ ഇല്ലാത്ത വളർച്ചയെന്ന് ജെ.പി നദ്ദ

ന്യൂഡൽഹി: ബിജെപി ദേശീയ നിർവ്വാഹക സമിതിയോഗം ഡൽഹിയിൽ തുടങ്ങി. അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിലാണ് യോഗം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുളളവർ പങ്കെടുക്കും. ബംഗാളിൽ ബിജെപി കൈവരിച്ചത് സമാനതകൾ ഇല്ലാത്ത നേട്ടമാണെന്ന് ജെ.പി നദ്ദ ചൂണ്ടിക്കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ബിജെപിക്ക് ഉണ്ടായ വലിയ മുന്നേറ്റം ചൂണ്ടിക്കാട്ടിയാണ് ദേശീയ നിർവ്വാഹക സമിതിയിൽ നദ്ദയുടെ പരാമർശം.

ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തിൽ ഇത്ര ദ്രുതഗതിയിലുളള വളർച്ചയ്‌ക്ക് വളരെ കുറച്ച് ഉദാഹരണങ്ങൾ മാത്രമേ കാണൂവെന്ന് അദ്ദേഹം പറഞ്ഞു. ബംഗാൾ സർക്കാരും തൃണമൂൽ ഗുണ്ടകളും രാഷ്‌ട്രീയ എതിരാളികളെ അക്രമത്തിലൂടെ അടിച്ചമർത്താനാണ് നോക്കിയത്. നിരവധി ബിജെപി പ്രവർത്തകർ ബലിദാനികളായി. എന്നിട്ടും തൃണമൂലിന്റെ ദുർഭരണത്തിനെതിരെ അവിടുത്തെ ജനങ്ങളുടെ കൂടെ ശക്തമായി പോരാടി ബിജെപി ഉറച്ചുനിൽക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏത് തെരഞ്ഞെടുപ്പ് വന്നാലും ബംഗാളിനെ ജനാധിപത്യ വഴിയിൽ സംരക്ഷിക്കാനായി ബിജെപി മത്സരിക്കും. ബംഗാളിലെ ജനങ്ങൾക്കൊപ്പം പാറ പോലെ ഉറച്ചുനിൽക്കും.
ബംഗാളിൽ ജനാധിപത്യവും ഭരണഘടനയും നടപ്പാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും നദ്ദ പറഞ്ഞു.

2014 ൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തുമ്പോൾ കർഷകർക്ക് വേണ്ടി ബജറ്റിൽ ചിലവഴിക്കാവുന്ന തുകയുടെ പരിധി 23,000 കോടി രൂപയായിരുന്നു. എന്നാൽ ധനമന്ത്രി അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിൽ ഒരു ലക്ഷത്തി 23000 കോടി രൂപയാണ് കർഷകർക്കായി നീക്കിവെച്ചിരിക്കുന്നതെന്ന്് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ധർമ്മേന്ദ്ര പ്രഥാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നരേന്ദ്രമോദിയുടെ ഭരണ നേതൃത്വത്തെ മാതൃകാപരമായിട്ടാണ് വമ്പൻ ലോകരാഷ്‌ട്രങ്ങൾ പോലും വിലയിരുത്തുന്നത്. കൊറോണ വ്യാപനത്തിന്റെ കഠിനമേറിയ സമയത്ത് രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹം സ്വീകരിച്ച വഴികളാണ് ഇതിലൂടെ അംഗീകരിക്കപ്പെടുന്നത്. രാജ്യം 100 കോടി വാക്‌സിനേഷൻ മറികടന്നു. ജനസംഖ്യയുടെ 30 ശതമാനവും രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചവരാണ്. ഇന്ത്യയുടെ സ്വന്തം കൊവാക്‌സിൻ ലോകാരോഗ്യ സംഘടന അംഗീകരിക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒന്നര വർഷത്തിന് ശേഷമാണ് ബിജെപിയുടെ ദേശീയ നിർവ്വാഹക സമിതിയോഗം നടക്കുന്നത്. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സംസ്ഥാന അധ്യക്ഷൻമാരും അതാത് സംസ്ഥാനത്തെ ദേശീയ നിർവ്വാഹക സമിതിയംഗങ്ങളും സംസ്ഥാന കാര്യാലയങ്ങളിൽ നിന്നും വെർച്വലായി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മുതിർന്ന നേതാക്കളായ എൽകെ അദ്വാനിയും മുരളി മനോഹർ ജോഷിയും ഓൺലൈനിലൂടെ യോഗത്തിന്റെ ഭാഗമായി. എല്ലാവരും ഡിജിറ്റൽ കൈയ്യൊപ്പിലൂടെയാണ് ഹാജർ രേഖപ്പെടുത്തിയതെന്നതും പ്രത്യേകതയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular