Friday, April 19, 2024
HomeKerala'ഇന്ധന നികുതി കുറയ്ക്കണം'; എം വിൻസെന്റ് എംഎൽഎ നിയമസഭയിലെത്തിയത് സൈക്കിളിൽ

‘ഇന്ധന നികുതി കുറയ്ക്കണം’; എം വിൻസെന്റ് എംഎൽഎ നിയമസഭയിലെത്തിയത് സൈക്കിളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നികുതി (Fuel Tax) കുറയ്ക്കാത്തതിന് എതിരെ സൈക്കിള്‍ (bicycle) ഓടിച്ച് എംഎല്‍എയുടെ പ്രതിഷേധം. കോവളം എംഎൽഎ (Kovalam MLA) എം വിന്‍സെന്റാണ് (M Vincent) ഇന്ന് സൈക്കിളില്‍ നിയമസഭയില്‍ (Niyamasabha) എത്തിയത്. സംസ്ഥാനത്തെ ഇന്ധന നികുതി കുറക്കാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെയാണ് എംഎല്‍എയുടെ പ്രതിഷേധം. സംസ്ഥാന സർക്കാരിന്റെ ഇന്ധന നികുതി കൊള്ളയ്ക്കെതിരെ കോൺഗ്രസ് പാർട്ടി നടത്തുന്ന ചക്ര സ്തംഭന സമരത്തിന് പിന്തുണയുമായാണ് നിയസഭയിലേക്ക് സൈക്കിളിൽ എത്തിയതെന്ന് എംഎൽഎ അറിയിച്ചു.

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ഇന്ന് ചക്ര സ്തംഭന സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 11 മുതല്‍ 15 മിനിറ്റ് നേരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വഴി തടയും. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നിര്‍വഹിക്കും. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന പ്രതിഷേധത്തിലാണ് അദ്ദേഹം സമരത്തിൽ പങ്കാളിയാവുക. സെക്രട്ടേറിയറ്റ് മുതല്‍ പാളയം വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയാണ് പ്രതിഷേധം. കെപിസിസി പ്രസിഡന്റ് കെ സുധാകരന് പുറമെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും തിരുവനന്തപുരത്ത് സമരത്തില്‍ പങ്കെടുക്കും.

ഇന്ധന നികുതിയില്‍ കേന്ദ്രം കുറവ് വരുത്തിയതിന് സമാനമായി പെട്രോളിനും ഡീസലിനും സംസ്ഥാനവും വില കുറയ്ക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസിയുടെ നേതൃത്വത്തില്‍ ചക്രസ്തംഭന സമരം സംഘടിപ്പിക്കും. കൊച്ചിയിലെ വഴിതടയല്‍ സമരം ജോജു ജോർജിന്റെ ഇടപെടലിനെ തുടർന്ന് വിവാദമായ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലും ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത രീതിയിലുമാണ് സമരം നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular