Saturday, July 27, 2024
HomeKeralaഇല്ലിചാരി മലയില്‍ അണയാതെ തീ

ഇല്ലിചാരി മലയില്‍ അണയാതെ തീ

തൊടുപുഴ: കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി മലയില്‍ വൻ തീപിടുത്തം. രണ്ടു ദിവസമായി ഇവിടെ തീ പടരുന്ന സാഹചര്യമാണ്.

ശനിയാഴ്ച വൈകിട്ടോടെ തീ നിയന്ത്രണ വിധേയമാക്കി അഗ്നിരക്ഷാ ഉദ്യോഗസ്ഥർ മടങ്ങിയെങ്കിലും വീണ്ടും തീ പടർന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായി ഒട്ടേറെ പ്രദേശങ്ങളിലാണ് തീ പടർന്നത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമത്തിലാണ്. ശനിയാഴ്ച രാവിലെ പത്തോടെയാണ് തീ കണ്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയും എത്തി ആദ്യം തീ നിയന്ത്രണ വിധേയമാക്കി. എന്നാല്‍ ഇവർ മടങ്ങിയ ശേഷവും തീ പടർന്നു തുടങ്ങി.

ഒരു മലയുടെ മുകള്‍ഭാഗം മുഴുവൻ കത്തി തീർന്ന ശേഷം കാട്ടോലി ഭാഗത്തേക്കും അമ്ബലം പടി ഭാഗത്തേക്കും തീ പടർന്നു. ഞായറാഴ്ച പുലരുവോളം നാട്ടുകാർ നടത്തിയ പരിശ്രമത്തിലൂടെ തീ അണച്ചു. എന്നാല്‍ വെയില്‍ കനത്തതോടെ കനലുകളില്‍ നിന്ന് വീണ്ടും തീ പടർന്നു. അഗ്നിരക്ഷാ സംവീധാനങ്ങള്‍ മലയുടെ അടിവാരത്ത് എത്തിയെങ്കിലും വെള്ളം പമ്ബ് ചെയ്യാൻ പറ്റാത്ത അകലെയാണ് തീപിടിത്തം.

കന്നാരതോട്ടങ്ങളില്‍ ഉപയോഗിക്കുന്ന നീളം കൂടിയ ഓസുകള്‍ നാട്ടുകാർ എത്തിച്ചാണ് തീയണയ്ക്കാൻ ശ്രമം നടത്തിയത്. ഞായറാഴ്ച ഉച്ചയോടെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കനത്ത ചൂടും വീശിയടിക്കുന്ന കാറ്റും തീ ഇനിയും ആളിപ്പടരാൻ സാധ്യത ഉണ്ട്. തൊടുപുഴ തഹസില്‍ദാരും ദുരന്തനിവാരണ ഇൻസിഡന്റ് കമാൻഡറും കൂടിയായ എ.എസ് .ബിജിമോള്‍, ഡെപ്യൂട്ടി തഹസില്‍ദാർ വി.എ.സുനി, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്‍റ് തോമസ്, വാർഡ് അംഗങ്ങള്‍ എന്നിവർ സ്ഥലം സന്ദർശിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് തിങ്കളാഴ്ച കലക്ടർക്ക് കൈമാറുമെന്ന് തഹസില്‍ദാർ അറിയിച്ചു.

RELATED ARTICLES

STORIES

Most Popular