Friday, April 12, 2024
HomeUncategorizedനവാല്‍നിയെ പുട്ടിൻ കൊന്നത്: ഭാര്യ യൂലിയ

നവാല്‍നിയെ പുട്ടിൻ കൊന്നത്: ഭാര്യ യൂലിയ

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെ അന്തരിച്ച പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയുടെ (47) ഭാര്യ യൂലിയ രംഗത്ത്.

നവാല്‍നിയെ പുട്ടിൻ കൊന്നതാണെന്നും നവാല്‍നിക്ക് വേണ്ടി ആരെയും ഭയക്കാതെ താൻ പോരാട്ടം ശക്തമായി തുടരുമെന്നും യൂലിയ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. നവാല്‍നിയെ കൊലപ്പെടുത്തിയെന്നതിന്റെ തെളിവുകള്‍ മറയ്ക്കാൻ അദ്ദേഹത്തിന്റെ മൃതദേഹം തങ്ങളില്‍ നിന്ന് മറച്ചുവച്ചിരിക്കുകയാണ്. പുട്ടിനെതിരെ റഷ്യൻ ജനത തനിക്കൊപ്പം ഒന്നിക്കണം. നവാല്‍നിയെ കൊന്നത് എന്തിനാണെന്ന് തനിക്കറിയാം. വിവരങ്ങള്‍ ഉടൻ ലോകത്തിന് മുന്നിലെത്തിക്കുമെന്നും യൂലിയ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകയും സാമ്ബത്തിക വിദഗ്ദ്ധയുമായ യൂലിയ തുടക്കം മുതല്‍ നവാല്‍നിയുടെ പോരാട്ടങ്ങളില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അതേ സമയം, നവാല്‍നിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നീട്ടിയെന്ന് റഷ്യ അറിയിച്ചു.

അന്വേഷണം പൂർത്തിയാകാതെ മൃതദേഹം കൈമാറില്ലെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. മരണ കാരണം ഇനിയും വ്യക്തമാക്കിയിട്ടില്ല. നവാല്‍നിയുടെ മരണത്തില്‍ പുട്ടിന് ഉത്തരവാദിത്വമുണ്ടെന്ന് കാട്ടി പാശ്ചാത്യ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ തീർത്തും നിന്ദ്യമാണെന്ന് ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കൊവ് പറഞ്ഞു. ഇതിനിടെ, യു.കെയ്ക്ക് പിന്നാലെ ജർമ്മനിയും റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. വെള്ളിയാഴ്ച ആർട്ടിക് മേഖലയിലെ യെമലോ – നെനറ്റ്സ് ജയിലില്‍ വച്ച്‌ നവാല്‍നി ബോധരഹിതനായി വീണെന്നും മെഡിക്കല്‍ സംഘം എത്തിയെങ്കിലും മരണം സ്ഥിരീകരിച്ചെന്നുമാണ് ഔദ്യോഗിക വിശദീകരണം. നവാല്‍നിയുടെ മൃതദേഹത്തില്‍ ക്ഷതമേറ്റ പാടുകളുണ്ടെന്ന ചില റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

  • പുട്ടിൻ രാക്ഷസൻ: കൊല്ലപ്പെട്ട മുൻ റഷ്യൻ ചാരന്റെ ഭാര്യ

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ‘ രാക്ഷസൻ ‘ എന്ന് വിശേഷിപ്പിച്ച്‌ മുൻ റഷ്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ അലക്സാണ്ടർ ലിറ്റ്വിനെങ്കോയുടെ വിധവ മറീന. നവാല്‍നിയുടെ മരണത്തിന് ഉത്തരവാദി പുട്ടിനാണെന്നും റഷ്യയിലെ പുട്ടിൻ വിമർശകർക്ക് പാശ്ചാത്യ രാജ്യങ്ങള്‍ പിന്തുണ നല്‍കണമെന്നും മറീന പറഞ്ഞു. നവാല്‍നിയെ കൊന്നതിലൂടെ പുട്ടിൻ റഷ്യയുടെ ഭാവി പ്രതീക്ഷയെ തകർത്തെന്നും നവാല്‍നിക്കായി യൂലിയ പോരാട്ടം തുടരണമെന്നും അവർ പറഞ്ഞു. സോവിയറ്റ് ചാരസംഘടനയായ കെ.ജി.ബിയിലെ ഉദ്യോഗസ്ഥനായിരുന്നു അലക്സാണ്ടർ ലിറ്റ്വിനെങ്കോ. റഷ്യൻ വ്യവസായിയായ ബോറിസ് ബെറെസോവ്‌സ്കിയെ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നതായി വെളിപ്പെടുത്തിയതിന് പിന്നാലെ 1998ല്‍ അലക്സാണ്ടർ അറസ്റ്റ് ചെയ്യപ്പെട്ടു. ജയില്‍ മോചിതനായ അലക്സാണ്ടർ ജോലി ഉപേക്ഷിച്ച്‌ പുട്ടിനെതിരെ രംഗത്തെത്തി.

1999ല്‍ മോസ്കോയിലും മറ്റ് രണ്ട് നഗരങ്ങളിലും നടന്ന ബോംബ് സ്ഫോടനങ്ങളില്‍ പുട്ടിന് പങ്കുണ്ടെന്ന് ആരോപിച്ചു. പുട്ടിന്റെ കടുത്ത വിമർശകനായി മാറിയ അലക്സാണ്ടർ 2000ത്തില്‍ യു.കെയിലേക്ക് കുടിയേറി. 2006 നവംബർ 1ന്, ലണ്ടനിലെ ഹോട്ടലില്‍ അലക്സാണ്ടർ, ആൻഡ്രെ ലുഗോവോയ്, ഡിമിട്രി കോവ്‌ടണ്‍ എന്നീ മുൻ റഷ്യൻ ചാരന്മാരെ കണ്ടുമുട്ടി. ഇവർക്കൊപ്പം ചായ കുടിച്ച അലക്സാണ്ടർ അവശനിലയിലായി. നവംബർ 23ന് 43ാം വയസില്‍ അലക്സാണ്ടർ മരിച്ചു.

ചായയില്‍ റേഡിയോ ആക്ടീവ് പദാർത്ഥമായ പൊളോണിയം – 210 കലർത്തിയിരുന്നതായി കണ്ടെത്തി. സംഭവത്തിന് പിന്നാലെ ആൻഡ്രെ ലുഗോവോയ്, ഡിമിട്രി കോവ്‌ടണ്‍ എന്നിവർ റഷ്യയിലേക്ക് കടന്നിരുന്നു. പുട്ടിന്റെ അറിവോടെ അലക്സാണ്ടറെ വധിച്ചെന്ന് ബ്രിട്ടണ്‍ വാദിച്ചെങ്കിലും റഷ്യ അംഗീകരിച്ചില്ല. അലക്സാണ്ടറുടെ മരണത്തിന് റഷ്യ ഉത്തരവാദിയാണെന്ന് യൂറോപ്യൻ മനുഷ്യാവകാശ കോടതിയും ഉത്തരവിട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular