Saturday, July 27, 2024
HomeKeralaമുഖ്യമന്ത്രി വയനാട്ടിലെത്തണം; സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച്‌ പ്രതിപക്ഷം

മുഖ്യമന്ത്രി വയനാട്ടിലെത്തണം; സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച്‌ പ്രതിപക്ഷം

യനാട്: വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ വനംമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച്‌ പ്രതിപക്ഷം. വയനാട്ടിലേക്ക് തിരിഞ്ഞ് പോലും നോക്കാത്ത വനംമന്ത്രി എ.കെ.ശശീന്ദ്രനുമായി ചര്‍ച്ചയ്ക്കില്ലെന്നും മുഖ്യമന്ത്രി വയനാട്ടിലെത്തണമെന്നും എംഎല്‍എമാരായ ഐ.സി.ബാലകൃഷ്ണനും ടി.സിദ്ദിഖും പറഞ്ഞു.
നിയമസഭയില്‍ വയനാട്ടിലെ പ്രശ്‌നം അവതരിപ്പിച്ചപ്പോള്‍ വിഷയാവതരണം കേട്ട് ലജ്ജ തോന്നുന്നെന്ന് പറഞ്ഞയാളാണ് വനംമന്ത്രി. ആ സാഹചര്യത്തില്‍ മന്ത്രിയോടൊപ്പമിരുന്ന് ചര്‍ച്ച നടത്താന്‍ കഴിയില്ല. മരിച്ചവര്‍ക്ക് ഒരു അനുശോചനം പോലും രേഖപ്പെടുത്താതെയാണ് യോഗം ആരംഭിച്ചതെന്നും പ്രതിപക്ഷം വിമർശിച്ചു.

മരണമടഞ്ഞവരുടെ വീട് പോലും സന്ദര്‍ശിക്കാത്ത മന്ത്രിയോടപ്പമിരുന്ന് ചര്‍ച്ച നടത്തുന്നത് എങ്ങനെയാണെന്നും എംഎല്‍എമാര്‍ ചോദിച്ചു. വന്യജീവി ആക്രമണം ഇത്രയധികം വര്‍ധിച്ചിട്ടും മന്ത്രി വയനാട്ടിലെത്താന്‍ തയാറായില്ല.

ഇന്ന് രണ്ട് മന്ത്രിമാരുടെ എസ്‌കോര്‍ട്ടോടെയാണ് ശശീന്ദ്രന്‍ എത്തിയത്.ഒറ്റയ്ക്ക് വരാന്‍ കഴിയാത്തതുകൊണ്ടാണ് മറ്റ് മന്ത്രിമാരെ കൂട്ടി വന്നതെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. മുഖ്യമന്ത്രി വയനാട്ടില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, കെ.രാജന്‍, എം.ബി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട്ടില്‍ സര്‍വകക്ഷി യോഗം ചേരുന്നത്. ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

RELATED ARTICLES

STORIES

Most Popular