Saturday, July 27, 2024
HomeKeralaഅജീഷിന്റെ വീട്ടില്‍ മന്ത്രിമാരെത്തി; മനഃപ്രയാസമറിയിച്ച്‌ കുടുംബം

അജീഷിന്റെ വീട്ടില്‍ മന്ത്രിമാരെത്തി; മനഃപ്രയാസമറിയിച്ച്‌ കുടുംബം

മാനന്തവാടി: പയ്യമ്ബള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷ് കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചതിന്റെ 11-ാം ദിവസം അജീഷിന്റെ വീട്ടില്‍ മന്ത്രിമാരെത്തി.

മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെ. രാജൻ, എം.ബി. രാജേഷ് എന്നിവരാണ് ചൊവ്വാഴ്ച വൈകീട്ട് 4.45-ഓടെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളോടും നാട്ടുകാരോടുമായി സംസാരിച്ച്‌ 5.05-ഓടെ മടങ്ങുകയും ചെയ്തു.സംഭവം നടന്നിട്ട് ഇത്ര ദിവസമായിട്ടും കാട്ടാനയെ മയക്കുവെടിവെച്ചു പിടിക്കാത്തതിലുള്ള അമർഷം കുടുംബാംഗങ്ങള്‍ മന്ത്രിമാരെ അറിയിച്ചു. ‘എന്റെ കൊച്ചാ പോയത്. വന്യമൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങിയാല്‍ ജനത്തിനു ജീവിക്കാൻ കഴിയില്ല, ഇതിനു പരിഹാരമുണ്ടാകണം’- അജീഷിന്റെ അച്ഛൻ ജോസഫ് ആവശ്യപ്പെട്ടു.

വനാർതിർത്തിയോടു ചേർക്കുന്ന പ്രദേശങ്ങളില്‍ കന്നുകാലി വളർത്തുന്നതില്‍ നിയന്ത്രണം കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്നും ഇനി വന്യജീവികള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചാല്‍ ഒന്നുംനോക്കാതെ വെടിവെച്ചുകൊല്ലുമെന്നും അജീഷിന്റെ അച്ഛന്റെ സഹോദരൻ ബേബി പറഞ്ഞു. കന്നുകാലികളെ വളർത്തുന്നതിനു സർക്കാർ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി കെ. രാജൻ മറുപടി പറഞ്ഞു. സർവകക്ഷി ചർച്ചയില്‍ പല അഭിപ്രായങ്ങളും വന്നകൂട്ടത്തില്‍ വന്ന അഭിപ്രായമാണതെന്നും സർക്കാർ അത് അംഗീകരിച്ചിട്ടില്ലെന്നും അങ്ങനെയാെരു തീരുമാനം സർക്കാർ കൈക്കൊള്ളില്ലെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

വന്യജീവികളുടെ വോട്ട് നേടിയല്ല ആരും ജയിച്ചതെന്നും വന്യജീവികളോടാണ് കൂടുതല്‍ ഇഷ്ടമെങ്കില്‍ വോട്ടുതേടി ആരും ജനങ്ങളുടെ അടുത്തേക്ക് വരരുതെന്നും നാട്ടുകാരാനായ ജോളി പറഞ്ഞു. വനംവാച്ചർ ഉള്‍പ്പെടെയുള്ള ജീവനക്കാർക്ക് പടക്കവും വടിയും മാത്രം കൊടുത്താല്‍ പോരെന്നും ആത്മരക്ഷാർഥം തോക്കു നല്‍കണമെന്നും തോക്കു നല്‍കിയിരുന്നെങ്കില്‍ പുല്പള്ളി പാക്കത്തെ വനംവകുപ്പ് താത്കാലിക ജീവനക്കാരനായ പോളിനു ജീവൻ നഷ്ടമാവുമായിരുന്നില്ലെന്നും അജീഷിന്റെ മകള്‍ അല്‍ന പറഞ്ഞു.

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച തോട്ടംസൂക്ഷിപ്പുകാരൻ തോല്പെട്ടി ബാർഗിരി എസ്റ്റേറ്റ് കോളനിയിലെ ലക്ഷ്ണണന്റെ കുടുംബത്തിനുള്ള സഹായവും മന്ത്രിമാരെത്തി കൈമാറി. തോല്‍പെട്ടി സി.എ.എല്‍.പി. സ്കൂളില്‍ നടന്ന ചടങ്ങില്‍ ലക്ഷ്മണന്റെ സഹോദരി ചോമി മന്ത്രി എ.കെ. ശശീന്ദ്രനില്‍നിന്നു പത്തുലക്ഷം രൂപയുടെ ചെക്ക് സ്വീകരിച്ചു. ഒ.ആർ. കേളു എം.എല്‍.എ, കളക്ടർ ഡോ. രേണുരാജ്, സബ് കളക്ടർ മിസല്‍ സാഗർ ഭരത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ, ഡി.എഫ്.ഒ. മാരായ കെ.ജെ. മാർട്ടിൻ ലോവല്‍, എ. ഷജ്ന, സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, എൻ.സി.പി ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ എന്നിവർ വിവിധയിടങ്ങളില്‍ മന്ത്രിമാരെ അനുഗമിച്ചു.

RELATED ARTICLES

STORIES

Most Popular