Tuesday, April 23, 2024
HomeKeralaസങ്കടങ്ങള്‍കേട്ട് ഗവര്‍ണര്‍ വയനാട്ടില്‍; സന്ദര്‍ശനം പ്രഹരമായത് സര്‍ക്കാരിന്‌

സങ്കടങ്ങള്‍കേട്ട് ഗവര്‍ണര്‍ വയനാട്ടില്‍; സന്ദര്‍ശനം പ്രഹരമായത് സര്‍ക്കാരിന്‌

ല്പറ്റ: മൂന്നുമാസത്തിനിടെ നാലുപേർ ജില്ലയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും സർക്കാർ പ്രതിനിധികളാരും തിരിഞ്ഞുനോക്കിയില്ലെന്ന വിമർശനം നിലനില്‍ക്കുമ്ബോഴുള്ള ഗവർണറുടെ സന്ദർശനം എല്‍.ഡി.എഫ്.

സർക്കാരിനെയാണ് പ്രതിരോധത്തിലാക്കുന്നത്. സർക്കാർ ചുമതല നിർവഹിക്കുന്നതില്‍ പരാജയപ്പോള്‍ താനത് നിർവഹിച്ചെന്ന കൃത്യമായ സന്ദേശം നല്‍കിയാണ് ആരിഫ് മുഹമ്മദ് ഖാൻ മടങ്ങിയത്. കർഷകരില്‍നിന്നും കർഷകസംഘടനകളില്‍നിന്നുമെല്ലാം ഗവർണർ നേരിട്ട് നിവേദനങ്ങള്‍ സ്വീകരിച്ചു. കൊല്ലപ്പെട്ടവരുടെ വീടുകളില്‍നിന്ന് മടങ്ങുമ്ബോള്‍ കാത്തുനിന്നവർക്കുമുന്നിലെല്ലാം ജനകീയനായിമാറി അവരുടെ പരാതികള്‍ മുഴുവൻ അദ്ദേഹം കേട്ടു.

സർക്കാരിനെതിരേ വിമർശനങ്ങളൊന്നുമുന്നയിച്ചില്ലെങ്കിലും കനത്തപ്രഹരമാണ് അദ്ദേഹത്തിന്റെ സന്ദർശനം. കോഴിക്കോടുണ്ടായിരുന്നിട്ടും ജില്ലയുടെ ചുമതലയുള്ള വനംമന്ത്രി എ.കെ. ശശീന്ദ്രൻ വയനാട്ടില്‍ വരാൻ തയ്യാറായില്ല എന്നതില്‍ വയനാട്ടുകാർക്ക് പൊതുവേ അമർഷമുണ്ട്. സംസ്ഥാനത്തെ ഒരു മന്ത്രിയും ആശ്വാസവാക്ക് പറയാൻപോലും വിളിച്ചില്ലെന്ന് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ അമ്മ ശാരദ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞു. ക്രൈസ്തവസഭാനേതൃത്വവും മന്ത്രിമാർ വരാത്ത വിഷയത്തില്‍ അതൃപ്തിയറിയിച്ചിട്ടുണ്ട്.

മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, എം.ബി. രാജേഷ്, കെ. രാജൻ എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വയനാട്ടില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. എല്ലാവരും വന്നുപോയ ശേഷമാണ് മന്ത്രിമാരുടെ ഈ വരവുപോലും. അവർ മരണപ്പെട്ടവരുടെ വീടുകള്‍ സന്ദർശിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. കെ.കെ. ശൈലജ എം.എല്‍.എ. ഞായറാഴ്ച മരണപ്പെട്ടവരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു. വാകേരിയില്‍ കർഷകനെ കടുവ കൊന്നപ്പോഴും കെ.കെ. ശൈലജ മാത്രമാണ് വന്നത്. അവർ സർക്കാർ പ്രതിനിധികള്‍ക്ക് പകരമാവില്ലല്ലോ എന്നാണ് ഉയരുന്ന ചോദ്യം. കഴിഞ്ഞ ഡിസംബറിലാണ് കടുവയുടെ ആക്രമണത്തില്‍ കർഷകൻ കൊല്ലപ്പെട്ടത്. അതിന്റെ ഭീതിയില്‍നിന്ന് മുക്തമാവുന്നതിനിടെ മൂന്നാഴ്ചയ്ക്കിടെ മൂന്നുപേർ കാട്ടാനയുടെ ആക്രമണത്തില്‍ അതിദാരുണമായി മരണപ്പെട്ടു. വലിയ പ്രതിഷേധങ്ങളില്‍ വയനാട് ഇളകിമറിഞ്ഞു. ഇപ്പോഴും ഭയാനകമായ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അവലോകനയോഗം ചേർന്ന് ആശ്വാസകരമായ തീരുമാനങ്ങളെടുത്തെങ്കിലും പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കാനെത്തുക എന്ന കടമ നിർവഹിക്കേണ്ടിയിരുന്നില്ലേ എന്നാണ് ഉയരുന്ന ചോദ്യം.

സങ്കടങ്ങള്‍കേട്ട് ഗവർണർ

മാനന്തവാടി: കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ട ചാലിഗദ്ദയിലെ പനച്ചിയില്‍ അജീഷിന്റെ വീട്ടിലാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ആദ്യമെത്തിയത്. ഗവർണർ വീടിനകത്തേക്ക് കയറിപ്പോള്‍ അജീഷിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും അവരുടെ സങ്കടങ്ങള്‍ പങ്കുവെച്ചു.

കാല്‍മണിക്കൂറോളം അജീഷിന്റെ മകള്‍ അല്‍നയും ഭാര്യ ഷീബയും അമ്മ എല്‍സിയുമായും ഗവർണർ സംസാരിച്ചു. അപകടകാരികളായ വന്യമൃഗങ്ങളെ വിദേശങ്ങളിലേതുപോലെ മറ്റിടങ്ങളിലേക്ക് മാറ്റുകയോ വേട്ടയാടുകയോ ചെയ്യുന്നരീതി ഇവിടെയും കൊണ്ടുവരണമെന്നാണ് അല്‍ന ആവശ്യപ്പെട്ടത്. തന്നെപോലെ മറ്റൊരാള്‍ക്ക് കൂടെ ഈ അവസ്ഥവരരുതെന്നും ഗവർണറോട് അല്‍ന ആവശ്യപ്പെട്ടു. എന്തുകാര്യത്തിനും കൂടെയുണ്ടാവുമെന്ന് ഗവർണർ എല്ലാവരെയും ആശ്വസിപ്പിച്ചു.

പുറത്തിറങ്ങിയപ്പോള്‍ കാത്തിരുന്ന കർഷകർ ഞങ്ങള്‍ ഇവിടെ ജീവിക്കാൻ ഭയക്കുന്നുവെന്ന് ഗവർണറോട് പറഞ്ഞു. കളക്ടറും സി.സി.എഫുമൊന്നും ഉത്തരവാദിത്വമേറ്റെടുക്കുന്നില്ല. മൃഗങ്ങളെ വെടിവെക്കുകയാണ് പിടികൂടി സംരക്ഷിക്കുകയല്ല വേണ്ടതെന്നും മലയോര കർഷകസംഘത്തിന്റെ പ്രതിനിധിയായ ഗിഫ്റ്റൻ പ്രിൻസ് പറഞ്ഞു.

വകുപ്പുകളുടെയും ചട്ടങ്ങളുടെയും പിൻബലത്തില്‍ സംസാരിച്ച ഗിഫ്റ്റിനോട് താങ്കള്‍ അഭിഭാഷകനാണോ എന്നായി ഗവർണർ. അല്ല അതിജീവിക്കാൻ വേണ്ടി നിയമം പഠിച്ചതാണെന്ന ഗിഫ്റ്റിന്റെ മറുപടിയില്‍ വയനാട്ടുകാരുടെ നിസ്സഹായത മുഴുവൻ ഉണ്ടായിരുന്നു. വാഹനത്തിലേക്ക് കയറുന്നതിനുമുന്നെയും പരാതി പറയാനെത്തിയവരെ ഗവർണർ കേട്ടു.

ബഹളംവെച്ചപ്പോഴാണ് ദുരിതം കാണാൻ എല്ലാവരുമുണ്ടായത്

പാക്കം: ‘ഞാൻ അവിടെച്ചെന്ന് ബഹളംവെച്ചപ്പോള്‍ മാത്രമാണ് എന്റെ മോന്റെ ദുരിതം കാണാൻ ആളുണ്ടായത്. അതുവരെ എങ്ങനെയാണ് എന്റെ കുട്ടിയുടെ ചികിത്സ നടന്നത്, ഞങ്ങള്‍ എങ്ങനെയാണ് ജീവിച്ചതെന്ന് ആരെങ്കിലും തിരക്കിയോ’ – കമലാക്ഷിയുടെ സങ്കടം രോഷമായാണ് വന്നത്. കാട്ടാനയാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ക്കഴിയുന്ന പതിനഞ്ചുകാരൻ ശരത്തിന്റെ അമ്മയാണ് കമലാക്ഷി. കഴിഞ്ഞ 28-നാണ് ശരത്തിനെ കാട്ടാന തുമ്ബിക്കൈയില്‍ ചുഴറ്റിയെറിയുന്നത്. അന്നുമുതല്‍ കിടപ്പിലായ ശരത്തിനൊപ്പമാണ് അച്ഛൻ വിജയനും അമ്മ കമലാക്ഷിയും. കൂലിപ്പണി മുടങ്ങിയതോടെ ചെലവുകള്‍ പ്രതിസന്ധിയിലായി. വനംവകുപ്പ് ആദ്യംതന്ന 12,000 രൂപയും ശരത്തിന്റെ അധ്യാപകർ സഹായിച്ച കുറച്ചുതുകയും കൊണ്ടാണ് പിടിച്ചുനിന്നത്.

‘വാരിയെല്ലിന് പരിക്കേറ്റ ശരത് മൂന്നാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു. ഇനിയും രണ്ടുമാസമെങ്കിലും ഇതേ കിടപ്പുകിടക്കണം. എല്ലാ വെള്ളിയാഴ്ചയും മെഡിക്കല്‍ കോളേജില്‍ കാണിക്കണം. മോനെ ജീവനോടെ കിട്ടിയത് ഭാഗ്യമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്’ -വിജയൻ പറഞ്ഞു. ശരത്തിന് പക്ഷേ പഴയ കളിയും ചിരിയുമില്ല. ‘കണ്ണടയ്ക്കുമ്ബോള്‍ കാട്ടാനയാണ് മുന്നില്‍. പേടിയുണ്ട്’ -ശരത് പറഞ്ഞു. ‘മോനാകെ പേടിച്ചുപോയി, അവന്റെ അമ്മയോട് എന്നെയിനി ജീവനോടെ കിട്ടില്ലെന്നൊക്കെ പറഞ്ഞു, ചെറുതല്ലേ ധൈര്യമൊക്കെ കിട്ടാൻ സമയമെടുക്കും’ -വിജയൻ വിശദീകരിച്ചു.

പാക്കത്തെ കാരേരി കാട്ടുനായ്ക്കകോളനിയില്‍ അഞ്ചുവീടുകളാണ്, എല്ലാവരും ബന്ധുക്കള്‍. പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണ്. വിജയനും ശരത്തിന്റെ മറ്റുകുടുംബാംഗങ്ങളും അയല്‍ക്കാരുമെല്ലാം പലപ്പോഴും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെടുന്നത്. മിക്കവർക്കും ആനയുടെ മുന്നില്‍പ്പെട്ട് രക്ഷപ്പെട്ട കഥപറയാനുണ്ട്. കഴിഞ്ഞദിവസം പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ആറരയോടെ പോലീസുകാർ എത്തിയപ്പോഴാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തുന്ന വിവരം ഈ കോളനിയിലുള്ളവർ അറിയുന്നത്. ആദ്യം പോലീസുകാർക്കെല്ലാം കട്ടൻകാപ്പി കൊടുത്തു. പിന്നെ കാത്തിരിപ്പാണ്. പാക്കത്ത് കാട്ടാനകൊലപ്പെടുത്തിയ പോളിന്റെ വീട് സന്ദർശിച്ചതിനുശേഷമാണ് ഗവർണർ ശരത്തിന്റെ വീട്ടിലെത്തിയത്. ശരത്തിനോടും മാതാപിതാക്കളോടും അപകടത്തെക്കുറിച്ചും ചികിത്സാവിവരങ്ങളും അന്വേഷിച്ചു. ചികിത്സാസഹായം നല്‍കാമെന്ന് ഉറപ്പുനല്‍കി. ഒപ്പമുണ്ടായിരുന്ന ഓഫീസർ കെ.ആർ. മോഹൻ, വിജയനോട് ചികിത്സാവിവരങ്ങളും അപകടവും വീട്ടിലെ സാഹചര്യങ്ങളും വിശദീകരിച്ച്‌ ചികിത്സാസഹായധനത്തിന് ഗവർണർക്ക് കത്തുനല്‍കാൻ ആവശ്യപ്പെട്ടു. ചികിത്സാസഹായം അനുവദിക്കാമെന്ന് ഉറപ്പുനല്‍കിയതിനുശേഷമാണ് ഗവർണർ മടങ്ങിയത്. കഴിഞ്ഞദിവസം രാഹുല്‍ഗാന്ധി എം.പി.യും ശരത്തിന് 50,000 രൂപ അനുവദിച്ചതായി വീട്ടിലെത്തിയ ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എ. അറിയിച്ചിരുന്നു.

കാട്ടാന പാക്കത്ത് സ്ഥിരംസാന്നിധ്യം പോള്‍ ഒടുവിലത്തെ ഇര

പാക്കം: കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പോളിന്റെ വീടിനുചുറ്റും പോലീസും മാധ്യമങ്ങളുമായി വലിയൊരാള്‍ക്കൂട്ടം കൂടിനിന്ന പകലിലും നാട്ടുകാർക്ക് ആശങ്ക വീടിനോടുചേർന്ന കാട്ടില്‍ എപ്പോള്‍വേണമെങ്കിലും പ്രത്യക്ഷപ്പെടാവുന്ന കാട്ടാനകളെക്കുറിച്ചായിരുന്നു. ‘ഈ കാണുന്ന കാട്ടിനുള്ളില്‍ വെള്ളക്കെട്ടുണ്ട്, അതിന്റെ കരയില്‍ ഇപ്പോഴും ആനക്കൂട്ടമുണ്ടാകും. അതിലേ പോയാല്‍ കാണാം’ – നാട്ടുകാരിലൊരാള്‍ കൈചൂണ്ടി കാണിച്ചുതന്നു. ‘ഈ ഗ്രാമത്തിന് കാട്ടാന സ്ഥിരംസാന്നിധ്യമാണ്. വൈകീട്ട് ആറുമുതല്‍ പുലർച്ചെ ആറുവരെ ഈ അങ്ങാടിയില്‍പോലും ഇറങ്ങാൻ ഞങ്ങള്‍ക്കാവില്ല. പോളിന്റെ വീടിനുചുറ്റുമുള്ള വാഴകള്‍ത്തന്നെ നോക്കിക്കേ, കാട്ടാനകള്‍ ഒടിച്ചുകളഞ്ഞതാണ്’ -പ്രദേശവാസിയും പോസ്റ്റ്മാനുമായ ബാലകൃഷ്ണൻ പറഞ്ഞു. എട്ടുവർഷംമുമ്ബ് കാട്ടാനയുടെ ആക്രമണത്തില്‍ ബാലകൃഷ്ണനും ഗുരുതരപരിക്കേറ്റിരുന്നു. ‘അന്ന് 1262 രൂപയാണ് വനംവകുപ്പ് തന്നത്’ -ബാലകൃഷ്ണൻ പരിക്കേറ്റ കാല്‍ കാണിച്ചുകൊണ്ട് പറഞ്ഞു. ‘പത്തുവർഷംമുമ്ബ് പെരുമ്ബലം ബാബുവിന്റെ മകള്‍ റിൻസിയാണ് ആദ്യം ഈ നാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിക്കുന്നത്. ഇപ്പോള്‍ പോളും. ഇതിനിടെ പലരെയും കാട്ടാന ആക്രമിച്ചു. കുറച്ചപ്പുറത്ത് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ 15 വയസ്സുകാരൻ ശരത് ചികിത്സയിലാണ്’ -വിൻസെന്റ് വിശദീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular