Saturday, July 27, 2024
HomeIndiaഭക്തസഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യം; ഗുരുവായൂരപ്പന് ബ്രഹ്മകലശാഭിഷേകം

ഭക്തസഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യം; ഗുരുവായൂരപ്പന് ബ്രഹ്മകലശാഭിഷേകം

ഗുരുവായൂര്‍: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശ്രീഗുരുവായൂരപ്പന് ഇന്നലെ ബ്രഹ്മകലശം അഭിഷേകം ചെയ്തു. നാരായണമന്ത്രജപം കൊണ്ടും, നാദസ്വരം, പരിശവാദ്യം, ഇടുതുടി, വീരാണം, വലിയപാണി എന്നീ വാദ്യവിശേഷങ്ങളാലും രാവിലെ 11 മണിയോടെ ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണന്‍ നമ്ബൂതിരിപ്പാടാണ് ചൈതന്യ പൂരിതമായ ബ്രഹ്മകലശം ഗുരുവായൂരപ്പന്റെ മൂലവിഗ്രഹത്തില്‍ അഭിഷേകം ചെയ്തത്.

പന്തീരടി പൂജയടക്കമുള്ള പതിവുപൂജകള്‍ കഴിഞ്ഞ ശേഷം സഹസ്രകലശം അഭിഷേകമാരംഭിച്ചു.

കലശമണ്ഡപമായ കൂത്തമ്ബലത്തില്‍ 1000 കുംഭങ്ങളില്‍ വിശിഷ്ട ദ്രവ്യങ്ങള്‍ നിറച്ച്‌ പൂജ നടത്തി ചൈതന്യവത്താക്കിയ കലശങ്ങള്‍, കീഴ്ശാന്തി നമ്ബൂതിരിമാര്‍ കൈമാറി ശ്രീലകത്തെത്തിച്ച്‌ അഭിഷേകം ചെയ്തു. മൂന്നു മണിക്കൂറോളം ചടങ്ങ് നീണ്ടുനിന്നു. തുടര്‍ന്ന് പത്തേമുക്കാലോടെ വെഞ്ചാമരം, മുത്തുക്കുട, ആലവട്ടം, നാദസ്വരമടക്കമുള്ള വാദ്യങ്ങളുടെ അകമ്ബടിയില്‍ ബ്രഹ്മകലശം ശ്രീലകത്തേക്ക് എഴുന്നെള്ളിച്ചു.

ക്ഷേത്രം ഓതിക്കന്‍ പഴയം സതീശന്‍ നമ്ബൂതിരി മുത്തുക്കുടയുടെ കീഴില്‍ ബ്രഹ്മകലശവും, മുന്നൂലം ഭവേഷ് നമ്ബൂതിരി കുംഭേശ കലശവും, ക്ഷേത്രം കീഴ്ശാന്തി തിരുവാലൂര്‍ നാരായണന്‍ നമ്ബൂതിരി കര്‍ക്കരി കലശവും ശ്രീകോവിലിലേക്ക് എഴുന്നെള്ളിച്ചു. കലശ ചടങ്ങുകള്‍ക്ക് ഇതോടെ പരിസമാപ്തിയായി.

ബ്രഹ്മകലശം എഴുന്നെള്ളിക്കുന്നതും, അഭിഷേകം ചെയ്യുന്നതും ദര്‍ശിക്കാനായി എത്തിയ ഭക്തരാല്‍ ക്ഷേത്രസന്നിധി നിറഞ്ഞുകവിഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി. നായര്‍, ക്ഷേത്രം ഡെ. അഡ്മിനിസ്‌ട്രേറ്റര്‍ പി. മനോജ്കുമാര്‍, ക്ഷേത്രം മാനേജര്‍ പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

RELATED ARTICLES

STORIES

Most Popular