Wednesday, April 24, 2024
HomeIndia'കോണ്‍ഗ്രസ് ഒറ്റയ്ക്ക് ജയിക്കും'; 2022 യുപി തിരഞ്ഞെടുപ്പിൽ സഖ്യസാധ്യത തള്ളി പ്രിയങ്ക ഗാന്ധി

‘കോണ്‍ഗ്രസ് ഒറ്റയ്ക്ക് ജയിക്കും’; 2022 യുപി തിരഞ്ഞെടുപ്പിൽ സഖ്യസാധ്യത തള്ളി പ്രിയങ്ക ഗാന്ധി

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ (Uttar Pradesh Assembly Elections) മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് (Congress) ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര (Priyanka Gandhi Vadra). ”കോണ്‍ഗ്രസിന് ജയിക്കണമെങ്കില്‍ അത് ഒറ്റയ്ക്ക് വിജയിക്കും,” 49കാരിയായ പ്രിയങ്ക ഞായറാഴ്ച പറഞ്ഞു. ബുലന്ദ്ഷഹറില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ‘പ്രതിജ്ഞ സമ്മേളനം-ലക്ഷ്യ 2022’ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ”എല്ലാ ഉത്തര്‍പ്രദേശ് നിയമസഭാ സീറ്റുകളിലേക്കും ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രമേ നാമനിര്‍ദ്ദേശം ചെയ്യൂ”, അവര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ തങ്ങളുടെ ജനപിന്തുണയുടെ അടിത്തറ ഉറപ്പിക്കുക എന്ന വെല്ലുവിളി നേരിടുകയാണ് കോണ്‍ഗ്രസ്. അതിനാല്‍ സംസ്ഥാനത്ത് സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സീറ്റുകളാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വോട്ട് ബാങ്കിന്റെ പകുതിയോളം വരുന്ന സ്ത്രീകളെ അധികാരത്തില്‍ പൂര്‍ണ പങ്കാളിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസ്, 403 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് യുപി തിരഞ്ഞെടുപ്പില്‍ 161 സീറ്റില്‍ വനിത സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്നാണ് കരുതപ്പെടുന്നത്.

സംസ്ഥാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥികള്‍ നടത്തിയ മികച്ച പ്രകടനമാണ് ഇത്തരമൊരു നീക്കത്തിന് പ്രിയങ്കയെയും പാര്‍ട്ടിയെയും പ്രേരിപ്പിക്കുന്നത്. 75 ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ 42 പേര്‍ വനിതകളാണ്. 2019ലെ കണക്കു പ്രകാരം ഉത്തര്‍പ്രദേശില്‍ 6.61 കോടി വനിതാ വോട്ടര്‍മാരും 7.79 കോടി പുരുഷ വോട്ടര്‍മാരുമുണ്ട്. രാഷ്ട്രീയ ഹൃദയഭൂമിയില്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2017ലെ തെരഞ്ഞെടുപ്പില്‍ 403 അംഗ യുപി നിയമസഭയില്‍ കോണ്‍ഗ്രസിന് ഏഴ് സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഇത്തവണ അത് തിരുത്തിക്കുറിക്കാമെന്ന് കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം.

അതേസമയം കഴിഞ്ഞ മാസം, ഉത്തര്‍പ്രദേശിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടിയുടെ തലവന്‍ അഖിലേഷ് യാദവ് സിഎന്‍എന്‍-ന്യൂസ് 18-നോട് പറഞ്ഞത്, ”വലിയ പാര്‍ട്ടികളുമായുള്ള സഖ്യത്തിന്റെ അനുഭവം കയ്‌പേറിയതായിരുന്നു. അതിനാല്‍ ഞങ്ങള്‍ ഇപ്പോള്‍ ചെറിയ പാര്‍ട്ടികളെ ഒരുമിച്ച് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു” എന്നായിരുന്നു. കോണ്‍ഗ്രസുമായോ ബിഎസ്പിയുമായോ സമാജ്വാദി പാര്‍ട്ടി സഖ്യമുണ്ടാക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഉത്തര്‍പ്രദേശ് ഉള്‍പ്പടെ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലാണ് അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അതിനാല്‍ ദേശീയ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും സജീവമായി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങൾ നടത്തുന്നു. കേന്ദ്ര ഭരണ കക്ഷിയായ ബിജെപിയും എന്‍ഡിഎ സഖ്യവും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. 2022-ലെ യുപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും ബൂത്ത് തലത്തിലുളള പ്രചാരണം ശക്തമാണെന്ന് ഉറപ്പ് വരുത്തണമെന്നും അമിത് ഷാ നേരിട്ട് സംസ്ഥാനത്തെ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. യുപി-യിലെ വിജയം 2024ലേക്കുളള തുടര്‍ഭരണത്തിന് അവസരം തുറക്കുമെന്നാണ് അമിത് ഷാ-യുള്‍പ്പടെയുള്ള ബിജെപി പാര്‍ട്ടി നേതാക്കള്‍ കരുതുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular