Saturday, July 27, 2024
HomeKeralaഭാര്യയെ തീകൊളുത്തി കൊന്ന സംഭവം: പൊള്ളലേറ്റ ഭര്‍ത്താവും മരിച്ചു

ഭാര്യയെ തീകൊളുത്തി കൊന്ന സംഭവം: പൊള്ളലേറ്റ ഭര്‍ത്താവും മരിച്ചു

ചേര്‍ത്തല: ജോലി സ്‌ഥലത്തേക്ക്‌ സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി പെട്രോളൊഴിച്ചു കത്തിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റു ചികില്‍സയിലായിരുന്ന ഭര്‍ത്താവ്‌ മരിച്ചു.

കടക്കരപ്പള്ളി പഞ്ചായത്ത്‌ 13-ാം വാര്‍ഡില്‍ വട്ടക്കരി കൊടിയശേരില്‍ ചന്ദ്രന്റെ മകന്‍ ശ്യാം ജി. ചന്ദ്രനാ(36)ണ്‌ മരിച്ചത്‌. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 7.40 നാണു മരിച്ചത്‌. ശ്യാമിനെതിരേ കൊലക്കുറ്റത്തിനു കേസെടുത്ത സാഹചര്യത്തില്‍ പോലീസ്‌ നിരീക്ഷണത്തിലായിരുന്നു ചികിത്സ. തിങ്കളാഴ്‌ച ചേര്‍ത്തല താലൂക്ക്‌ ആശുപത്രിക്കു സമീപം പെട്രോളൊഴിച്ച്‌ തീ കൊളുത്തിയതിനെ തുടര്‍ന്ന്‌ ശ്യാമിന്റെ ഭാര്യ വെട്ടയ്‌ക്കല്‍ വലിയവീട്ടില്‍ ആരതി പ്രദീപ്‌(32) മരിച്ചിരുന്നു.

അക്രമത്തില്‍ ആരതിക്ക്‌ 90 ശതമാനം പൊള്ളലേറ്റിരുന്നു. ശ്യാമിനെതിരേ പരാതിപെട്ടതിലുള്ള പകയാണ്‌ കൊലപാതകത്തിനു കാരണമെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിനു മുമ്ബും ശ്യാം ആരതിയെ ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയിട്ടുണ്ട്‌. യുവതിയുടെ പരാതിയെ തുടര്‍ന്ന്‌ പോലീസ്‌ ശ്യാമിനെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. പിന്നിട്‌ കോടതിയില്‍നിന്നും ജാമ്യം കിട്ടി. ആരതി ജോലി സ്‌ഥലത്തേക്കു പോകുമ്ബോഴാണു ശ്യാം അക്രമിച്ചത്‌.

ആരതിയുടെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ വെട്ടയ്‌ക്കലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ശാന്തകുമാരിയാണ്‌ ശ്യാമിന്റെ മാതാവ്‌. മക്കള്‍: വിശാല്‍, സിയ. മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന്‌ ഉച്ചയ്‌ക്കുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

RELATED ARTICLES

STORIES

Most Popular