Tuesday, May 7, 2024
HomeKeralaകുട്ടിയെ കണ്ടെത്തി മൂന്നുദിവസം; ദുരൂഹത ഒഴിയുന്നില്ല, അന്വേഷണത്തോട് സഹകരിക്കാതെ ബന്ധുക്കള്‍

കുട്ടിയെ കണ്ടെത്തി മൂന്നുദിവസം; ദുരൂഹത ഒഴിയുന്നില്ല, അന്വേഷണത്തോട് സഹകരിക്കാതെ ബന്ധുക്കള്‍

തിരുവനന്തപുരം: പേട്ടയില്‍ വച്ച്‌ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ബന്ധുക്കള്‍ അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്ന് ആക്ഷേപം.

കുട്ടിയെ തിരിച്ച്‌ കിട്ടിയതിനാല്‍ നാട്ടിലേക്ക് മടങ്ങിപ്പോകാൻ അനുവദിക്കണമെന്നും തുടർനടപടികളോട് താല്‍പര്യമില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ ഇന്നലെ ഡിസ്ചാർജ് ചെയ്ത് അമ്മയ്‌ക്കൊപ്പം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പൂജപ്പുര വനിതാ ശിശു വികസന ഡയറക്ടറേറ്റിലെത്തിച്ച്‌ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി ചെയർപേഴ്സണ്‍ കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കുട്ടിയെ വീണ്ടും കൗണ്‍സലിംഗ് നടത്തും.

അന്വേഷണം കഴിയുന്നതുവരെ കുട്ടി തലസ്ഥാനത്ത് തുടരണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ച ആശുപത്രിയില്‍ നിരീക്ഷണത്തില്‍ വയ്ക്കണമെന്നാണ് ആശുപത്രി അധികൃതരോട് പൊലീസ് നിർദ്ദേശിച്ചിരുന്നത്. എന്നാല്‍ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കുടുംബം എസ്‌എടി ആശുപത്രിയില്‍ ബഹളംവച്ചതിന് പിന്നാലെയാണ് കുട്ടിയെ ഡിസ്ചാർജ് ചെയ്ത് സിഡബ്ലിയുസിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.

കേസില്‍ ചോദ്യം ചെയ്യല്‍ നടത്തിയിട്ടും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും കാര്യമായ തുമ്ബൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കുട്ടിയെ കണ്ടെത്തി മൂന്നുദിവസം പിന്നിട്ടിട്ടും കേസിലെ ദുരൂഹത മാറുന്നില്ല. ബ്രഹ്മോസിന് പിൻവശത്തെ റെയില്‍വേ ട്രാക്കിനു സമീപത്തെ ഓടയ്ക്കരികില്‍ നിന്ന് കുട്ടിയെ കിട്ടിയെങ്കിലും എങ്ങനെ ഇവിടെ എത്തിയെന്നത് സംബന്ധിച്ച അന്വേഷണം തുടരുകയാണ്. കുട്ടി ഒറ്റയ്ക്ക് ഇവിടേക്ക് നടന്നെത്തിയതാകാമെന്ന പൊലീസിന്റെ അനുമാനം ബന്ധുക്കള്‍ തള്ളി.

രണ്ടുവയസുകാരിയെ സംബന്ധിച്ച രേഖകളൊന്നും മാതാപിതാക്കളുടെ കൈയിലില്ലാത്തതിനാല്‍ ഡിഎൻഎ പരശോധന നടത്താനായി കുട്ടിയുടെയും മാതാപിതാക്കളുടെയും രക്തസാമ്ബിള്‍ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. ഇവരുടെ മൂത്ത കുട്ടികളും ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. സിഡബ്ലിയുസി സംരക്ഷണയിലുള്ള കുട്ടിയെ ഇന്ന് കാണിക്കാമെന്ന് ബന്ധുക്കള്‍ക്ക് പൊലീസ് ഉറപ്പുനല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular