Saturday, July 27, 2024
HomeIndiaയുവരാജ് സിംഗ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

യുവരാജ് സിംഗ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

ന്യൂഡല്‍ഹി: സിറ്റിംഗ് എം.പിയും ബോളിവുഡ് താരവുമായ സണ്ണി ഡിയോളിനു പകരം ഇന്ത്യൻ ക്രിക്കറ്റ് മുൻതാരം യുവരാജ് സിംഗ് പഞ്ചാബിലെ ഗുരുദാസ്‌പൂരില്‍ ബി.ജെ.പി സ്ഥാനാർത്ഥിയാകുമെന്ന് സൂചന.

അടുത്തിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കു ശേഷമാണ് യുവരാജ് ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായത്.

സണ്ണി ഡിയോള്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്‌ചവച്ചിരുന്നില്ല. രാഷ്‌ട്രീയം തനിക്കു പറ്റിയ പണിയല്ലെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സണ്ണി ഡിയോള്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും ഇങ്ങനെയുള്ളവരെ ജയിപ്പിക്കരുതെന്നും ആംആദ്‌മി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ വിമർശിച്ചിരുന്നു. അന്തരിച്ച നടൻ വിനോദ് ഖന്ന ബി.ജെ.പി ബാനറില്‍ 1998, 1999, 2004, 2014 വർഷങ്ങളില്‍ ഗുരുദാസ്‌പൂർ മണ്ഡലത്തില്‍ നിന്നു ലോക്‌സഭയിലെത്തിയിരുന്നു.

സിദ്ദു വീണ്ടും ബി.ജെ.പിയിലേക്ക്?

മറ്റൊരു ക്രിക്കറ്റ് മുൻതാരം നവ്‌ജോദ് സിംഗ് സിദ്ദു കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ശക്തമായി. മൂന്ന് എം.എല്‍.എമാർക്കൊപ്പം സിദ്ദു ബി.ജെ.പിയില്‍ ചേരുമെന്നാണ് സൂചന. ബി.ജെ.പിയില്‍ നിന്നാണ് സിദ്ദു കോണ്‍ഗ്രസിലെത്തിയത്.

രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായി അടുപ്പമുണ്ടായിരുന്ന ഇദ്ദേഹം, സംസ്ഥാന കോണ്‍ഗ്രസ് ഘടകവുമായി ഉടക്കി പാർട്ടി നിർദ്ദേശങ്ങള്‍ പരസ്യമായി ലംഘിച്ചിരുന്നു. എന്നാല്‍, ബി.ജെ.പിയില്‍ ചേരാനുള്ള സാദ്ധ്യത കോണ്‍ഗ്രസ് നേതാവ് രമണ്‍ ബക്ഷി തള്ളി. അമൃത്‌സർ ഒഴികെയുള്ള മണ്ഡലത്തില്‍ നിന്നു കോണ്‍ഗ്രസ് സിദ്ദുവിനെ മത്സരിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും ചില നേതാക്കള്‍ സൂചിപ്പിച്ചു. പഞ്ചാബ് കോണ്‍ഗ്രസിലെ മുതിർന്ന നേതാവ് മനീഷ് തിവാരിയും ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹം പരന്നിരുന്നു.

RELATED ARTICLES

STORIES

Most Popular