Saturday, July 27, 2024
HomeKeralaസത്യപാല്‍ മാലിക്കിന് പിന്നാലെ സി ബി ഐ; വസതിയടക്കം 30 ഇടങ്ങളില്‍ പരിശോധന

സത്യപാല്‍ മാലിക്കിന് പിന്നാലെ സി ബി ഐ; വസതിയടക്കം 30 ഇടങ്ങളില്‍ പരിശോധന

ശ്രീനഗർ: ജലവൈദ്യുത പദ്ധതി കരാർ നല്‍കിയതിലെ അഴിമതിക്കേസില്‍ ജമ്മു കാശ്മീർ മുൻ ഗവർണർ സത്യപാല്‍ മാലിക്കുമായി ബന്ധപ്പെട്ടയിടങ്ങളില്‍ സി ബി ഐ പരിശോധന.

അദ്ദേഹത്തിന്റെ വസതിയടക്കം മുപ്പതിടങ്ങളിലാണ് പരിശോധന നടത്തുന്നതെന്നാണ് റിപ്പോർട്ടുകള്‍.

ഇന്ന് രാവിലെയാണ് സി ബി ഐ റെയ്ഡ് ആരംഭിച്ചത്. നൂറിലധികം സി ബി ഐ ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്. ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് 2,200 കോടി രൂപയുടെ കരാർ നല്‍കിയതില്‍ അഴിമതി നടന്നെന്നാണ് കേസ്.

കരാർ നല്‍കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മാലിക്ക് ഉള്‍പ്പടെ അഞ്ച് പേർക്കെതിരെ 2022 ഏപ്രിലിലാണ് സി ബി ഐ കേസെടുത്തത്. 2018 ഓഗസ്റ്റ് 23 നും 2019 ഒക്ടോബർ 30വരെ ജമ്മു കാശ്മീർ ഗവർണർ ആയിരുന്നു മാലിക്ക്. പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ക്ലിയർ ചെയ്യുന്നതിനായി 300 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

അതേസമയം, കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മാലിക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. തന്റെ അസുഖം പോലും വകവയ്ക്കാതെയാണ് സ്വേച്ഛാധിപത്യ ശക്തികള്‍ റെയ്ഡ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുമ്ബ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തയാളായിരുന്നു മാലിക്ക്. എന്നാല്‍ പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ കുറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹം രംഗത്തെത്തിയതോടെ ബന്ധത്തില്‍ വിള്ളല്‍ വീണു. 40 സി ആർ പി എഫ് ജവാന്മാർ വീരമൃത്യു വരിച്ചത് സുരക്ഷാവീഴ്ചയാണെന്നും ഇക്കാര്യം മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അത് പുറത്തുവിടരുതെന്ന് നിർദേശിച്ചെന്നുമായിരുന്നു മാലിക്കിന്റെ വെളിപ്പെടുത്തല്‍.

RELATED ARTICLES

STORIES

Most Popular