Saturday, May 11, 2024
HomeKeralaകോളേജ് വിദ്യാര്‍ഥിയുടെ ആത്മഹത്യ: റാഗിങ്ങിന് കേസ്; യൂണിയൻ ഭാരവാഹികളും SFI യൂണിറ്റ് സെക്രട്ടറിയും പ്രതി

കോളേജ് വിദ്യാര്‍ഥിയുടെ ആത്മഹത്യ: റാഗിങ്ങിന് കേസ്; യൂണിയൻ ഭാരവാഹികളും SFI യൂണിറ്റ് സെക്രട്ടറിയും പ്രതി

ല്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ബി.വി.എസ്സി. രണ്ടാംവർഷ വിദ്യാർഥി സിദ്ധാർഥനെ (21) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപാഠികളടക്കം 12 വിദ്യാർഥികളുടെ പേരില്‍ റാഗിങ്ങിന് കേസെടുത്തു.

കോളേജ് യൂണിയൻ പ്രസിഡന്റ് കെ. അരുണ്‍, ഭാരവാഹി എൻ. ആസിഫ് ഖാൻ (20), എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാൻ (20), കെ. അഖില്‍ (23), ആർ.എസ്. കാശിനാഥൻ (19), അമീൻ അക്ബർ അലി (19), സിൻജോ ജോണ്‍സണ്‍ (20), ജെ. അജയ് (20), ഇ.കെ. സൗദ് റിസാല്‍ (22), എ. അല്‍ത്താഫ് (22), വി. ആദിത്യൻ (22), എം. മുഹമ്മദ് ഡാനിഷ് (22) എന്നിവരുടെ പേരിലാണ് കേസെടുത്തത്. ഇതില്‍ നാലുപേർ സിദ്ധാർഥന്റെ ക്ലാസില്‍ പഠിക്കുന്നവരാണ്. 12 വിദ്യാർഥികളെയും അന്വേഷണവിധേയമായി കോളേജില്‍നിന്ന് സസ്പെൻഡ് ചെയ്തു.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർഥനെ കഴിഞ്ഞ 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തർക്കത്തെത്തുടർന്ന് 16-നും 17-നും കോളേജില്‍വെച്ച്‌ സിദ്ധാർഥന് മർദനവും പരസ്യവിചാരണയും നേരിടേണ്ടിവന്നുവെന്നാണ് ആരോപണം. അസ്വാഭാവികമരണത്തിന് പോലീസ് നേരത്തേ കേസെടുത്തിരുന്നു. ആത്മഹത്യാപ്രേരണ ഉള്‍പ്പെടെയുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. കേസ് കല്പറ്റ ഡിവൈ.എസ്.പി.ക്ക് ശനിയാഴ്ച കൈമാറും.

സിദ്ധാർഥനെ വിദ്യാർഥികള്‍ മർദിക്കുകയും പരസ്യവിചാരണ ചെയ്യുകയും ചെയ്തതായി ആരോപണമുയർന്നിരുന്നു. സിദ്ധാർഥൻ റാഗിങ്ങിന് ഇരയായെന്നു കാണിച്ച്‌ ദേശീയ റാഗിങ് വിരുദ്ധസമിതി (നാഷണല്‍ ആന്റി റാഗിങ് കമ്മിറ്റി) മുമ്ബാകെ പരാതിയുമെത്തിയിരുന്നു. സർവകലാശാലയിലെ റാഗിങ് വിരുദ്ധ സമിതി യോഗം ചേർന്ന് പോലീസിലും റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് റാഗിങ്ങിന് നടപടിയെടുത്തത്. സിദ്ധാർഥന്റെ പോസ്റ്റ്മോർട്ടത്തിലും ആത്മഹത്യചെയ്യുംമുമ്ബ് ഭീകരമായ മർദനമേറ്റതായി സൂചനയുണ്ട്.

വിഷയത്തില്‍ സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട് വിദ്യാർഥിസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം നെടുമങ്ങാട് കൊറക്കോട് ‘പവിത്രം’ വീട്ടില്‍ ജയപ്രകാശിന്റെയും ഷീബയുടെയും മകനാണ് സിദ്ധാർഥൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular