Saturday, July 27, 2024
HomeKeralaആശുപത്രിയിലുള്ള സുഹൃത്തിനെ കാണാൻ മദ്യവും കഞ്ചാവുമായെത്തി, കാറില്‍ കറക്കം;പിടിയിലായപ്പോള്‍ ആത്മഹത്യാനാടകം

ആശുപത്രിയിലുള്ള സുഹൃത്തിനെ കാണാൻ മദ്യവും കഞ്ചാവുമായെത്തി, കാറില്‍ കറക്കം;പിടിയിലായപ്പോള്‍ ആത്മഹത്യാനാടകം

ഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുഹൃത്തിന് കൂട്ടുകാർ കൊണ്ടുവന്നുനല്‍കിയത് മദ്യവും കഞ്ചാവും.

വ്യാഴാഴ്ച രാത്രി പതിനൊന്നുമുതല്‍ വെള്ളിയാഴ്ച പുലർച്ചെ മൂന്നുവരെ ആശുപത്രിയിലെ ആറാംവാർഡിലും പരിസരത്തും സംഘം കഞ്ചാവ് ലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 180-ലധികം രോഗികള്‍ കിടക്കുന്ന ആറാംവാർഡിലാണ് സംഭവം.

സുരക്ഷാ ജീവനക്കാരും പോലീസും ആശുപത്രിയിലെ മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരും ചേർന്ന് നാലുപേരെ പോലീസിന് കൈമാറി. ഇതിനിടെ മദ്യലഹരിയില്‍ രോഗിയുടെ തൂങ്ങിച്ചാകല്‍ നാടകം മറ്റ് രോഗികളുടെ ഉറക്കംകെടുത്തി.

ആശുപത്രിയിലെ ആറാംവാർഡില്‍ ശ്വാസകോശ പ്രശ്നങ്ങളടക്കം നിരവധി രോഗങ്ങളുമായിട്ടാണ് ആലപ്പുഴ തൊണ്ടൻകാട്, രേഷ്മനിവാസില്‍ രാഹുല്‍ (35)നെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി 11-ന് ആലപ്പുഴയില്‍നിന്ന് എത്തിയ ആറംഗസംഘം രാഹുലിനെ കാണാൻ എത്തി. രണ്ടുപേർക്കുമാത്രമാണ് സുരക്ഷാ ജീവനക്കാർ അനുവാദം നല്‍കിയത്. ഇവർ ആറാംവാർഡില്‍നിന്ന് വീല്‍ചെയർ എടുത്ത് അത്യാഹിത വിഭാഗത്തില്‍ സ്കാനിങ്ങിനെന്ന് പറഞ്ഞ് രാഹുലിനെ പുറത്തേക്ക് കൊണ്ടുപോയി.

അത്യാഹിത വിഭാഗത്തിന് സമീപം വീല്‍ചെയർ ഇട്ടശേഷം കാറില്‍ രാഹുലുമായി പുറത്തുപോവുകയും കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയുംചെയ്തു.മദ്യലഹരിയിലായ രാഹുലിനെ നാലുപേർ ചേർന്ന് ആറാംവാർഡിലെ കിടക്കയില്‍ കൊണ്ട് കിടത്തി. ശേഷം വാർഡിലെ ശൗചാലയത്തില്‍ സംഘം മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും നടത്തി. ഇവിടെയെത്തിയ മറ്റ് രോഗികളുടെ ബന്ധുക്കളോട് കയർത്തു. ഇതോടെ സുരക്ഷാജീവനക്കാർ ഇടപെട്ടു.

ഇവരെയും ആശുപത്രി ജീവനക്കാരെയും ആക്രമിക്കുമെന്ന ഘട്ടംവന്നപ്പോള്‍ പോലീസ് സഹായകേന്ദ്രത്തിലും ഗാന്ധിനഗർ പോലീസിലും അറിയിച്ചു. പോലീസെത്തി നാലുപേരെയും സ്റ്റേഷനിലേക്ക് മാറ്റി.കാര്യങ്ങള്‍ ഒന്നടങ്ങിയപ്പോഴാണ് രാഹുല്‍ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. മദ്യലഹരിയില്‍ കിടക്കയില്‍ അസഭ്യംപറയുകയും അക്രമാസക്തനാവുകയുംചെയ്ത രാഹുല്‍ കൈയിലുണ്ടായിരുന്ന തോർത്ത് ഉപയോഗിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. വാർഡിലെ ഓക്സിജൻ സപ്ലൈ ലൈനിലെ പൈപ്പില്‍ തോർത്ത് ഉപയോഗിച്ച്‌ തൂങ്ങാനാണ് ശ്രമിച്ചത്. നാലുപേരും ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും വിവിധ കേസുകളില്‍ പ്രതിയാണെന്ന് ഗാന്ധിനഗർ എസ്.എച്ച്‌.ഒ. കെ.സിനോദ് പറഞ്ഞു. ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്.

RELATED ARTICLES

STORIES

Most Popular